Image

ഉസാമയെ അല്‍ ഖ്വെയ്ദ തഴഞ്ഞിരുന്നെന്നു വെളിപ്പെടുത്തല്‍

Published on 09 March, 2012
ഉസാമയെ അല്‍ ഖ്വെയ്ദ തഴഞ്ഞിരുന്നെന്നു വെളിപ്പെടുത്തല്‍
റാവല്‍പിണ്ടി:പ്രായാധിക്യം കൊണ്ട് മനസ്സും ശരീരവും തളര്‍ന്ന ഉസാമ ബിന്‍ ലാദനെ നേതൃസ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താന്‍ അല്‍ഖ്വെയ്ദ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സംഘടനയിലും കുടുംബത്തിലും ഒറ്റപ്പെട്ട് അവശനായിരിക്കേയാണ് ഉസാമ വധിക്കപ്പെട്ടതെന്ന് പാകിസ്താന്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച ബ്രിഗേഡിയര്‍ ഷൗക്കത്ത് ഖാദിര്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നു. 

അല്‍ ഖ്വെയ്ദയുടെ തലച്ചോറെന്ന് അറിയപ്പെടുന്ന അയ്മന്‍ അല്‍ സവാഹിരിയാണ് ഉസാമയെ നേതൃസ്ഥാനത്തുനിന്നും മാറ്റി നിര്‍ത്താനുള്ള തീരുമാനമെടുത്തത്. 2003 ഓടെ അദ്ദേഹത്തെ തീവ്രവാദ സംഘടനയുടെ നേതൃസ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്താന്‍ അതിനു രണ്ടു വര്‍ഷം മുമ്പാണ് സംഘടന തീരുമാനിച്ചത്. ഉസാമയുടെ അസുഖത്തില്‍ സവാഹിരിക്ക് അതിയായ ദുഃഖമുണ്ടായിരുന്നു. സപ്തംബര്‍ 11ന് അമേരിക്കയില്‍ നടത്തിയ ആക്രമണത്തിനു ശേഷമാണ് ഉസാമയ്ക്ക് ഓര്‍മ നഷ്ടപ്പെട്ടു തുടങ്ങിയതെന്നും പുസ്തകത്തില്‍ പറയുന്നു.

സൗദി അറേബ്യക്കാരിയായ ആദ്യ ഭാര്യയാണ് ഉസാമയെ അമേരിക്കന്‍ പട്ടാളത്തിന് ഒറ്റിക്കൊടുത്തതെന്നും പുസ്തകത്തില്‍ പറയുന്നു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുകഴിഞ്ഞിരുന്ന ഉസാമ പിന്നീട് ആബട്ടാബാദ് സുരക്ഷിത സ്ഥലമായി തിരഞ്ഞെടുത്തു. അവിടെ വെച്ച് മൂന്നാമത്തെ ഭാര്യയും യെമന്‍കാരിയുമായ അമല്‍ അബ്ദുള്‍ഫത്തയില്‍ രണ്ടു കുട്ടികളുണ്ടായി. രണ്ടു ഭാര്യമാരുമൊത്ത് കഴിഞ്ഞ ഉസാമയുടെ അടുത്ത് 2011 മാര്‍ച്ചില്‍ ആദ്യഭാര്യ ഖൈരിയ എത്തിയതോടെ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് ഉസാമ കൊല്ലപ്പെടുന്നത്. മറ്റൊരു സൗദി ഭാര്യയിലുണ്ടായ മകന്‍ ഖാലിദ് ഇവര്‍ ഒറ്റുകാരിയാണെന്ന് ഉസാമയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായും ഖാദിറിന്റെ പുസ്തകത്തിലുണ്ട്. 

അതിനിടെ ഉസാമയുടെ മൂന്നു ഭാര്യമാരേയും കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചില്ലെങ്കില്‍ സര്‍ക്കാര്‍, പോലീസ്, സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് പാക് താലിബാന്‍ ഭീഷണി മുഴക്കി. ഉസാമയുടെ കുടുംബത്തിനെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. 

ഉസാമയുടെ മൃതദേഹം കടലിലല്ല അമേരിക്കയിലാണ് സംസ്‌കരിച്ചതെന്ന് 'ഡെയ്‌ലിമിറര്‍' റിപ്പോര്‍ട്ടു ചെയ്തു. രഹസ്യാന്വേഷണ വിശകലന സ്ഥാപനത്തില്‍ നിന്നും ചോര്‍ന്നു കിട്ടിയ ഇമെയിലുകളിലാണ് ഇതു സംബന്ധിച്ച സൂചനകളുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക