Image

വര്‍ധിപ്പിച്ച ചികിത്സാ ഫീസ് പുനരവലോകനം നടത്തും: കുവൈത്ത് ആരോഗ്യമന്ത്രാലയം

Published on 25 October, 2017
വര്‍ധിപ്പിച്ച ചികിത്സാ ഫീസ് പുനരവലോകനം നടത്തും: കുവൈത്ത് ആരോഗ്യമന്ത്രാലയം
 
കുവൈത്ത് സിറ്റി : വര്‍ധിപ്പിച്ച ചികിത്സാ ഫീസ് സംബന്ധിച്ച കാര്യത്തില്‍ മൂന്നുമാസത്തിനുശേഷം പുനരവലോകനം നടത്തുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. വിദേശികളുടെ ചികിത്സാ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് കരുതുന്നു. 

ഈ മാസം ഒന്നു മുതലാണ് പുതിയ നിരക്ക് നിലവില്‍ വന്നത്. നിരക്ക് വര്‍ധന നടപ്പിലാക്കിയതിനുശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയാകും അണ്ടര്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതി തീരുമാനമെടുക്കകയെന്ന് ആരോഗ്യമന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ കശമി അറിയിച്ചു. നിരക്കു വര്‍ധന പ്രാബല്യത്തില്‍ വന്നശേഷം ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ 30 ശതമാനം കുറവ് വന്നതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടു ദിനാറിനു ലഭ്യമായ സൗകര്യം ഇപ്പോള്‍ പത്തും അതില്‍ കൂടുതലും ദിനാര്‍ ചെലവിലാണു വിദേശികള്‍ക്കു ലഭിക്കുന്നത്. നിരക്കുവര്‍ധന കാരണം പതിവു പരിശോധനയ്ക്കായുള്ള സന്ദര്‍ശനം ഒഴിവാക്കുന്ന വിദേശികളുമുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പുതിയ നീക്കമെന്നാണ് സൂചനയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ആരോഗ്യസേവന നിരക്ക് വര്‍ധിപ്പിച്ച നടപടി രാജ്യത്തെ വിനോദസഞ്ചാര മേഖലക്ക് തിരച്ചടിയാണെന്ന് ടൂറിസം മേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക