Image

സമാധാനത്തിന്റെ കാവലാളാവുക. ഡോ. അമാനുള്ള വടക്കാങ്ങര

Published on 25 October, 2017
സമാധാനത്തിന്റെ കാവലാളാവുക. ഡോ. അമാനുള്ള വടക്കാങ്ങര
 
ദോഹ: രാജ്യങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും എന്നല്ല കുടുംബങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും സമാധാനപരമായ സഹവര്‍ത്തിത്വവും സഹകരണവും നിലനിക്കുന്‌പോഴേ അവിരതമായ പുരോഗതി സാക്ഷാല്‍ക്കരിക്കാനാവുകയുള്ളൂവെന്നും ഓരോരുത്തരും സമാധാനത്തിന്റെ കാവലാളാവണമെന്നാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും മീഡിയ പ്ലസ് സിഇഒ ഡോ. അമാനുള്ള വടക്കാങ്ങര അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്ത് നടക്കുന്ന യുദ്ധങ്ങളും കലഹങ്ങളും പുരോഗതിയില്‍ നിന്നും മനുഷ്യകുലത്തെ പിറകോട്ട് വലിക്കുക മാത്രമല്ല നാം നേടിയെടുക്കുന്ന പലതും നഷ്ടപ്പെടുത്തുകയും ചെയ്യും. മാനവ രാശിക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാക്കുന്ന ചെറുതും വലുതുമായ എല്ലാ കുഴപ്പങ്ങളും കലാപങ്ങളും അവസാനിപ്പിച്ച് ക്രിയാത്മകമായ പാതയില്‍ മുന്നോട്ട് സഞ്ചരിക്കുവാനുള്ള വഴിയൊരുക്കുക എന്നത് ഏറെ പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് ഐക്യ രാഷ്ട്ര സംഘടന ദിനം പ്രസക്തമാകുന്നത്, അദ്ദേഹം പറഞ്ഞു. 

പരിസ്ഥി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, സംഘര്‍ഷങ്ങള്‍, ന്യൂക്ലിയര്‍ മാലിന്യങ്ങള്‍, കാര്‍ബണ്‍ വികിരണം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് മനുഷ്യന്റെ സമാധാനപരമായ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നതെന്നും ലോകര്‍ക്കാകമാനം സമാധാനമെന്ന മഹത്തായ ആശയമാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുഖമുദ്രയെന്നും പരിപാടിയില്‍ സംസാരിച്ച ബന്ന ചേന്ദമംഗല്ലൂര്‍ പറഞ്ഞു. ജൗഹറലി തങ്കയത്തില്‍, പി.കെ. റബീഹ് ഹുസൈന്‍ തങ്ങള്‍ സംസാരിച്ചു. മുഹമ്മദ് റഫീഖ്, അഫ്‌സല്‍ കിളയില്‍, ജോജിന്‍ മാത്യു, ശരണ്‍ എസ് സുകു, ഹിഷാം പി, സഅദ് അമാനുള്ള, കാജാ ഹുസന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക