Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി

മണ്ണിക്കരോട്ട് Published on 25 October, 2017
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഒക്ടോബര്‍ സമ്മേളനം 15-ഞായര്‍ വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ ദേശി റെസ്റ്റൊറന്റില്‍ സമ്മേളിച്ചു. ജി. പുത്തന്‍കുരിശ് അവതരിപ്പിച്ച ‘ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി’ എന്ന വിഷയത്തെക്കുറിച്ച് പൊതു ചര്‍ച്ചയും ജോസഫ് തച്ചാറ അവതരിപ്പിച്ച ‘രാജി’ എന്ന കഥയുമായിരുന്ന പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ കൂടിവന്ന എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. കൂടാതെ ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയങ്ങളെക്കുറിച്ച് ചുരുക്കമായി സംസാരിച്ചു. ഒക്ടോബര്‍ 2-നു കഴിഞ്ഞ ഗാന്ധിജയന്തിയെ അനുസ്മരിച്ചുകൊണ്ടാണ് ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചതെന്ന് മണ്ണിക്കരോട്ട് അറിയിച്ചു. ബാബു തെക്കെക്കരയായിരുന്നു മോഡറേറ്റര്‍.

തുടര്‍ന്ന് ജി. പുത്തന്‍കുരിശ് ഗാന്ധിയന്‍ ചിന്തകളും ഈ നൂറ്റാണ്ടില്‍ അതിന്റെ പ്രസക്തിയെക്കുറിച്ചും പ്രാരംഭ പ്രഭാഷണം നടത്തി. ഗാന്ധിജിയുടെ വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളും ചിന്തകളും തത്വങ്ങളും അദ്ദേഹത്തിന്റെ ജീവിതകാലത്തു മാത്രമല്ല ഇന്നും പ്രസക്തമാണ്. അദ്ദേഹത്തിന്റെ അക്രമരാഹിത്യ സിദ്ധാന്തത്തിലൂടെ അല്ലാതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടാന്‍ കഴിയുമായിരുന്നില്ലെന്ന് അന്നെന്നപോലെ ഇന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. ഗാന്ധിജിയുടെ ജീവിതശൈലിയാണ് ഈ വിശ്വാസത്തിലേക്ക് ജനങ്ങളെ നയിച്ചത്. പുത്തന്‍കുരിശിന്റെ പ്രഭാഷണത്തില്‍ ഇക്കാര്യങ്ങള്‍ മുഴങ്ങിക്കേട്ടു. അദ്ദേഹം തുടര്‍ന്നു.

“ആധുനികലോകം ഒരു പുതിയ വഴിത്തിരിവിലാണ്. ആറ്റം ബോംബിന്റെയും ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ മനുഷ്യന്‍ മനുഷ്യനെ ഉന്മൂലനാശം വരുത്തുവാന്‍ ശ്രമിക്കുമ്പോഴും, സമാധാനത്തിന്റെ മാര്‍ഗ്ഗങ്ങളെ അവലംബിച്ച് പാറ്റണ്‍ ടാങ്കുകളുടെയും ചീറിപ്പാഞ്ഞുവരുന്ന ഉണ്ടകളുടെയും മുമ്പില്‍ വിരിമാറ് കാട്ടിനില്ക്കുന്ന ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാരെ കാണുമ്പോള്‍ അക്രമരാഹിത്യം ഏതു കാലഘട്ടത്തിലും പ്രായോഗികമാക്കുവാന്‍ കഴിയുമെന്ന് കാട്ടിത്തന്ന ഗാന്ധിജിയെ ആര്‍ക്ക് വിസ്മരിക്കാന്‍ കഴിയും? ജീവിതയാത്രയില്‍ എവിടെയങ്കിലും ഗാന്ധിയന്‍ ചിന്തകളുടെയും വീക്ഷണങ്ങളുടെയും പ്രയോക്താവാകാന്‍ സാധിക്കുമെങ്കില്‍ ഈ മഹാത്മാവിന് അതിലുപരി മറ്റെന്ത് പിറന്നാള്‍ സമ്മാനമാണ് ഭാരതീയ പാരമ്പര്യമുള്ള നമ്മള്‍ക്ക് നല്‍കാന്‍ കഴിയുക?“ പുത്തന്‍കുരിശിന്റെ പ്രഭാഷണത്തില്‍ നിന്ന്.

ചര്‍ച്ച തികച്ചും സജീവമായിരുന്നു. സദസ്യരെല്ലാം തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ശക്തികൊണ്ട് ബ്രട്ടീഷ് സാമ്രാജ്യത്തെ തോല്‍പ്പിക്കാനൊ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടാനൊ ഒരിക്കലും സാധ്യമായിരുന്നില്ല. ഗാന്ധജി വിഭാവനംചെയ്ത അഹിംസ, സത്യഗ്രഹം, നിസ്സഹകരണം മുതലായ സമര പരിപാടികളില്‍കൂടി മാത്രമെ പ്രത്യേകിച്ച് അക്കാലത്ത് സ്വാതന്ത്ര്യം സാദ്ധ്യമായിരുന്നുള്ളുവെന്ന് ഇന്നും ജനങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കൊലയാളിയെപ്പോലും ആദരിക്കുകയും ആരാധിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന കൂട്ടരും ഇന്ന് ഇന്ത്യയില്‍ സജീവമാണെന്ന വാര്‍ത്ത തികച്ചും ദുഃഖകരമാണ്.

ലോകമെല്ലാം ആദരിക്കുന്ന ഒരു വ്യക്തിയാണ് മഹാത്മഗാന്ധി. ആയുധമില്ലാതെ ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിച്ച വ്യക്തി. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ അദ്ദഹത്തിന്റെ സിദ്ധാന്തങ്ങള്‍ നടപ്പാകുമൊയെന്ന് സദസ്യരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള കാലത്ത്? എന്നാല്‍ ഗാന്ധിയന്‍ സിദ്ധാന്തങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ലോകത്ത് ഇങ്ങനെയൊരു അവസ്ഥ ഒഴിവാക്കാമായിരുന്നില്ലേ എന്ന് മറുപടിയും ഉണ്ടായി.

തുടര്‍ന്ന് ജോസഫ് തച്ചാറ ‘രാജി’ എന്ന ചെറുകഥ അവതരിപ്പിച്ചു. ജോര്‍ജ് ജോസഫ് വിജിലന്‍സില്‍ ഉയര്‍ന്ന നിലയിലുള്ള ഒരു ഉദ്യോഗസ്ഥനാണ്. കുറ്റാന്വേഷണമാണ് അദ്ദേഹം പ്രധാനമായും ചെയ്യുന്നത്. എന്നാല്‍ സത്യസന്തമായി ജോലിചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് സമൂഹത്തില്‍നിന്നും പ്രത്യേകിച്ച് സ്വന്തം സമുദായത്തില്‍നിന്നും ഭരണകൂടത്തില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുറ്റം തെളിയുമെന്നാകുമ്പോള്‍ ഉയര്‍ന്ന രാഷ്ട്രീയക്കാരില്‍നിന്നൊ മോലുദ്യോഗസ്ഥരില്‍നിന്നൊ സമ്മര്‍ദ്ദമുണ്ടാകുന്നു. അവിടെ അദ്ദേഹം നിരുത്സാഹപ്പെടുന്നു. അവസാനം ജോലി രാജിവയ്‌ക്കേണ്ട അവസ്ഥ ഉണ്ടാകുകയാണ്.

തുടര്‍ന്ന് ഈ കഥയെക്കുറിച്ച് സജീവമായ ചര്‍ച്ചനടന്നു. എ.സി. ജോര്‍ജ്, പൊന്നു പിള്ള, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, കെ.ജെ തോമസ്, ഷിജു ജോര്‍ജ്, സൈമണ്‍ വാളശ്ശേരി, സലിം അറയ്ക്കല്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.
ജി. പുത്തന്‍കുരിശിന്റെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു. അടുത്ത സമ്മേളനം നവംബര്‍ 12-നും ഡിസംബര്‍ 10-നും ആയിരിക്കും.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തിമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തിമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തിമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക