Image

അമ്മേടെ പുന്നാര പൊന്നുമോള്‍.... (ഗദ്യകവിത: ബെന്നി ന്യൂജേഴ്‌സി)

ബെന്നി ന്യൂജേഴ്‌സി Published on 26 October, 2017
അമ്മേടെ പുന്നാര പൊന്നുമോള്‍....    (ഗദ്യകവിത: ബെന്നി ന്യൂജേഴ്‌സി)
മോനേ..
ഇന്നലെ രാവിന്റെ നിശബ്ദയാമത്തിലൊരു
നിഗൂഢ ദുഃസ്വപ്നമെന്നെ വേട്ടയാടി.

നരകേറി വെളളിച്ച മുടിയുമായ്
പോരാഞ്ഞ്, വെള്ളെഴുത്തിന്‍ വല്യ കണ്ണടയും.
സന്ധ്യാനമസ്‌ക്കാര മുന്‍പേ ഇച്ചാച്ചന്‍ കല്പിച്ച
അന്‍പത്തൊന്നാം സങ്കീര്‍ത്തനം
തപ്പിത്തടഞ്ഞും നീ വായിക്കുന്നു!


മാറത്തു ചേര്‍ത്ത അമൃത് നല്‍കും ധന്യമുഹൂര്‍ത്തങ്ങളില്‍
എത്രയോ കിനാക്കളായിരുന്നീ അമ്മയ്ക്ക്.


മഴക്കാലം ഒട്ടേറെ വന്നുപോയിട്ടും
'മൂന്നോമ്പു' പെരുന്നാളുമേറെ കൊടിയിറങ്ങീട്ടും
മ്മടെ പുരയുടെ മുറ്റത്തു മാത്രമില്ലാ
കല്ല്യാണ പന്തലും കൊട്ടും കുരവയും.


നിന്റെ 'അന്തം ചാര്‍ത്തി'നായ് വീടു കൊതിക്കുന്നു.
കസവു സാരിയണിഞ്ഞു, ചമഞ്ഞൊരുങ്ങി
വ്യാഴവട്ടങ്ങളായ് കാത്തിരിക്കുന്നുയീ അമ്മ.


കല്ല്യാണരാവതില്‍, മുറ്റത്തെ പന്തലില്‍
കോല്‍വിളക്കിന്‍ തിരിനാളം കണിയായ്
കുട ചൂടിച്ച്, സതീര്‍ത്ഥ്യരാല്‍ അനുഗതനായ്
അലങ്കരിച്ച 'മണവാള' പീഠത്തിലേക്ക് ആനയിക്കുന്നതും,
പനം പാനിയില്‍ മുറിച്ചിട്ട ഞാലിപൂവന്‍ പഴം
മധുരമായി തരുന്നതും,
ഓട്ടു തളികയിലെ 'വാഴ്ത്തിയ' വെള്ളത്തിലെ
നെല്‍മണിയെടുത്ത് നെറ്റിയില്‍ കുരിശു വരക്കുന്നതും
ആശ്ലേഷിച്ചനുഗ്രഹിച്ച് തഴുകിയിരുത്തുന്നതും..


പിറ്റേന്ന്,
ചാച്ചനും അമ്മയും
മണവാള ചെക്കന്റെ ഇടം വലമായി
ഇടവക പള്ളീലേ അള്‍ത്താരേക്ക്.
മോതിരം കൈമാറി, മിന്നുകെട്ടിച്ച്,
'വിരിപ്പാവു' പുതപ്പിച്ച്
'അവകാശി'യായി കുഞ്ഞുപെങ്ങളുമരികെ.
മണവാട്ടിയുമായി തറവാട്ടിലേക്ക്
പനിനീര്‍ തളിച്ച്, എതിരേറ്റ്,
വലതുകാല്‍ വച്ച് പടികയറ്റാന്‍ നാത്തൂന്മാരും,
മധുരം കൊടുത്തവളെ മണിയറയിലേക്ക് വിടുന്നതും....


കുഞ്ഞേ..
കന്നിക്കൊയ്ത്തു കഴിഞ്ഞാ മുറ്റത്തെ കച്ചിക്കൂട്ടില്‍
ഒളിച്ചു നീ കളിച്ചതും.
മാനത്തെ അമ്പിളി മാമനെ കാണിച്ചു തരാതെ
'അമ്മേ, ഞാനീ 'ഇങ്കു' കൂടിക്കൂല്ലെ'ന്ന് വാശിപിടിച്ചതും.
തെക്കിനി കോണിലെ മൂവാണ്ടന്‍ മാമ്പാഴം
'പള്ളപ്പൂള്‍' വേണോന്നു കൊഞ്ചി പറഞ്ഞതും.
പാടത്തെ പണിക്കാരെ നോക്കുവാന്‍ പോകുന്ന
ചാച്ചന്റെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി
ഓലപീപ്പി വിളിച്ചു നിഴലൊപ്പം പോണതും.
കുഞ്ഞാച്ചന്‍ കൊണ്ടോന്ന വര്‍ണ്ണ പൂക്കുപ്പായം
ഇട്ടോണ്ടേ പള്ളീലു പോകൂന്ന് കരഞ്ഞതും.


ഹാ! 'മോന്റെ കുഞ്ഞോമനയെ ലാളിച്ചേ തിരികെ
വിളിക്കാവോയെ' യെന്ന്
'കൃപ നിറഞ്ഞ കന്യാശ്രീയമ്മേ...' പലനേരം പലവട്ടം
ഉരുവിട്ട് കേഴുന്നു ദിനം തോറും.
എത്ര ദിനരാത്രങ്ങളെത്ര സംവല്‍സരങ്ങള്‍
പുന്നാര കുഞ്ഞിനെയോര്‍ത്തമ്മ സ്വപ്നങ്ങള്‍ നെയ്തു!


ആദ്യമായ് പള്ളിയില്‍ കൊണ്ടുപോകുന്നതും
'തലതൊട്ടമ്മ'യായ് ഏറ്റു ചൊല്ലുന്നതും.
മാമ്പഴം പെറുക്കുവാന്‍ പിറകെയോടുന്നതും.
മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും
കൂടെ കളിക്കുന്നതും, കഥ പറഞ്ഞുറക്കുന്നതും!


കാലമാം അശ്വം ദാക്ഷണ്യമില്ലാതെ
മുന്നോട്ടു മുന്നോട്ടു പായുന്നല്ലോ നിര്‍ഭയം!
നെഞ്ചിന്റെയുള്ളിലെ തീക്കനലാരോ
പിന്നെയെും പിന്നെയെും ഊതി ജ്വലിപ്പിക്കുന്നു.


എന്നാണെന്‍ പൊന്നൂട്ടനൊരു
പുതുമണവാളനായീ വന്നീ
അമ്മയെയനുഗ്രഹിക്കാ, എന്‍ പൊന്നോമനേ..
എവിടെയാണമ്മ തന്‍ പ്രാണനാം പുന്നാര പൊന്നുമോള്‍?


കണ്ണടയും മുന്‍പേ,
തങ്കത്തെയെടുത്തു കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്ത്
തൊട്ടിലിലാട്ടി, താരാട്ടു പാടിയുറക്കീട്ടു,
കര്‍ത്താവു വിളിക്കുമ്പോളൊരു അമ്മൂമ്മയായ്
ഈ ജന്മം സാഫല്യമായ്, ഇവിടെന്ന് വിടചൊല്ലാന്‍
കനിയണേ, 'ഉമ്മിക്കുന്നി'ലെ ഏലിയാവു മുത്തപ്പാ..


*****************
മൂന്നോമ്പു: മൂന്നു നൊയമ്പ് പെരുന്നാള്‍.
അന്തം ചാര്‍ത്ത്: മദ്ധ്യകേരളം (എറണാകുളം പരിസരം) സുറിയാനി കൃസ്ത്യാനികളുടെ (യാക്കോബായഓര്‍ത്തഡോക്‌സ്) വീടുകളില്‍ കല്ല്യാണത്തിന്റെ തലേന്നുള്ള പ്രസിദ്ധമായ ഒരാചാരം.
വിരിപ്പാവ്: മന്ത്രകോടി, പുടവ.
ഉമ്മിക്കുന്ന്: പിറവത്തിനടുത്തുള്ള പുരാതീനമായ ഒരു തീര്‍ത്ഥാടന കേന്ദ്രം.
(Painting: Praying Mother - Artist: Mathew Ajith Simon - Ernakualm - BTech Architect - 2nd Year))

അമ്മേടെ പുന്നാര പൊന്നുമോള്‍....    (ഗദ്യകവിത: ബെന്നി ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക