Image

ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

Published on 09 March, 2012
ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു
പനാജി:ഗോവയില്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. മന്ത്രിസഭ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

പരീക്കര്‍ക്കൊപ്പം 11 മന്ത്രിമാരാണ് ചുമതലയേറ്റത്. പനാജിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നാം തവണയാണ് മനോഹര്‍ പരീക്കര്‍ ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്. 2005ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മന്ത്രിസഭയിലെ അംഗങ്ങളെല്ലാം വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തവരിലുള്‍പ്പെടുന്നു.

ബോംബെ ഐ.ഐ.ടി.യില്‍ നിന്നുള്ള മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ് അമ്പത്തിയാറുകാരനായ മനോഹര്‍ പരീക്കര്‍. ലളിത ശൈലിക്കും കളങ്കരഹിതപ്രതിച്ഛായയ്ക്കും ഉടമയാണ് അദ്ദേഹം. 1994ല്‍ നാല് നിയമസഭാംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി.യെ ഗോവയില്‍ അധികാരം പിടിക്കുന്നതിലേക്ക് വളര്‍ത്തിയെടുത്തതിനു പിന്നില്‍ പരീക്കറുടെ കഠിനാധ്വാനമുണ്ട്. 

2000ല്‍ സംസ്ഥാനത്ത് പാര്‍ട്ടി ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയായി. രാജ്യത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യ ഐ.ഐ.ടി. ബിരുദധാരിയെന്ന ബഹുമതിയും സ്വന്തമാക്കി. പാര്‍ട്ടിയിലെ ആഭ്യന്തരക്കുഴപ്പത്തെത്തുടര്‍ന്ന് 2002 ഫിബ്രവരിയില്‍ രാജി വെച്ചു. അതേ വര്‍ഷം ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി. ഇക്കുറി പനാജി മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

സംസ്ഥാനത്തെ ഖനിമാഫിയയ്‌ക്കെതിരെ നടത്തിയ സന്ധിയില്ലാസമരം പരീക്കര്‍ക്ക് നേട്ടമായി. കോണ്‍ഗ്രസ് വിരുദ്ധവികാരം വളര്‍ത്തിക്കൊണ്ടുവരാന്‍ അത് സഹായിച്ചു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ക്രിസ്ത്യന്‍ സമുദായക്കാരില്‍ നിന്ന് അകലം പാലിച്ചിരുന്ന പരീക്കര്‍ പക്ഷേ, ഇത്തവണ നിലപാടു മാറ്റിയതും ഗുണം ചെയ്തു. വൈകാരികവിഷയങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയില്ല. ആറ് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍ക്ക് സീറ്റു നല്‍കുകയും ചെയ്തു. ഇവര്‍ ആറു പേരും ജയിച്ചു.

നാല്പതംഗ നിയമസഭയില്‍ 21 സീറ്റുമായി തനിച്ച് ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ മൂന്ന് എം.എല്‍.എ.മാരുടെയും രണ്ട് സ്വതന്ത്രാംഗങ്ങളുടെയും പിന്തുണ സര്‍ക്കാറിനുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക