Image

യു.പി.യിലെ തോല്‍വി: പി.സി.സി അധ്യക്ഷ രാജിവെച്ചു

Published on 09 March, 2012
യു.പി.യിലെ തോല്‍വി: പി.സി.സി അധ്യക്ഷ രാജിവെച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനുണ്ടായ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ റീത്താ ബഹുഗുണ ജോഷി അധ്യക്ഷ പദവി രാജിവെച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കാണ് റീത്താ ബഹുഗുണജോഷി രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിക്കുന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷ തീരുമാനിക്കുമെന്ന് അവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം റീത്ത പറഞ്ഞു. കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസ്സില്‍ ആഭ്യന്തര വഴക്കും ശക്തമായിട്ടുണ്ട്. യു.പി.യിലുണ്ടായ തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് വിവിധതലങ്ങളില്‍ വിലയിരുത്തുമെന്നും തോല്‍വിക്ക് എന്തെങ്കിലും കാരണം മാത്രം ചൂണ്ടിക്കാട്ടാനില്ലെന്നും റീത്താജോഷി പറഞ്ഞു.യു.പി. രാഷ്ട്രീയം എസ്.പി.ക്കും ബി.എസ്.പി.ക്കും ഇടയില്‍ വിഭജിക്കപ്പെട്ട് നില്‍ക്കുകയാണ്. ഒരു പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയാല്‍ ഇതില്‍ മറ്റൊരു പാര്‍ട്ടിയെ അധികാരത്തിലേറ്റണമെന്ന വികാരം നിലനില്‍ക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസ്സിന്റെ തോല്‍വിക്ക് ഒരു കാരണമാകും അവര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച രാഹുല്‍ ഗാന്ധിക്ക് സംരക്ഷണ കവചം തീര്‍ക്കാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് റീത്താബഹുഗുണജോഷിയുടെ രാജിയെ കണക്കാക്കുന്നത്. യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്, കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് പി.സി.സി. അധ്യക്ഷ റീത്താ ബഹുഗുണയ്ക്കു പുറമേ രാഹുലിനൊപ്പം പ്രചാരണത്തിന് നേതൃത്വം നല്കിയത്. തോല്‍വിയുടെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുക്കുന്നതുവഴി ഇതിന്റെ പേരില്‍ രാഹുലിന് നേരെ വിമര്‍ശനം ഉയരുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

അതിനിടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സിനുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ താഴേത്തട്ടില്‍ വന്‍ അട്ടിമറിയുണ്ടായതായി റീത്താ ബഹുഗുണ ജോഷി തന്നെ പറഞ്ഞിരുന്നു. തന്റെ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളില്‍ പ്രചാരണം നടത്തുന്നതിന് തന്നെ പാര്‍ട്ടി നേതൃത്വമോ സ്ഥാനാര്‍ഥികളോ ക്ഷണിച്ചിരുന്നില്ലെന്ന് സുല്‍ത്താന്‍പുരില്‍നിന്നുള്ള ലോക്‌സഭാംഗമായ സഞ്ജയ്‌സിങ് കുറ്റപ്പെടുത്തിയിരുന്നു. സഞ്ജയ്‌സിങ്ങിന്റെ ഭാര്യ അമിതാസിങ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റിരുന്നു. നെഹ്രു കുടുംബത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രമായി കരുതപ്പെടുന്ന റായ്ബറേലി, അമേഠി, സുല്‍ത്താന്‍പുര്‍ മേഖലയില്‍ കോണ്‍ഗ്രസ്സിന് വന്‍ തകര്‍ച്ചയാണ് ഇക്കുറി ഉണ്ടായത്. രാഹുലും പ്രിയങ്കയും വ്യാപക പ്രചാരണം നടത്തിയ ഈ മേഖലയില്‍ ഉണ്ടായ തിരിച്ചടി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക