Image

വീട് പണയപ്പെടുത്തിയ മകളുടെ കല്യാണം നടത്താനിരുന്ന ആള്‍ക്ക് രണ്ടു കോടിയുടെ ബംബര്‍

Published on 09 March, 2012
വീട് പണയപ്പെടുത്തിയ  മകളുടെ കല്യാണം നടത്താനിരുന്ന ആള്‍ക്ക് രണ്ടു കോടിയുടെ ബംബര്‍
പോത്തന്‍കോട്: വീടും വസ്തുവും പണയപ്പെടുത്തി മകളുടെ കല്യാണം നടത്താനിരുന്നതാണ് തോന്നയ്ക്കല്‍ പാട്ടത്തിന്‍കര വൃന്ദാവനില്‍ ടി.കെ. ദിവാകരന്‍നായര്‍. എന്നാല്‍ 64 കാരനായ ദിവാകരന്‍നായരെ ഭാഗ്യം കടാക്ഷിച്ചു. മാര്‍ച്ച് 29ന് മകളുടെ കല്യാണം കടം വാങ്ങാതെ നടത്താം.

സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ബംബര്‍ തോന്നയ്ക്കലിലെ 'വൃന്ദാവനി'ല്‍ രണ്ടുകോടിയും ഇന്നോവ കാറുമാണ് എത്തിച്ചത്. സമ്മര്‍ ബംബറിന്റെ 16 ടിക്കറ്റുകളാണ് മംഗലപുരം, ആറ്റിങ്ങല്‍, കണിയാപുരം ഭാഗങ്ങളില്‍നിന്നും ദിവാകരന്‍നായര്‍ എടുത്തിരുന്നത്. അതില്‍ മംഗലപുരത്ത് സബ് ഏജന്റില്‍നിന്നും എടുത്ത എസ്.ഡി. 253946 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

കരാര്‍ വ്യവസ്ഥയില്‍ കെട്ടിടം പണിതു നല്‍കുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്. ടിക്കറ്റുവില ഒരു രൂപയായിരുന്ന കാലംമുതല്‍ എടുത്തിട്ടുള്ള ഭാഗ്യക്കുറികള്‍ ഇപ്പോഴും കൈവശമുണ്ട്.

ഭാഗ്യം കടാക്ഷിച്ചത് അടുക്കളയില്‍ ജോലിയിലായിരുന്ന ഭാര്യ ശ്യാമളഅമ്മയെയാണ് ആദ്യം അറിയിച്ചത്. അതോടെ അവര്‍ അബോധാവസ്ഥയിലായി. ബന്ധുക്കളെ കൂട്ടി ടിക്കറ്റ് വെള്ളിയാഴ്ച ഉച്ചയോടെ എസ്.ബി.ടിയുടെ ചെമ്പകമംഗലം ശാഖയില്‍ ഏല്പിച്ചു.

മൂത്ത മകള്‍ രശ്മി എസ്.നായര്‍ വിവാഹിതയാണ്. വേങ്ങോട് തോന്നയ്ക്കല്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനായ സജയകുമാറാണ് ഭര്‍ത്താവ്. രണ്ടാമത്തെ മകള്‍ രേഖ എസ്. നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ടെക്‌നോപാര്‍ക്കില്‍ സ്വകാര്യ കമ്പനിയില്‍ ജോലിയുള്ള ആളാണ് വരന്‍. മാര്‍ച്ച് 29നാണ് വിവാഹം. ഇതിനായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഉണ്ടായിരുന്ന നാലു സെന്റും വീടും ബാങ്കില്‍ പണയം വെച്ച് മൂന്നു ലക്ഷത്തിന്റെ കടക്കാരനായിരുന്നു ദിവാകരന്‍നായര്‍. രണ്ട് മക്കളും എം.എസ്‌സി. ബിരുദധാരികളുമാണ്.

കടങ്ങള്‍ വീടണം, മകളുടെ വിവാഹം ഭംഗിയായി നടത്തണം എന്നതാണ് ദിവാകരന്‍നായരുടെ ഇപ്പോഴത്തെ ആഗ്രഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക