Image

ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സിംഗപുരിനു സ്വന്തം; ജര്‍മനി രണ്ടാമത്

Published on 26 October, 2017
ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സിംഗപുരിനു സ്വന്തം; ജര്‍മനി രണ്ടാമത്
 ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് എന്ന ബഹുമതി ജര്‍മനിയെ പിന്തള്ളി സിംഗപുര്‍ സ്വന്തമാക്കി. പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സില്‍ 159 പോയിന്റുമായിട്ടാണ് സിംഗപുര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ തവണ സംഗപുര്‍ രണ്ടാം സ്ഥാനത്തായിരുന്നു. സിംഗപുര്‍ പാസ്‌പോര്‍ട്ടുമായി വീസയില്ലാതെ 159 രാജ്യങ്ങളില്‍ സഞ്ചരിക്കാം. 

സ്വീഡനും ദക്ഷിണ കൊറിയയും മൂന്നും നാലു സ്ഥാനങ്ങള്‍ പങ്കിട്ടു. കഴിഞ്ഞ കാലങ്ങളില്‍ ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത്.

വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ അതിര്‍ത്തി കടക്കുന്നതു സംബന്ധിച്ചുള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയറാക്കുന്നത്. 

രണ്ടാം സ്ഥാനമുള്ള ജര്‍മന്‍ പാസ്‌പോര്‍ട്ടുമായി വീസയില്ലാതെ 158 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. മൂന്നാം സ്ഥാനത്തുള്ള സ്വീഡന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുപയോഗിച്ച് 157 രാജ്യങ്ങള്‍ വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയും.

ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, നോര്‍വേ, ജപ്പാന്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വീസയില്ലാതെ 156 രാജ്യങ്ങളും ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഓസ്ട്രിയ, പോര്‍ച്ചുഗല്‍ (അഞ്ചാം സ്ഥാനം) തുടങ്ങിയ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകാര്‍ക്ക് 155 രാജ്യങ്ങളും മലേഷ്യ, അയര്‍ലന്‍ഡ് യുഎസ്എ, കാനഡ (ആറാം സ്ഥാനം) എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുപയോഗിച്ച് 154 രാജ്യങ്ങളും വീസയില്ലാതെ സന്ദര്‍ശിക്കാം.

ആഗോളതലത്തില്‍ 75ാം സ്ഥാനത്താണ് ഇന്ത്യ. 51 രാജ്യങ്ങളാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ധാരികള്‍ക്ക് വീസയില്ലാതെയോ വീസ ഓണ്‍ അറൈവല്‍ സംവിധാനത്തിലോ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍. 

ശ്രീലങ്കയുടെ സ്ഥാനം എണ്‍ത്തിയൊന്‍പതാമതും (36 രാജ്യങ്ങള്‍), പാക്കിസ്ഥാന്‍ തൊണ്ണൂറ്റി മൂന്നാമതും (26) ആണ്. അഫ്ഗാനിസ്ഥാനാണ് (22 രാജ്യങ്ങള്‍) പട്ടികയില്‍ അവസാനം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക