Image

എം.എല്‍.എ. സ്ഥാനം രാജിവെക്കുന്ന മുപ്പത്തിയഞ്ചാമന്‍

Published on 09 March, 2012
എം.എല്‍.എ. സ്ഥാനം രാജിവെക്കുന്ന മുപ്പത്തിയഞ്ചാമന്‍
തിരുവനന്തപുരം: കേരള നിയമസഭയില്‍നിന്ന് രാജിവെക്കുന്ന മുപ്പത്തിയഞ്ചാമനാണ് ആര്‍.സെല്‍വരാജ്. സഭാസമ്മേളനത്തിനിടെ രാജിവെക്കുന്ന ആറാമനും.

അന്തരിച്ച പട്ടംതാണുപിള്ളയാണ് രാജിയുടെ തുടക്കക്കാരന്‍. 1962 സപ്തംബറിലാണ് അദ്ദേഹം രാജിവെച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്നു. രാജിയോടെ സര്‍ക്കാര്‍ നിലംപതിച്ചു.

സി.എച്ച്. മുഹമ്മദ്‌കോയയായിരുന്നു രണ്ടാമത്തെ രാജിക്കാരന്‍. 1962 നവംബറിലായിരുന്നു രാജി. അന്ന് സി.എച്ച്. സ്?പീക്കറായിരുന്നു. പാര്‍ലമെന്റിലേക്ക് മത്സരിക്കാനാണ് നിയമസഭ വിട്ടത്. കോഴിക്കോട്ടുനിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു. സി.എച്ച്. മുഹമ്മദ്‌കോയയും കെ.കരുണാകരനും രണ്ടുവട്ടം വീതം എം.എല്‍.എ. സ്ഥാനം രാജിവെച്ചിട്ടുണ്ട്.

സെല്‍വരാജിന് തൊട്ടുമുമ്പ് രാജിവെച്ചത് മഞ്ഞളാംകുഴി അലിയാണ്. സി.പി.എം. സ്വതന്ത്രനായി ജയിച്ചുവന്ന അലി മുസ്‌ലിംലീഗില്‍ ചേരാനാണ് സഭ വിട്ടത്. 2010 ഒക്ടോബര്‍ 26നായിരുന്നു ഇത്. ഇതിനുമുമ്പ് 2009 മെയില്‍ മൂന്നുപേര്‍ രാജിവെച്ചു. പ്രൊഫ. കെ.വി.തോമസ്, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍ എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാര്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയായിരുന്നു ഇതും.

കെ. കരുണാകരന്‍ ഡി.ഐ.സി. ഉണ്ടാക്കാനൊരുങ്ങിയപ്പോള്‍ ഒമ്പതു പേരാണ് ഒറ്റയടിക്ക് രാജിവെച്ചത്. 2005 ജൂലായ് അഞ്ചിനായിരുന്നു ഈ കൂട്ട രാജി.

ഇപ്പോള്‍ സഭ നടക്കുകയാണ്. പിറവം ഉപതിരഞ്ഞെടുപ്പ് കാരണം വെള്ളിയാഴ്ച മുതല്‍ സഭയ്ക്ക് ഇടവേളയാണ്. 19നാണ് ഇനി ചേരുക. എന്നാല്‍, വ്യാഴാഴ്ചവരെ സഭയിലുണ്ടായിരുന്നു സെല്‍വരാജ്. വെള്ളിയാഴ്ച രാവിലെതന്നെ രാജിവെച്ചു.

സഭാ സമ്മേളനകാലത്ത് ഇതിനുമുമ്പ് അഞ്ചുപേര്‍കൂടി സഭ വിട്ടിട്ടുണ്ട്. സി.പി.എം. അംഗമായിരുന്ന കെ.പി.കോസലരാമദാസ് 1968 നവംബര്‍ 26ന് രാജിവെച്ചു. തലേക്കുന്നില്‍ ബഷീര്‍, പി.എം.അബൂബക്കര്‍, കെ.പി. മമ്മുമാസ്റ്റര്‍, വി.സി.കബീര്‍ എന്നിവരാണ് ഇക്കൂട്ടത്തിലെ മറ്റുള്ളവര്‍. സെല്‍വരാജിന് തൊട്ടുമുമ്പ് ഇങ്ങനെ രാജിവെച്ചത് വി.സി.കബീര്‍. 2005 ആഗസ്ത് 11ന്. എന്‍.സി.പിക്കാരനായിരുന്ന കബീര്‍ കോണ്‍ഗ്രസ്സില്‍ ചേരാനാണ് അന്ന് രാജിവെച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക