Image

ജയിലില്‍ കഞ്ചാവ് വേണമെന്നു ഗോവിന്ദച്ചാമി

Published on 09 March, 2012
ജയിലില്‍ കഞ്ചാവ് വേണമെന്നു ഗോവിന്ദച്ചാമി
കണ്ണൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി കഞ്ചാവ് ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്കു കത്ത് നല്‍കി. ജയില്‍ ചരിത്രത്തില്‍ തന്നെ തടവുകാരില്‍ നിന്നു ലഭിക്കുന്ന വിചിത്രമായ കത്താണിതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദിവസവും കഞ്ചാവ് ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുണെ്ടന്നാണ് അസി. ജയിലര്‍ മുഖേന ഗോവിന്ദച്ചാമി ജയില്‍ സൂപ്രണ്ടിനു നല്‍കിയ കത്തില്‍ പറയുന്നത്. നിങ്ങള്‍ക്കു നല്‍കാന്‍ പറ്റില്ലെങ്കില്‍ തന്റെ അഭിഭാഷകനായ ബി.എ ആളൂരിനെ ബന്ധപ്പെട്ടു കോടതി ഉത്തരവ് സമ്പാദിച്ച് കഞ്ചാവ് എത്തിക്കണമെന്നും സൂപ്രണ്ടിന് നല്‍കിയ കത്തില്‍ ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ചട്ടപ്രകാരം കഞ്ചാവ് നല്‍കാനാവില്ലെന്ന് ഗോവിന്ദച്ചാമിയെ പറഞ്ഞു മനസിലാക്കുമെന്നും ഇപ്പോള്‍ നല്‍കിവരുന്ന കൗണ്‍സലിംഗ് തുടരുമെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

ബിരിയാണി അടക്കമുള്ള ഭക്ഷണം തന്നില്ലെങ്കില്‍ ജയിലില്‍ ഇന്നു മുതല്‍ നിരാഹാരമിരിക്കുമെന്ന് ഇന്നലെ രാവിലെ നല്‍കിയ കത്തില്‍ ഗോവിന്ദച്ചാമി സൂചിപ്പിച്ചിരുന്നുവെങ്കിലും ഇന്നു രാവിലെ ഭക്ഷണം കഴിക്കാന്‍ തയാറായി. പ്രഭാത ഭക്ഷണമായി ഇഡലിയോ ദോശയോ വേണമെന്നും ഉച്ചയ്ക്കു ബിരിയാണിയും വൈകുന്നേരം പൊറോട്ടയും കോഴിക്കറിയും നല്‍കണമെന്നുമാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം. ഇതോടൊപ്പം തമിഴ്‌നാട്ടിലെ ഭക്ഷണമായ പൊങ്കലും എത്തിക്കണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെടുന്നു. പത്താം ബ്ലോക്കിലെ ഡി ബ്ലോക്കില്‍ സി-46 നമ്പര്‍ തടവുകാരനായ ഗോവിന്ദച്ചാമി തന്നെ വിയ്യൂര്‍ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസം മുമ്പ് കത്തു നല്‍കിയിരുന്നു. 

പലപ്പോഴും ജീവനക്കാര്‍ക്കു മുന്നില്‍ ബഹളം വയ്ക്കുന്ന ഗോവിന്ദച്ചാമി മാനസിക അസ്വാസ്ഥ്യമുള്ള ആളെപ്പോലെയാണ് പെരുമാറുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തന്റെ ആവശ്യങ്ങള്‍ ഗോവിന്ദച്ചാമി തമിഴിലാണ് എഴുതിയിരുന്നത്. തമിഴും മലയാളവും അറിയാവുന്ന പത്താം ബ്ലോക്കിലെ തടവുകാരനെ കൊണ്ട് അധികൃതര്‍ മാറ്റിയെഴുതിപ്പിച്ച് ഗോവിന്ദച്ചാമിയെ വായിച്ചു കേള്‍പ്പിച്ച ശേഷം ഒപ്പ് വാങ്ങിക്കുകയായിരുന്നു. 

അതിനിടെ ഗോവിന്ദച്ചാമിക്കു നല്‍കാനായി ഇയാളുടെ സഹോദരന്‍ സുബ്രഹ്മണ്യന്‍ 6,000 രൂപയോളം ജയില്‍ സൂപ്രണ്ടിനു മണിയോര്‍ഡറായി അയച്ചു നല്‍കിയിരുന്നു. എന്നാല്‍ ബന്ധുക്കളില്‍ നിന്ന് ഒരു മാസം 300 രൂപ മാത്രമാണ് തടവുകാരന് സ്വീകരിക്കാനാവുക. സഹോദരന്‍ സുബ്രഹ്മണ്യന്‍ രണ്ടു തവണയും മുംബൈയില്‍ നിന്നുള്ള അഭിഭാഷകനായ ബി.എ ആളൂര്‍ ഒരു തവണയും ഗോവിന്ദച്ചാമിയെ സന്ദര്‍ശിക്കാന്‍ ഇതിനകം സെന്‍ട്രല്‍ ജയിലില്‍ എത്തിയിട്ടുണ്ട്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി വഴി ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ നിന്നു സദാസമയം ഗോവിന്ദച്ചാമിയെ നിരീക്ഷിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക