Image

അമ്മ മകനോട്......(കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 27 October, 2017
അമ്മ മകനോട്......(കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
അമ്മതന്‍മാറില്‍ തലചായ്ചാപൈതലാള്‍ചോദിപ്പൂ
അമ്മേ ഞാനാരായിത്തീരണം ഭാവിയില്‍?

നന്മയുംസത്യവും ധര്‍മ്മവുമുള്ളില്‍ നിറഞ്ഞിടും
നിര്‍മ്മലമാനസം നിന്‍ കൈമുതലാകണം,

അന്യന്റെ ദുഃഖത്തെ ആര്‍ദ്രതയോടെ വീക്ഷിക്കണം
നന്ദിയോടപരന്റെ കര്‍മ്മങ്ങള്‍ കാണണം,

നീറും മനസ്സിനു സാന്ത്വനലേപം നീയാകണം
നീരിനായ്‌കേഴുവോര്‍ക്കു തെളിനീരാകണം,

താഴ്മയും ദീനാനുകമ്പയും നിന്നില്‍ നിറയണം
തന്നെക്കാളപരനെ ധന്യനായ്കാണണം,

അര്‍ഥിയായണയുവോര്‍ക്കത്താണിയാകണം
ആര്‍ത്തരെ കനിവോടെചേര്‍ത്തുനിര്‍ത്തീടണം,

മാതാപിതാക്കള്‍, ഗുരുഭൂതര്‍, സ്ഥാനീയര്‍, മാനിതര്‍
ക്കാദരംസൗമ്യമായ്‌സാരള്യം നല്‍കണം,

ചിന്മയരൂപം അപരനില്‍ ദര്‍ശിപ്പാന്‍ പ്രാപ്തമാം
ഉണ്‍മനിറയട്ടെ നിന്നുള്ളിലെപ്പോഴും,

സത്പഥംവിട്ടുചരിയ്ക്കാതെനിന്‍പദംനന്മയില്‍
സന്തതം നീങ്ങുവാന്‍ സാകല്യം ശ്രദ്ധിക്ക,

ഇത്രയേയുള്ളല്ലോയെന്നു നിനയ്ക്കാതെമാനസേ
ഇത്രയുണ്ടല്ലോയെന്നോരുകില്‍ സംതൃപ്തം.

വിത്തവിഖ്യാദികള്‍ ശ്രീകരപാതകളാര്‍ജ്ജിക്കെ
അന്തരംഗത്തിലഹന്തയുണ്ടാകൊല !

ഉച്ഛത്തിലേറ്റിടുംഏണിപ്പടികളഗണ്യമായ്
പുച്ഛമായ് നോക്കാനിടവരാപൈതലേ !

കൈകളുംചിത്തവുംകളങ്കമറ്റു നീകാക്കുകില്‍
സദ്പഥചാരിയായ് സൗഷ്ഠവം ജീവിക്കില്‍,

സത്കര്‍മ്മവൃത്തര്‍ക്കനുഗതമാകുന്നശാന്തിയും
സംതൃപ്തിയും ജന്മസായൂജ്യവും ഫലം !

സ്‌നേഹവുംതാഴ്മയും ഈശ്വരചിന്തയും നിന്‍ചിത്തേ
വാഹിതമായിവളരുകെന്നോമലേ !


എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക് (yohannan.elcy@gmail.com)
Join WhatsApp News
Ponmelil Abraham 2017-10-28 08:18:58
Beautiful, rich in messages and meaningful poem.

മനോജ് അഞ്ചേരി . 2017-10-28 07:25:13
വളരെ  മനോഹരമായ  കവിത .  അഭിനന്ദനങ്ങൾ .



https://youtu.be/H9UKhwWqdqs  -   Click  left side link to hear  another  poem about  Amma.
ആരുഞാനാകണം ? 2017-10-28 09:19:01

ആരുഞാനാകണം ?

"ആരുഞാനാകണം ?" എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം !

ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ
തൊട്ടുതലോടും തണുപ്പാവുക.

ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്റെ
നാക്കിലേക്കിറ്റുന്ന നീരാവുക.

ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്റെ
കൂടെക്കരുത്തിന്റെ കൂട്ടാവുക.

വറ്റിവരണ്ടുവായ് കീറിയ മണ്ണിന്റെ 
യുള്ളം നിറയ്ക്കുന്ന മഴയാവുക.

വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു
പായ്വിരിയ്ക്കും തണൽമരമാവുക.

മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ
വലയുന്ന കുഞ്ഞിന്നു കുടയാവുക.

വഴിതെറ്റിയുൾക്കടലിലിരുളിൽക്കി തയ്ക്കുന്ന
തോണിയ്ക്കു ദിശതൻ വിളക്കാവുക.

ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന,
കരയും കുരുന്നിന്നു തായാവുക.

ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും ജീവ-
നൊന്നിന്നുയിർപ്പിന്റെ വരമാവുക.

വയറെരിഞ്ഞാകേ വലഞ്ഞോനൊരുത്തന്റെ
പശിമാറ്റുമുരിയരിച്ചോറാവുക.

അന്തിയ്ക്ക് കൂടണഞ്ഞീടുവാൻ മണ്ടുന്ന
പെണ്ണിന്റെ കൂടപ്പിറപ്പാവുക.

ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധന്നു
ചൂടിന്റെ രോമപ്പുതപ്പാവുക.

അറിവിന്റെ പാഠങ്ങളൊക്കേയുമരുളുന്ന
ഗുരു സമക്ഷം കൂപ്പുകയ്യാവുക.

നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ-
ത്താങ്ങുന്നൊരലിവിന്റെ നിഴലാവുക.

അച്ഛന്നുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ
'വളരാതെ'യൊരുനല്ല മകനാവുക !

"ആരുഞാനാകണം ?" എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം !


Raju Mylapra 2017-10-28 16:47:27
എൽസി  കൊച്ചമ്മ കവിത ലളിതവും മനോഹരവുമായിരിക്കുന്നു.
വിദ്യാധരൻ 2017-10-29 23:19:45
പുഷ്ടമാംമാശയം വൃത്തഗുണഗണങ്ങളാൽ 
ശ്രേഷ്ഠമാണ്  കവിതയെങ്കിലും  കവയിത്രി
അമ്മയെപ്പോൽ അച്ഛനുമുണ്ടേറെ കർത്തവ്യം 
ഉണ്മയിൽ മക്കളെ പോറ്റി വളർത്തുവാൻ
നന്മമാത്രം കണ്ടു വളരുന്ന കുട്ടികൾ പതറുന്നു 
തിന്മതൻ താണ്ഡവനൃത്തം കണ്ടാലുടൻ 
വേണം അമ്മതൻ സ്നേഹകാരുണ്യവായ്പ് 
വേണം അച്ചന്റെ അചഞ്ചലതയും
കള്ളുകുടിക്കാതെ വീട്ടിൽ വരണംമച്ഛൻ 
ഭള്ളു പറയരുതാരേയും തല്ലരുതമ്മയെ 
ചൊല്ലണം   മക്കളോടച്ഛൻ  സർവ്വസ്ത്രീകളേം  
നല്ലപോലെ ബഹുമാനിച്ചാദരിക്കാൻ 
അച്ഛനുമമ്മയും കൈകോർത്തു നിന്നാൽ 
മെച്ചമാകും തലമുറകൾ നിശ്ചയം

നാരദന്‍ 2017-10-28 22:40:22
രാജുവിന്  ഹാസ്യം മാത്രം അല്ല തിരുമലും അറിയാം 

BENNY KURIAN 2017-10-28 22:47:36
മനോഹരമായിരിക്കുന്നു കൊച്ചമ്മ.
Thomas P. Abraham 2020-06-13 08:31:01
വളരെ സിംപിൾ ആയ രചന. വളരെ സുന്ദരം. ആപ്ത വാക്യങ്ങൾ കുഞ്ഞു മനസ്സുകളിലേക്ക് പതിയത്തക്ക രീതിയിൽ രചിക്കപ്പെട്ടിരിക്കുന്നു. സിസ്റ്റർ മേരി ബെനീഞ്ഞയുടെ തന്നെ സ്റ്റൈൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക