Image

ഷെറിനു ഭക്ഷണം നല്‍കുന്നത് എന്നും പ്രശ്‌നം: റിപ്പോര്‍ട്ട്

Published on 28 October, 2017
ഷെറിനു ഭക്ഷണം നല്‍കുന്നത് എന്നും പ്രശ്‌നം: റിപ്പോര്‍ട്ട്
ഡാലസ്, ടെക്‌സസ്: ഡാലസില്‍ ഇന്നലെ (വെള്ളി ) കടുത്ത തണുപ്പായിരുന്നു. ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്കിനടുത്തു വൈകിട്ടു ചെന്ന് നോക്കിയപ്പോള്‍ അവിടെ ആരും ഇല്ല. പൂക്കളും കളിപ്പാട്ടങ്ങളും മെഴുകുതിരികളുമായി എത്തിയിരുന്ന ജനം ഇന്നലെ വന്നില്ല.

എന്നാല്‍ ഫേസ്ബുക്കില്‍ ആരോപണങ്ങളും ഷെറിന്റെ മരണത്തെപ്പറ്റിയുള്ള തിയറികളുമായി ജനം പതിവുപോലെ സജീവമായിരുന്നു. 

രണ്ടാഴ്ച പിന്നിട്ട മൃതദേഹത്തില്‍ നിന്നു മരണകാരണം കണ്ടെത്താനാവുമോ എന്നത് വ്യക്തമായിട്ടില്ല. മൃതദേഹം കണ്ടെത്താന്‍ വൈകും തോറും ജീര്‍ണാവസ്ഥ കൂടുമെന്നും അതിനാല്‍ മരണകാരണം കണ്ടെത്താന്‍ വിഷമമാണെന്നും കരുതുന്നു. ഈ ലക്ഷ്യത്തോടെയാണ് കുറ്റസമ്മതം വൈകിച്ചതെന്നതാണ് ഒരു പക്ഷം.

സിനി പോലീസുമായി പലവട്ടം സഹകരിച്ചുവെന്നും അതിനാല്‍ ഇനി ചോദ്യം ചെയ്യലൈന്റെ ആവശ്യമില്ലെന്നുമാണു സിനിയുടെ അറ്റൊര്‍ണി പറഞ്ഞത്. എന്നാല്‍ പോലീസുമായുള്ള സിനിയുടെ സഹകരണം വളരെ കുറഞ്ഞ തോതില്‍ ആയിരിന്നുവെന്നു റിച്ചര്‍ഡ്‌സണ്‍ പോലീസ് വക്താവ് സാര്‍ജന്റ് കെവിന്‍ പെര്‍ലിച്ച് പറഞ്ഞു. കുട്ടിയെ കാണാനില്ലാത്ത ഒരു അമ്മ നല്‍കുന്ന സഹകരണം അവരില്‍ നിന്നുണ്ടായില്ല.

ഇതിനിടെ കുട്ടിയെ കഴിഞ്ഞ വര്‍ഷം ജൂണില്‍ ദത്ത് നല്‍കിയപ്പോള്‍ കുട്ടിക്ക് ഒരു കുഴപ്പവുമില്ലായിരുന്നുവെന്ന് ഇപ്പോള്‍ പൂട്ടിപ്പോയ ബീഹാറിലെ മദര്‍ തെരേസാ അനാഥാലയം ഡയറക്ടര്‍ ബബിത കുമാരി ഇന്ത്യയിലേയും അമേരിക്കയിലേയും മാധ്യമങ്ങളോട് പറഞ്ഞത് എത്രകണ്ട് ശരിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദത്തെടുത്ത കുട്ടിയുടെ സ്ഥിതിയെപ്പറ്റി അന്വേഷിച്ച് ഇന്ത്യയുടെ ചൈല്‍ഡ് അഡോപ്ഷന്‍ അതോറിറ്റിക്ക് ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കുന്ന ഹോള്‍ട്ട് ഇന്റര്‍നാഷണല്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ കുട്ടിപുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പ്രശ്‌നം ഉണ്ടെന്നാണ് അറിയിച്ചത്. നാലു റിപ്പോര്‍ട്ടുകളാണ് അവര്‍ അതോറിറ്റിക്ക് ഒന്നര വര്‍ഷത്തിനിടയില്‍ അയച്ചത്. അതിലെല്ലാം കുട്ടി നല്ല നിലയില്‍ സംരക്ഷിക്കപ്പെടുന്നു എന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഷെറിന്‍ മാത്യൂവിന്റെ വീട്ടില്‍ നേരത്തെ സന്ദര്‍ശനം നടത്തിയ സോഷ്യല്‍ വര്‍ക്കറും ഇക്കാര്യം അറിയിച്ചു. കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് വീട്ടുകാര്‍ക്ക്വിഷമത സൃഷ്ടിച്ചിരുന്നു. വീടിനു പുറത്തുവച്ച് ഭക്ഷണം കഴിക്കാനാണ് കുട്ടി താത്പര്യം കാട്ടിയിരുന്നതെന്നും സോഷ്യല്‍ വര്‍ക്കര്‍ എഴുതി.

നാലാമത്തെ റിപ്പോര്‍ട്ടില്‍ കുട്ടിക്ക് ഭക്ഷണം നല്‍കാനുള്ള വഴികളെപ്പറ്റി ചര്‍ച്ച ചെയ്തുവെന്നും ഈ പ്രശ്‌നം സ്ഥിരമായി ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായണമെന്നും തീരുമാനിച്ചു. പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലും മറ്റും തെരയാനും സോഷ്യല്‍ വര്‍ക്കര്‍ നിര്‍ദേശിച്ചു.

കുട്ടിയെ ദത്തെടുക്കുമ്പോള്‍ തന്നെ കുട്ടി ശോഷിച്ചായിരുന്നു ഇരുന്നതെന്നു അതോറിറ്റി മേധാവി ലഫ് കേണല്‍ ദീപക് കുമാര്‍ എന്‍.ഡി.ടിവിയോട് പറഞ്ഞു. പ്രായത്തിനനുസരിച്ചുള്ള ശരീര വളര്‍ച്ച ഇല്ലാതിരുന്നത്ആശങ്കകളുണര്‍ത്തിയിരുന്നു.

ഷെറിനു ശരീരവളര്‍ച്ച കുറവായതുകൊണ്ട് അസമയത്തും ഉണര്‍ന്നു ഭക്ഷണം കഴിക്കുമായിരുന്നെന്നു വെസ്ലി മാത്യും പോലീസില്‍ പറഞ്ഞിരുന്നു. കാണാതാവുമ്പോള്‍ കുട്ടിക്ക് മൂന്നടി ഉയരവും 22 പൗണ്ട് തൂക്കവുമാണ് ഉണ്ടായിരുന്നത്.

കുട്ടി ജനിച്ചത് ഗയയില്‍ 2014 ജൂലൈ 14-നാണ്. നിയമാനുസൃതമാണ് ദത്ത് നല്‍കിയതെന്നും അമേരിക്കയിലെ അഡോപ്ഷന്‍ ഏജന്‍സി കൃത്യമായ റിപ്പര്‍ട്ടുകള്‍ നല്‍കിയിരുന്നെന്നും അദ്ദേഹം അറിയിച്ചു. വിശദമായ റിപ്പോര്‍ട്ടുകളാണ് നല്‍കിയിരുന്നത്. ഭക്ഷണം കഴിക്കുന്നത്മാത്രമാണ് പ്രശ്‌നമായി ചൂണ്ടിക്കാട്ടിരുന്നത്.

എന്തായാലും കുട്ടിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു എന്ന രീതിയിലാണ് ബബിത കുമാരി പറയുന്നത്. അസമയത്ത് എന്തിനു ഭക്ഷണം കൊടുത്തു എന്നും ചോദിക്കുന്നു. കുട്ടിയുടെ ഫോട്ടോയിലൊന്നും ശോഷിച്ച ശരീരം കാണുന്നില്ലെന്നും അവര്‍ പറയുന്നു. എന്തെങ്കിലും സംശയം തോന്നിയിരുന്നെങ്കില്‍ കുട്ടിയെ കൊടുക്കില്ലായിരുന്നുവെന്നും അവര്‍ പറയുന്നു

കുട്ടിക്കു പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നു റിച്ചാഡ്‌സണ്‍ പോലീസും വ്യക്തമാക്കി. ഇതിനു കുട്ടിയെ ആശുപത്രിയില്‍ കാണിക്കുകയും ചെയ്തിരുന്നു. പക്ഷെ ഡോക്ടറുടെ നിര്‍ദേശം പാലിച്ചിരുന്നോ എന്നു വ്യക്തമല്ല. അത് പരിശോധിക്കുന്നുണ്ട്.

ദത്തെടുക്കല്‍ നിയമാനുസ്രുതമായിരിന്നുവെന്നു പോലീസും സ്ഥിരീകരിച്ചു. എന്തായാലും ദത്തെടുക്കലില്‍ ക്രമക്കേട് നടന്നോ എന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ശിശുക്ഷേക്മ മന്ത്രി മേനകാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി മുതല്‍ ദത്തെടുക്കലിനുഅന്തിമാനുമതി ശിശുക്ഷേമ വകുപ്പിന്റെ അനുമതിയോടെ മാത്രമെ നല്‍കൂ. 
ഷെറിനു ഭക്ഷണം നല്‍കുന്നത് എന്നും പ്രശ്‌നം: റിപ്പോര്‍ട്ട്ഷെറിനു ഭക്ഷണം നല്‍കുന്നത് എന്നും പ്രശ്‌നം: റിപ്പോര്‍ട്ട്ഷെറിനു ഭക്ഷണം നല്‍കുന്നത് എന്നും പ്രശ്‌നം: റിപ്പോര്‍ട്ട്ഷെറിനു ഭക്ഷണം നല്‍കുന്നത് എന്നും പ്രശ്‌നം: റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക