Image

ബാഡന്‍ വ്യുര്‍ട്ടംബെര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലിയാഘോഷിച്ചു

Published on 28 October, 2017
ബാഡന്‍ വ്യുര്‍ട്ടംബെര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലിയാഘോഷിച്ചു
 
സ്റ്റുട്ട്ഗാര്‍ട്ട്: സ്റ്റുട്ട്ഗാര്‍ട്ട് ആസ്ഥാനമായുള്ള ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ (എംഡിറ്റി) സില്‍വല്‍ ജൂബിലിയും തിരുവോണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആള്‍ട്ടസ് ഫൊയര്‍വേര്‍ ഹൗസില്‍ നടന്ന പരിപാടികള്‍ ഓണസദ്യയോടെ തുടക്കമായി. തുടര്‍ന്നു കലാപരിപാടികളും അരങ്ങേറി.

പൊതുസമ്മേളനം വിശിഷ്ടാതിഥികളായ മ്യൂണിക്ക് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുഗന്ധ് രാജാറാം, പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍, ഫാ.സേവ്യര്‍ നൊച്ചിവീട്ടില്‍, ഡബ്ല്യുഎംസി ഗ്‌ളോബല്‍ വൈസ് ചെയര്‍മാന്‍ ജോളി തടത്തില്‍, ജോസ് കുന്പിളുവേലില്‍ (പ്രവാസി ഓണ്‍ലൈന്‍), ജോസ് പുതുശേരി (നമ്മുടെ ലോകം മാസിക) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 

വറുഗീസ് കാച്ചപ്പിള്ളി, ബേബി കലയംങ്കേരി,വിനോദ് ബാലകൃഷ്ണ, ഐശ്യര്യ എന്നിവര്‍ ഒരുക്കിയ ചെണ്ടമേളത്തിന്റെയും മലയാളി മങ്കമാരുടെ താലപ്പൊലിയുടെയും അകന്പടിയോടെ മാവേലിയ്ക്കു വരവേല്‍പ്പ് നല്‍കി. തിരുവാതിരകളി, ശാസ്ത്രീയ നൃത്തം,ബോളിവുഡ് ഡാന്‍സ്, ജിമിക്കി കമ്മല്‍ ഡാന്‍സ്, സംഗീതാലാപനം, ബേബി/മേരി കലയംങ്കേരി/ തങ്കച്ചന്‍ ടീമിന്റെ സ്‌കെച്ച്, വള്ളംകളി തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. 

കഴിഞ്ഞ 38 വര്‍ഷമായി ജര്‍മനിയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം യാത്രയാകുന്ന ഫാ.സേവ്യര്‍ നൊച്ചിവീട്ടിലിന് ഭാരവാഹികളായ ജോസഫ് വെള്ളാപ്പള്ളിയും ഈപ്പച്ചന്‍ മണിയങ്കേരിക്കളവും ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. 

സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് തയാറാക്കിയ സുവനീറിന്റെ പ്രകാശനം ചടങ്ങില്‍ ജോളി തടത്തില്‍ നിര്‍വഹിച്ചു. സുവനീറിന്റെ ചീഫ് എഡിറ്റര്‍ സാബു ജേക്കബ് ആറാട്ടുകളവും, കോഓര്‍ഡിനേറ്റര്‍ വിനോദ് ബാലകൃഷ്ണയും സ്മരണിക സദസിന് പരിചയപ്പെടുത്തി. ടോണി വെള്ളാപ്പള്ളി, റ്റാനിയ ചാക്കോ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. തംബോല വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

വര്‍ഗീസ് കാച്ചപ്പിള്ളി (കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറം), ഗ്‌ളോറി എബ്രഹാം വാണിയത്ത്(കൈരളി ഫെറൈന്‍ ഹൈഡല്‍ബര്‍ഗ്), ആഹിം ക്‌ളാഗെ, എബ്രഹാം നടുവിലേഴത്ത് (നവോദയാ ഫെറൈന്‍, ഗ്രോസ് ഗെരാവു), ജോസഫ് വെള്ളാപ്പള്ളില്‍, ജോണ്‍ പുളിമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

സ്റ്റുട്ട്ഗാര്‍ട്ടിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളും ജര്‍മന്‍കാരും ഉള്‍പ്പടെ ഏതാണ്ട് മുന്നൂറോളം പേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ജോസഫ് വെള്ളാപ്പള്ളില്‍,തെരേസാ പനയ്ക്കല്‍(കോ ഓര്‍ഡിനേറ്റര്‍) റ്റാനിയ ചാക്കോ(സെക്രട്ടറി), തങ്കച്ചന്‍ പുളിമൂട്ടില്‍, ഈപ്പച്ചന്‍ മണിയങ്കേരിക്കളം, വിനോദ് ബാലകൃഷ്ണ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക