Image

എയര്‍ ബെര്‍ലിന്‍ ചരിത്രമായി

Published on 28 October, 2017
എയര്‍ ബെര്‍ലിന്‍ ചരിത്രമായി
 
ബെര്‍ലിന്‍: കടക്കെണിയെതുടര്‍ന്നു വില്പന നടത്തിയ എയര്‍ ബെര്‍ലിന്റെ അവസാന സര്‍വീസ് ബെര്‍ലിനില്‍ അവസാനിച്ചു. കഴിഞ്ഞ നാല്പതു വര്‍ഷത്തോളം ദീര്‍ഘിച്ച സേവനത്തിനാണ് മ്യൂണിക്കില്‍ നിന്നു പുറപ്പെട്ട സര്‍വീസോടെ അന്ത്യം കുറിച്ചത്. ഇതോടെ ജര്‍മനിയിലെ വലിയ രണ്ടാമത്തെ വിമാനക്കന്പനിയായ എയര്‍ ബെര്‍ലിന്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. 

എയര്‍ബസ് എ 320 ന്റെ വിടവാങ്ങല്‍ സര്‍വീസില്‍ 178 യാത്രക്കാരും എട്ട് ജീവനക്കാരും സാക്ഷ്യം വഹിച്ചു. സീറ്റുകള്‍ വളരെ മുന്പുതന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നതിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമാണ് സീറ്റ് ലഭിച്ചത്. 

പാപ്പരായ കന്പനിക്ക് സര്‍ക്കാര്‍ ഇടക്കാലാശ്വാസമായി ധനസഹായം നല്‍കിയെങ്കിലും പിടിച്ചു നില്‍ക്കാനാവാതെ 1978 ല്‍ ആരംഭിച്ച എയര്‍ ബെര്‍ലിന്‍ ചരിത്രത്താളുകളില്‍ ഓര്‍മപതിപ്പായി. 

കന്പനിയുടെ അവസാനത്തെ പറക്കല്‍ തീരുന്നതു കാണാന്‍ ബെര്‍ലിന്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ നിറകണ്ണുകളോടെയാണ് കാത്തുനിന്നത്.

ഒരു വ്യോമയാന യുഗത്തിന് ഇന്നു തിരശീല വീഴുന്നു, നിങ്ങള്‍ക്കു നന്ദി എയര്‍ ബെര്‍ലിന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

140 വിമാനങ്ങള്‍ സ്വന്തമായുള്ള കന്പനിയുടെ 81 വിമാനങ്ങള്‍ ലുഫ്ത്താന്‍സാ കഴിഞ്ഞ മാസം ഏറ്റെടുത്തിരുന്നു. ബാക്കിയുള്ളവ ഇ ജറ്റ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്. ആകെയുള്ള 8500 ജോലിക്കാരില്‍ 3000 പേരെ ലുഫ്ത്താന്‍സാ ഏറ്റെടുത്തു കഴിഞ്ഞു.കന്പനിയില്‍ ബാക്കിയുള്ള ആയിരക്കണക്കിന് ജീവനക്കാരുടെ ഭാവി സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ തീരുമാനങ്ങളില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക