Image

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം 10- ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 29 October, 2017
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം 10- ആന്‍ഡ്രൂ പാപ്പച്ചന്‍)
ശരത്കാലം നിറങ്ങള്‍ വാരിപ്പൂശി ഇലക്കൂട്ടങ്ങളിലേക്ക് വിരുന്നെത്തിക്കഴിഞ്ഞു. ജയില്‍ വളപ്പിലെ മരച്ചില്ലകളില്‍ കടുംചുവപ്പ്, മഞ്ഞ, ഓറഞ്ച്, വര്‍ണങ്ങള്‍ ഉല്‍സവഛായ പകര്‍ന്നു നിന്നു. പുറത്ത് അന്തരീക്ഷം മഞ്ഞ് പുതച്ചുനില്‍ക്കുന്നു. ശരീരം തുളച്ചുകയറുന്ന തണുപ്പിലും, പരിഭവമില്ലാതെ ആല്‍ഫ്രഡ് ജയില്‍ മുറിയില്‍ ബെറ്റിയേയും ജാനറ്റിനേയും കാത്തിരുന്നു. സന്തോഷത്താല്‍ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു ആല്‍ഫ്രഡിന്റെ മനസ്. പുറം ലോകം കണ്ടിട്ട് വര്‍ഷം പതിനാലോളമായിരിക്കുന്നു. ദിവസത്തിലൊന്നോ മറ്റോ ജയിലില്‍ വച്ച് കാണുന്ന കൊടും കുറ്റവാളികളായിരുന്നു വര്‍ഷങ്ങളായി കൂട്ടുകാര്‍. അവരില്‍ പലരും ക്രിമിനല്‍ സ്വഭാവം വിടാതെ അധികാരികളോട് വഴക്കിനു ചെന്നിരുന്നതിനാല്‍ അവരുമായി കൂട്ടുകൂടാന്‍ നിന്നിരുന്നില്ല. ഗാര്‍ഡ് മാത്രമായിരുന്നു മിണ്ടാനുണ്ടായിരുന്നത്. ജയിലകം വിട്ട് വിശാലമായ പുറംലോകത്തേക്കിറങ്ങുന്നതിനാല്‍ ആ ജീവിതവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലായിരുന്നയാള്‍. ബെറ്റിയും ജാനറ്റും ജയില്‍വളപ്പില്‍ വണ്ടിയിട്ട് ഓഫിസിലേക്ക് നടന്നുവരുന്നതു കണ്ടആല്‍ഫ്രഡിന്റെ മിഴികളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു. അനുവാദം വാങ്ങി അടുത്തെത്തി എല്ലാവരും ഒരുനിമിഷം നിശബ്ദരായി നിന്നു. മൗനം മുറിച്ചയാള്‍ പറഞ്ഞു.

""കൊടും കുറ്റവാളിയായിരുന്ന ആല്‍ഫ്രഡിതാ നല്ലൊരു മനുഷ്യനായി ജയില്‍ വിടുന്നു. ഈ ജയിലാണ് എന്റെ മനോഭാവങ്ങളെ തിരുത്തിയെഴുതിയത്. എന്റെ ജീവിതത്തിലെ വിളക്ക് കെട്ടുകഴിഞ്ഞ് മാത്രമാ ഞാന്‍ വെളിച്ചത്തെ അറിഞ്ഞുതുടങ്ങിയത്. ഈ സെല്ലകങ്ങളില്‍ കഴിഞ്ഞപ്പോഴാണ്, സ്വാതന്ത്ര്യമെന്തെന്ന് ഞാന്‍ മനസിലാക്കിയത്. ജീവിതത്തിലെ ഈ രണ്ടാം ഘട്ടത്തിലെങ്കിലും ഒരു നല്ല ജീവിതം ഞാന്‍ സ്വപ്നം കാണുന്നു. ജാനറ്റിനെ നോക്കി ഒരുനിമിഷം നിന്നിട്ട് പറഞ്ഞു... നന്ദിയുണ്ട് ജാനറ്റ്...നീയെനിക്കായി കാത്തിരുന്നതിന്. ഞാനെന്നും നിന്നോട് നന്ദിയുള്ളവനായിരിക്കും. ഒരുവാക്ക് കൊണ്ടുപോലും ഞാന്‍ നിന്നെ മുറിപ്പെടുത്തില്ല. '' ഗാര്‍ഡിന്നടുത്തുചെന്ന് ആല്‍ഫ്രഡ് പറഞ്ഞു.
""അങ്ങെനിക്കുവേണ്ടി ചെയ്ത എല്ലാ നല്ലകാര്യങ്ങള്‍ക്കും ഞാനങ്ങയോട് നന്ദിയുള്ളവനായിരിക്കും. ഒരുസഹോദരനെപോലെയും ഒരുപിതാവിനെ പോലെയും നിങ്ങളെന്നെ കരുതി സ്‌നേഹം തന്നു. എന്റെ വ്യക്തിത്വത്തിന്റെ വളര്‍ച്ചക്ക് അങ്ങാണെനിക്ക് പ്രചോദനമായത്. അങ്ങിവിടെയില്ലായിരുന്നെങ്കില്‍ ദേഷ്യവും കോപവും ഇരട്ടിച്ചൊരു ക്രൂരനായേ ഞാനീ ജയില്‍ വിട്ടിറങ്ങുമായിരുന്നുള്ളൂ. ജയിലധികാരിയായിരുന്നിട്ടും അങ്ങയുടെ ഭാഗത്തുനിന്നുണ്ടായ സ്‌നേഹംനിറഞ്ഞ പെരുമാറ്റം എന്നെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. നിങ്ങളുടെ കൗണ്‍സലിംഗും ഉപദേശങ്ങളും കൊണ്ടാണെനിക്കെന്റെ സഹോദരിമാരെയും ഭാര്യയെയും വീണ്ടെടുക്കാനായത്. എന്നിലുണ്ടായ മാറ്റങ്ങളുടെയും അങ്ങെനിക്കായി സംസാരിച്ചതിന്റെയും പിന്‍ബലത്തിലാണ് ഇപ്പോഴീ ജയില്‍ജീവിതം എനിക്കിവിടെ നിര്‍ത്താനായത്. എന്താണ് പറയേണ്ടതെന്നെനിക്കറിയില്ല. അങ്ങേക്കുവേണ്ടി എന്തുചെയ്യാനും ഞാനൊരുക്കമാണ്. നിങ്ങളുടെ ജീവകാരുണ്യസംഘടനയില്‍ ഞാനും പങ്കുചേരും. എനിക്കങ്ങയെ വന്നുകാണുക എളുപ്പമല്ലാത്തതിനാല്‍ ഇടക്ക് അങ്ങെന്നെ കാണാന്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ''

""ആല്‍ഫ്രഡ്, സമാധാനത്തോടെ യാത്രയാകുക. ഞാനെന്റെ കടമ ചെയ്തുവെന്നേയുള്ളൂ. നിങ്ങളെല്ലാവരും ഒരുമിച്ച് സന്തോഷമായി ജീവിക്ക്. മകനെ നന്നായി, നല്ല സ്വഭാവത്തില്‍ വളര്‍ത്തിക്കൊണ്ടുവരിക. അവന് ഉപദേശങ്ങള്‍ ആവശ്യമുള്ള പ്രായമാണിത്. ഞാന്‍ രണ്ടുമൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ആല്‍ഫ്രഡിനെ കാണാന്‍ വരാം. നിങ്ങളുടെ ഗ്രാമത്തില്‍ ഞങ്ങളുടെ ചാരിറ്റിസംഘടനയുടെ ഒരു ചാപ്റ്റര്‍ തുടങ്ങാം. എന്തെങ്കിലും സഹായം വേണമെങ്കിലെന്നെ വിളിക്കണം.'' പറഞ്ഞിട്ട് ഗാര്‍ഡ് നടന്നകന്നു.
ആല്‍ഫ്രഡ് ബെറ്റിക്കും ജാനറ്റിനുമൊപ്പം പുറത്തേക്ക് നടന്നു. പിന്നില്‍ നിന്ന് ജയില്‍ തന്നെ യാത്രയാക്കുന്നതായി അയാള്‍ക്ക് തോന്നി. ആദ്യമായി ദൂരയാത്രചെയ്യുന്ന സ്കൂള്‍കുട്ടിയേ പോലെ ആല്‍ഫ്രഡ് വണ്ടിയിലിരുന്ന് ചുറ്റിനും കണ്ണോടിച്ചു. നിരനിരയായി നീങ്ങുന്ന വാഹനങ്ങള്‍. റോഡരികില്‍, നിറങ്ങള്‍ വാരിപ്പൂശി നില്‍ക്കുന്ന വൃക്ഷലതാദികള്‍. ഷോപ്പിംഗ് മാളുകളിലും ഓഫിസുകളിലുമെല്ലാം ആളുകളുടെ തിരക്ക്.

""ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ലാത്ത കാലമാണിത്. നിങ്ങളെന്നെ ഇത്ര കരുതിയില്ലായിരുന്നെങ്കില്‍ ഈ രണ്ടാം വരവില്‍ ഞാനൊറ്റപ്പെട്ടുപോയേനെ. എന്നെ സ്‌നേഹിക്കാനാരുമുണ്ടാകില്ലാരുന്നു. ജയിലില്‍ നിന്നിറങ്ങുന്ന പലരും സ്‌നേഹിക്കാനാരുമില്ലാതെ ഒറ്റപ്പെട്ടും വേദനിച്ചുമല്ലേ കഴിയുന്നത്. '' ആല്‍ഫ്രഡ് മമ്മിയോടും ബെറ്റിയോടുമായി പറഞ്ഞു.
""ഇനി സന്തോഷമായിരിക്കാല്‍ഫ്രഡ്, ഞങ്ങളൊപ്പമില്ലേ, വിഷമിക്കാതിരിക്ക്. ''ബെറ്റി പറഞ്ഞു.
ജാനറ്റിന്നരികിലായാണാല്‍ഫ്രഡിരുന്നത്. ""ജാനറ്റ് ..ക്രൂരതമാത്രമേ നിന്നോട് ഞാന്‍ കാട്ടിയിട്ടുള്ളൂ. എന്നിട്ടും എനിക്കുവേണ്ടി നീയിത്രകാത്തിരുന്നു. നിനക്കെന്നെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ടല്ലോ?'' അയാള്‍ ജാനറ്റിനെ നോക്കി.

""ഞാനെന്നും നിന്നെ സ്‌നേഹിച്ചിട്ടേയുള്ളാല്‍ഫ്രഡ്. നിന്റെ മുന്‍കാല ജീവിതത്തെകുറിച്ചും കുറ്റകൃത്യങ്ങളെകുറിച്ചും എനിക്കത്ര അറിവില്ലായിരുന്നു. നിന്നെ അറസ്റ്റ് ചെയ്തപ്പോള്‍ എനിക്ക് വല്ലാതെ വിഷമമായി. ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായിപ്പോയി ഞാന്‍. അങ്ങനെ മനസ് വല്ലാതെ വിഷമിച്ചിരിക്കുമ്പോഴാ മമ്മിയെന്നെ കാണാന്‍ വന്നതും നീ വല്ലാത്ത കുറ്റബോധത്തിലാണന്ന് പറഞ്ഞതും. മമ്മിയുടെ സങ്കടം കണ്ടപ്പോഴെനിക്കു തോന്നി, അവരെന്തു തെറ്റുചെയ്‌തെന്ന്. ഇനിയുള്ള കാലം അവര്‍ക്കൊപ്പം കൂടാമെന്ന് ഞാന്‍ തീരുമാനിച്ചതങ്ങനെയാ. ജീവിക്കുമ്പോളെന്തെങ്കിലും നന്‍മ ചെയ്യണമല്ലോയെന്ന് കരുതി. അവരൊരു നല്ല സ്ത്രീയാ. അവര്‍ ജീവിതത്തെകുറിച്ചേറെ എന്നോട് പറഞ്ഞു. ജീവിതം തന്നോട് കാട്ടിയ ക്രൂരതകളെകുറിച്ചും. നിന്റെ പപ്പ, മമ്മിയേം നിന്നേം ഉപദ്രവിച്ചിരുന്നതിനെ കുറിച്ചും നിന്നോട് ഇഷ്ടക്കേട് കാട്ടിയിരുന്നതും നീ മാറിയിരുന്ന് കരഞ്ഞിരുന്നതുമായ ചിത്രങ്ങള്‍ എന്റെ മനസിലൊരു വിങ്ങലായി. പിന്നെ എന്റെ മനസ് നിന്നെ സ്‌നേഹിച്ചു തുടങ്ങാനധികം വൈകിയില്ല. അപ്പോഴേക്കും നീ നിന്റെ തെറ്റുകളും മനസിലാക്കിയിരുന്നു.''

""ഇവിടുന്ന് പുറത്തേക്ക് നോക്കിയാല്‍ പ്രകൃതിയില്‍ നിറയെ പ്രകാശമുണ്ട്. മുമ്പ് ജയിലിലെനിക്ക് ഇരുട്ട് മാത്രമായിരുന്നു. 14വര്‍ഷമായി ഞാനല്‍പം പ്രകാശം കണ്ടിട്ട്. നിറവും തണുപ്പും വാരിപ്പുതച്ചുനില്‍ക്കുന്ന ഈ പ്രകൃതി എന്റെ മനം കുളിര്‍പ്പിക്കുന്നു. ഞാന്‍ ക്രൂരനായൊരു മനുഷ്യനായിരുന്നു പണ്ട്. സ്‌നേഹം അനുഭവിക്കാതെ വളര്‍ന്നവന്‍., എല്ലാരെയും എനിക്ക് സംശയമാരുന്നു. ജയില്‍ ജീവിതത്തിലാണ് പലകാര്യങ്ങളും ഞാന്‍ മനസിലാക്കിയത്. ''
"" ഇനി നമുക്കൊരുമിച്ച് നമ്മുടെ മോനെ ശ്രദ്ധിക്കാം...തന്റെ മമ്മിയേം. കഴിഞ്ഞതൊക്കെ മറന്നേ
ക്ക് '' ജാനറ്റ് പറഞ്ഞു.

കാര്‍ വേഗം ഗ്രാമത്തിലെത്തി. ബെറ്റിയും ജാനറ്റും ആല്‍ഫ്രഡും വണ്ടിയില്‍ നിന്നിറങ്ങി. കുശലാന്വേഷണങ്ങളുമായി ആരൊക്കെയോ എത്തി. ചിലരൊക്കെ കണ്ടിട്ടും ഗൗരവത്തില്‍ തലവെട്ടിച്ചു നടന്നു. ഒരു ജയില്‍പുള്ളിയോട് സംസാരിച്ച് തങ്ങളുടെ നല്ലപ്രതിഛായക്ക് ക്ഷീണമുണ്ടാക്കണ്ട എന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്.

""ജയിലിലേക്കിനി തിരിച്ചുപോകണോ ആല്‍ഫ്രഡ്? എങ്ങനുണ്ടാരുന്നു ജയിലിലെ അനുഭവങ്ങള്‍ ? അമ്മയുടെ കൂടെ ജീവിക്കാനാണോ താനിവിടേക്കെത്തിയത്? ''പലര്‍ക്കും സംശയങ്ങളേറെയായിരുന്നു. ''
ആല്‍ഫ്രഡ് അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ""ജയിലില്‍ നിറയെ കുറ്റവാളികളായിരുന്നു. ഞാനും അവരിലൊരാളായിരുന്നു. ആദ്യമൊക്കെ എനിക്കും വല്ലാത്ത വിഷമവും ദേഷ്യവുമായിരുന്നു, പിന്നെപ്പിന്നെ ഞാന്‍ എല്ലാറ്റിനോടും അഡ്ജസ്റ്റ് ചെയ്തു. നല്ല പെരുമാറ്റത്തിന്റെ ബലത്തിലാ ഞാനിപ്പോള്‍ ജയില്‍ മോചിതനായിരിക്കുന്നത്. നിങ്ങള്‍ എന്നെക്കണ്ട് പേടിക്കേണ്ട. ഞാനിനിയാരുടെയും ജീവനെടുക്കില്ല. ഞാനിവിടേക്ക് വന്നിരിക്കുന്നത്, ആളുകളെ കൊല്ലാനല്ല, സേവിക്കാനാണ്. അതുകൊണ്ടെന്നെയിനിയാരും ഭയപ്പെടേണ്ട എനിക്ക് നിങ്ങളോട് സ്‌നേഹമേയുള്ളൂ, ബുദ്ധിമുട്ടാന്നറിയാം...എന്നാലും എന്നെയും സ്‌നേഹിക്കാന്‍ ശ്രമിക്കുക. ''

വീട്ടിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ കൊച്ചുഡേവിഡ് ഓടിയെത്തി ആല്‍ഫ്രഡിന്റെ കൈകളില്‍ തൂങ്ങി. ""ഞാന്‍ പപ്പയെ നോക്കിയിരിക്കുകയായിരുന്നു. ഞാനിനി പപ്പയെ എങ്ങോട്ടും വിടില്ല.'' അവന്‍ ആല്‍ഫ്രഡിന്റെ കൈകളില്‍ ഉമ്മവച്ചു.
"" പപ്പയിനി മോനേ വിട്ടെങ്ങോട്ടും പോകില്ല മോനേ. മോനെന്താ ഇന്ന് സ്കൂളീ പോകാഞ്ഞത്?.''
""പപ്പയെന്നെ കാണാന്‍ ആദ്യമായല്ലേ ഇവിടേക്ക് വരുന്നത്....അതു കൊണ്ട.്......''
""മിടുക്കന്‍....അടുത്തവര്‍ഷം ഹൈസ്കൂളില്‍ കയറുന്നതാ....ഇനി നന്നായി പഠിക്കണം. പപ്പയിനി മോന്റെ കാര്യങ്ങള്‍ കൂടുതലായി ശ്രദ്ധിച്ചോളാം.....''അവനെ എടുത്തുപൊക്കി ഉമ്മ വച്ചുകൊണ്ട് ആല്‍ഫ്രഡ് പറഞ്ഞു.
""ശരി പപ്പാ....'' ഡേവിഡ് സന്തോഷത്തോടെ തുള്ളിച്ചാടി മുറിയിലൂടെ ഓടി നടന്നു.

അയല്‍പക്കത്തുനിന്നും ആരൊക്കെയോ അയാളെ കാണാന്‍വന്നു. ചിലരൊക്കെ ഏതോ ക്രൂരജീവിയെ കാണും പോലെ അയാളെ തുറിച്ചുനോക്കി. അയാള്‍ അവരെ നോക്കിപ്പറഞ്ഞു. ""എന്നെ നിങ്ങള്‍ ഭയപ്പെടേണ്ട. ഞാനൊരു ക്രിമിനലായിരുന്നുവെന്നത് നേര്. പക്ഷേ അത് പണ്ടത്തെകാര്യം. ഇന്ന് ഞാന്‍ പുതിയൊരു മനുഷ്യനായി ജീവിക്കാനുള്ള ശ്രമത്തിലാ... ഞാനൊരു തെറ്റ് ചെയ്തുപോയി. എനിക്കിന്നറിയാം സ്‌നേഹത്തിന്റെ വിലയെന്താന്ന്. ഒരുനല്ല അയല്‍കാരനായും നല്ലൊരു ഭര്‍ത്താവായും നല്ലൊരഛനായും മകനായും ജീവിക്കുന്നതെങ്ങനെയാണന്ന്. ഞാനിന്ന് നിങ്ങളിലോരോരുത്തരിലും ദൈവത്തെ കാണുന്നു. വൈകിയാണെങ്കിലും ഞാന്‍ വെളിച്ചത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്റെ ജീവിതത്തിലിനി തെറ്റുകളുടെ ഇരുട്ടുണ്ടാവില്ല. നല്ലൊരു ജീവിതം നയിക്കാന്‍ നിങ്ങളും എന്നെ സഹായിക്കണം. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്യാനും തയാറാ.... ''കുട്ടികളില്‍ ചിലര്‍ വാതില്‍പടിക്ക് മറഞ്ഞുനിന്ന് പേടിയോടെ എത്തിനോക്കിക്കൊണ്ടിരുന്നു.

ആല്‍ഫ്രഡിന്റെ സംസാരംകേട്ടവരൊക്കെ വിസ്മയത്തോടെ നിന്നു. അവരുടെ മുഖത്ത് കൗതുകവും സഹതാപവും ആകാംക്ഷയും മിന്നിമറഞ്ഞുകൊണ്ടിരുന്നു.
ആല്‍ഫ്രഡിനെകുറിച്ചും അയാള്‍ക്കുവന്ന മാറ്റത്തെകുറിച്ചും ചുറ്റുവട്ടത്തൊക്കെയും വാര്‍ത്തപരന്നു. ആല്‍ഫ്രഡ് പുറത്തിറങ്ങി ആളുകളുമായി സംസാരിച്ചു. പലരും ആല്‍ഫ്രഡിനെ ചെറുപ്പത്തിലേ കണ്ടതാണ്. വര്‍ഷങ്ങളായി ആരുമിയാളെ കണ്ടിട്ടില്ല. ചിലരയാളോട് വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. അയാള്‍ ആരെയും മുഷിപ്പിക്കാതെ, സംഭവിച്ചതൊക്കെയും എല്ലാവരോടും വിശദീകരിച്ചുകൊടുത്തു.

വൈകുന്നേരം തെരുവിലൂടെ നടക്കാനിറങ്ങിയപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട നിരവധിപേരെ അയാള്‍ കണ്ടു. നാടിനുവന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചുനില്‍ക്കുന്നതിനിടെ ഒരു ബി എം ഡബ്ലിയു കാര്‍ ആല്‍ഫ്രഡിന്നരികില്‍ കൊണ്ടുവന്നു നിര്‍ത്തി. കാറിലിരുന്നയാള്‍ ആല്‍ഫ്രഡിനോടായി ചോദിച്ചു. ""നീയാ ജറോമിന്റെ മകനല്ലേ, നീയല്ലേ ആരെയോ കൊന്നിട്ട് ജയിലില്‍ പോയത്.?'' ചോദ്യം കേട്ട് മനസ് നൊന്തുവെങ്കിലും ഉവ്വെന്ന് തലയാട്ടി ആല്‍ഫ്രഡ് മിണ്ടാതെ നിന്നതേയുള്ളൂ.
""ജറോം ഒരു അഭിസാരികേടെ മകനായിരുന്നു, അതിന്റെ സ്വഭാവദൂഷ്യങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നു. നീയും ആ അഛനെ പോലെതന്നെയായല്ലോ?'' അയാളുടെ മുഖം ദേഷ്യത്താല്‍ വലിഞ്ഞു മുറുകുന്നത് ആല്‍ഫ്രഡ് ശ്രദ്ധിച്ചു.
""നിനക്കറിയാമോ, നിന്റഛന്‍ എന്റെ പെങ്ങളെ കൊല്ലാന്‍ നോക്കിയതാ, അവള്‍ അയാള്‍ക്കൊപ്പം ജീവിക്കാന്‍ ചെന്നില്ലെന്ന് പറഞ്ഞ്. അയാളെ അന്നേരം എന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ പിന്നയാളീ ലോകത്ത് ജീവനോടെ ഉണ്ടാകില്ലാരുന്നു.'' ആ അപരിചിതന്റെ സംസാരം കേട്ട് ആല്‍ഫ്രഡ് പകച്ചുപോയി. പിന്നെ ശാന്തനായി പറഞ്ഞു.
""എനിക്കെന്റപ്പച്ചനെ കുറിച്ച് കൂടുതലൊന്നും അറിയില്ലാ. അപ്പച്ചന്‍ നിങ്ങളുടെ സഹോദരിയോട് ചെയ്തതിനൊക്കെയും ഞാന്‍ മാപ്പ് ചോദിക്കുന്നു. അപ്പച്ചന്‍ തെറ്റ് ചെയ്തിട്ടുണ്ടായിരിക്കാം. പണ്ടായിരുന്നെങ്കീ എന്നോടിങ്ങനൊക്കെ ആരെങ്കിലും ദേഷ്യത്തില്‍ പറഞ്ഞാല്‍ ഞാന്‍ വഴക്കുണ്ടാക്കാതെ മാറില്ലാരുന്നു. എന്നില്‍ നിറയെ ദേഷ്യവും വിദ്വേഷവുമായിരുന്നു അന്നൊക്കെ. പക്ഷേ ഇന്നതൊക്കെ മാറി സ്‌നേഹവും ശാന്തതയുമാണെന്റെ മനസില്‍. ജയില്‍ ജീവിതം എന്നെ മാറ്റിമറിച്ചു..''
""നല്ല കുട്ടി. അനുഭവങ്ങളില്‍ നിന്ന് നമ്മള്‍ പാഠം പഠിച്ചേപറ്റൂ. ഞാന്‍ നിന്നെ കണ്ടപ്പോളങ്ങ് പറഞ്ഞുവെന്നേയുള്ളൂ. നിന്റപ്പനൊരു ഉപദ്രവകാരിയായിരുന്നു, നീയൊരിക്കലും അയാളെ പോലാകരുത്. അയാള്‍ നിന്റമ്മയെ വല്ലാതെ ഉപദ്രവിച്ചിരുന്നുവെന്നാ കേട്ടിരിക്കുന്നേ....''
""ഞാനെല്ലാം ഓര്‍ക്കുന്നുണ്ട്. അപ്പച്ചന്റെ സ്വഭാവമാ എന്റെ ജീവിതവും തകര്‍ത്തത്. അപ്പച്ചന്റെ അടിയും വഴക്കും സഹിക്കാനാവാതാ ഞാന്‍ ചെറുപ്പത്തില്‍ വീട് വിട്ടുപോയതുതന്നെ. പക്ഷേ ഇന്നിപ്പോ എന്റെ മനസില്‍ അപ്പച്ചനോട് ദേഷ്യമില്ല. ഞാനെല്ലാം ക്ഷമിച്ചുകഴിഞ്ഞു. '' വളരെ കാലത്തെ പരിചയമുള്ളയാളോടെന്ന നിലയില്‍ ആല്‍ഫ്രഡ് അയാളോട് മനസ് തുറന്നു.
""ആല്‍ഫ്രഡ്, നീ നല്ലവനായെങ്കിലെനിക്കും സന്തോഷമുണ്ട്. ഞാന്‍ കുറച്ചുകാലം ജറോമിന്റെ സുഹൃത്തായിരുന്നു. തന്റെ പിതാവായതുകൊണ്ട്, പറയുന്നതു ശരിയല്ല, എങ്കിലും പറയാതെ വയ്യ, അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ നമുക്കിഷ്ടപ്പെടാത്ത പലതുമുണ്ടായിരുന്നു . തന്റെ സ്വഭാവവും അങ്ങനെതന്നെയാകുമെന്നൂഹിച്ചാ ഞാന്‍ തന്നോടിങ്ങനൊക്കെപ്പറഞ്ഞത്. ''
""അതോര്‍ത്ത് സാര്‍ വിഷമിക്കണ്ട. എന്റെയും അപ്പച്ചന്റെയും ചീത്തപ്പേര് മാറ്റിയെഴുതാനുദ്ദേശിച്ചാ എന്റെയീ രണ്ടാം വരവ്. എനിക്കെന്റെ കുടുംബത്തെ നോക്കണം. സമൂഹനന്‍മക്കുവേണ്ടിയും എന്തെങ്കിലും ചെയ്യണമെന്നുണ്ട്. .''
""എന്താ ആല്‍ഫ്രഡ് താനുദ്ദേശിച്ചത്? ''
""മദ്യപാനാസക്തിയുള്ളവര്‍ക്കും മയക്കുമരുന്നിനടിമകളായവര്‍ക്കും വേണ്ടിയൊരു റിഹാബിലിറ്റേഷന്‍
സെന്റര്‍ തുടങ്ങണമെന്നുണ്ടെനിക്ക്. മറ്റൊരാള്‍ കൂടി എന്നെ സഹായിക്കാനുണ്ട്. .''
""തന്റെ സഹായത്തിന് ഞാനും കൂടാം..ആല്‍ഫ്രഡിനെന്നെക്കുറിച്ചറിയില്ലായിരിക്കും. പണമെനിക്കേറെയുണ്ട്. മനസമാധാനമാ ഇല്ലാത്തത്....റിഹാബിലിറ്റേഷന്‍ സെന്ററിനുള്ള സ്ഥലം ഞാന്‍ തരാം. എന്റെ ഇളയമകന്‍ ലഹരിമരുന്നുകള്‍ക്കടിമയാ.. അവനും എങ്ങനെങ്കിലുമൊന്ന് രക്ഷപെടുന്നെങ്കിലാകട്ടെ.....അതാ കേട്ടയുടനെ പണം മുടക്കാമെന്ന് ഞാന്‍ സമ്മതിച്ചത്...''
""അങ്ങയുടെ പേരെന്താ. എവിടെയാ താമസം? ''
""ഇവിടടുത്ത് തന്നെയാ. വിസിറ്റിംഗ് കാര്‍ഡെടുത്ത് നീട്ടിക്കൊണ്ടയാള്‍ പറഞ്ഞു, പേര് ടോം. വിളിച്ചിട്ട് എന്റെ വീട്ടിലേക്ക് വന്നാമതി. . നമുക്കെല്ലാം വിശദമായി സംസാരിക്കാം.''
""ശരിയങ്കിള്‍ഞാനങ്ങയെ വന്ന് കണ്ടോളാം.എനിക്കൊപ്പം സഹായത്തിനുള്ളവരെയും ഞാന്‍ കൂട്ടാം..'' ടോം വണ്ടിയില്‍ കയറി യാത്രയായി. തിരിച്ചെത്തിയപ്പോള്‍ ആല്‍ഫ്രഡിന്റെ മുഖത്തെ സന്തോഷം കണ്ട് ബെറ്റിയും ജാനറ്റും വിവരങ്ങള്‍ ചോദിച്ചു. നടന്നതെല്ലാം ആല്‍ഫ്രഡ് അവരെ പറഞ്ഞുകേള്‍പിച്ചു
ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വന്നുകണ്ട് ബെറ്റിക്ക് ടോമിനെ പരിചയമുണ്ടായിരുന്നു. ടോം വലിയ പണക്കാരനാണന്നും അയാള്‍ക്ക് ടൗണിലൊരു ഫര്‍ണിച്ചര്‍ മാനുഫാക്ചറിംഗ് യൂണിറ്റുണ്ടെന്നും ബെറ്റി പറഞ്ഞു. ആല്‍ഫ്രഡ് ജയില്‍ഗാര്‍ഡിനെ ഫോണില്‍ വിളിച്ച് അടുത്തയാഴ്ച ടോമിനെ കാണാനെത്തണമെന്ന കാര്യം പറഞ്ഞുവച്ചു.
മുന്‍കൂട്ടി പറഞ്ഞിരുന്നതനുസരിച്ച് ആല്‍ഫ്രഡും ജയില്‍ഗാര്‍ഡും ടോമിനെ കാണാനെത്തി. ഗാര്‍ഡിന്റെ നിര്‍ദേശങ്ങള്‍ ടോമിന് ഇഷ്ടമായി. അയാള്‍ തന്റെ വ്യാപാരസ്ഥാപനത്തിന്റെ രണ്ടാം നില, ഫീസൊന്നുമില്ലാതെ റിഹാബിലിറ്റേഷന്‍ സെന്ററിന് നല്‍കാമെന്നേറ്റു. ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്നൊരു കോര്‍പറേഷന് കീഴിലാണ് സെന്‍ററിന്റെ പ്രവര്‍ത്തനം. ആല്‍ഫ്രഡ് സെന്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിരക്കിലായി.
അന്നൊരു ഞായറാഴ്ചയായിരുന്നു. അടുത്തുള്ള പള്ളിയില്‍ പോയി വന്ന ശേഷം, സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മറ്റുള്ളവരെ എങ്ങനെ സഹായിക്കണമെന്നമാലോചിച്ചും ആലോചനയിലാണ്ട് മുന്‍ വശത്തെ കസേരയിലിരിക്കുകയാണ് ആല്‍ഫ്രഡ്. ഒരുകൂട്ടമാളുകള്‍ മുന്നിലൂടെ കയറിവരുന്നതുകണ്ടയാളെഴുന്നേറ്റു. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സഹോദരിമാര്‍ റൂബിയും മോളിയും ജസിയുമായിരുന്നു അത്. കൂടെയുള്ളവര്‍ അവരുടെ ഭര്‍ത്താക്കന്‍മാരും മക്കളുമാണന്നയാളൂഹിച്ചു. അയാള്‍ വളരെ സന്തോഷത്തോടെ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു, മമ്മീ, ജാനറ്റ്... ഇതാരൊക്കെയാ വന്നിരിക്കുന്നതെന്ന് നോക്കിയേ. ജാനറ്റും ബെറ്റിയും പുറത്തേക്കുവന്നു. സംഭവിക്കുന്നതൊന്നും വിശ്വസിക്കാനാകാതെ ആല്‍ഫ്രഡ് ഒരുനിമിഷം നിന്നു. താനെത്രകൊതിച്ചിരുന്ന നിമിഷങ്ങളാണിതെന്നയാള്‍ മനസിലോര്‍ത്തു.
""ആല്‍ഫ്രഡ്, നിന്റെ പരിഭവം തീര്‍ത്ത് ഞങ്ങളൊരുമിച്ചാ നിന്നെ കാണാന്‍ വന്നിരിക്കുന്നത്. നഷ്ടമായ ഞങ്ങളുടെ സഹോദരനെ തിരികെകിട്ടിയ സന്തോഷം ഞങ്ങള്‍ക്ക് പങ്കിടണം. ഞങ്ങളുടെ കുടുംബങ്ങളെ ഇനിയെങ്കിലും ഞങ്ങള്‍ നിനക്ക് പരിചയപ്പെടുത്തേണ്ടേ?.'' റൂബി പറഞ്ഞു.
""ചേച്ചീ ഇത് ഞാന്‍ തീരെ പ്രതീക്ഷിക്കാഞ്ഞതുകൊണ്ടെനിക്ക് വളരെ സന്തോഷമായി. ജയിലായിരുന്നപ്പോള്‍ ഇത്തരമൊരവസരത്തിനുവേണ്ടി ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നോ? എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്നോ? .''
""ആല്‍ഫ്രഡ്, ഞങ്ങളെ സംബന്ധിച്ചും ഇത് സന്തോഷമുള്ള മുഹൂര്‍ത്തമാ. ഡേവിഡെന്തിയേ ജാനറ്റ്?.'' ചോദിച്ചുകൊണ്ട് മോളി അകത്തേക്ക് കയറി.
""അവന്‍ കാറ്റക്കെസിസത്തിനു പോയിരിക്കുവാ.....ഇപ്പ വരും..എല്ലാരും കേറി വാ.. ''.ജാനറ്റ് എല്ലാരെയും അകത്തേക്ക് ക്ഷണിച്ചു.
""എല്ലാരും ഒരുമിച്ച് കൂടിയല്ലോ. ദൈവത്തിനു നന്ദി..'' ബെറ്റി പറഞ്ഞു.

""നിങ്ങളറിഞ്ഞോ ഞാനിവിടെയൊരു റിഹാബിലിറ്റേഷന്‍ സെന്ററിന് തുടക്കമിടുന്നത്......'' എല്ലാവരോടും കുശലം പറഞ്ഞശേഷം ആല്‍ഫ്രഡ് ചോദിച്ചു.
""അതെയോ? ആരെങ്കിലും നിന്നെ സഹായിക്കാനുണ്ടോ?.''
""ടൗണില്‍ ഫര്‍ണിച്ചര്‍ കച്ചവടം നടത്തുന്ന ടോമിനെ അറിയുമോ. അദ്ദേഹമാ സാമ്പത്തികമായെന്നെ സഹായിക്കുന്നത്... ടോമിന് പപ്പയെ അറിയാമായിരുന്നു. ലാഭമോഹമില്ലാതെ പ്രവര്‍ത്തിക്കുന്നൊരു സ്ഥാപനത്തിന്റെ ചുമതലയുള്ള ഒരു ജയില്‍ ഗാര്‍ഡും സെന്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ടോമിന്റെ കെട്ടിടത്തിലെ രണ്ടാംനില ഞങ്ങള്‍ക്ക് ഫ്രീയായി തരാമെന്ന് പറഞ്ഞു. സെന്ററിന്റെ ഇവിടുത്തെ ചാര്‍ജെനിക്കാ.'' . .
""ഓ ഞാനെന്തായീ കേള്‍ക്കുന്നേ? എനിക്ക് സന്തോഷമായാല്‍ഫ്രഡ്. നമ്മുടെ നാട്ടില്‍ തന്നെ എത്ര കുടിയന്‍മാരാ ഉള്ളത്. ഇത് നേരത്തേയെങ്ങാനും തുടങ്ങിയിരുന്നെങ്കില്‍ നമ്മുടെ അപ്പച്ചനേം രക്ഷിക്കാമാരുന്നു..''
""അത് ശരിയാ ജസി പറഞ്ഞത് . പക്ഷേ ഇനി പറഞ്ഞിട്ടെന്താ കാര്യം. '' മോളി പറഞ്ഞു.
""ഇനിയെല്ലാരും അകത്തേക്ക് പോ. ആല്‍ഫ്രഡ് എല്ലാവരേയും കാണുന്നതാദ്യമായല്ലേ? വന്നളിയന്‍മാരോടും മക്കളോടുമൊക്കെ സംസാരിക്ക്....'' ബെറ്റി പറഞ്ഞു. ആല്‍ഫ്രഡ് ചെന്നെല്ലാവര്‍ക്കുമൊപ്പമിരുന്നു.
ബെറ്റി വളരെ സന്തോഷത്തിലായിരുന്നു. മക്കളെല്ലാം ഒത്തുകൂടിയതില്‍ അവരുടെ മനസ് വല്ലാതെ സന്തോഷിച്ചു. എല്ലാവര്‍ക്കും കൂടി പ്രഭാതഭക്ഷണം തികയില്ലല്ലോ എന്നോര്‍ത്ത് അവരുടെ മനസില്‍ വേവലാതിയായി. ""നിങ്ങള്‍ കാപ്പി കുടിച്ചിട്ടാണോ മക്കളേ പോന്നത്. നമുക്ക് കുറച്ച് സാധനങ്ങള്‍ റസ്റ്റോറന്റീനിന്ന് വരുത്തിയാലോ, നിങ്ങള്‍ വരുന്നതറിയാഞ്ഞതുകൊണ്ട് ഞാനൊന്നും കരുതിയുമില്ല. .''ബെറ്റി പറഞ്ഞു.
""വേണ്ട മമ്മീ, ഒന്നും വേണ്ട, ഞങ്ങള്‍ കഴിച്ചിട്ടാ വന്നത്. നമുക്കിത്തിരി വര്‍ത്തമാനം പറഞ്ഞിരിക്കാം..'' മോളി പറഞ്ഞു.
""എന്നാ വേഗം ഞാനിത്തിരി കാപ്പിയുണ്ടാക്കാ'മെന്ന് പറഞ്ഞ് ബെറ്റി അകത്തേക്കു പോയി. ജാനറ്റും പിന്നാലെ ചെന്നു.
ആല്‍ഫ്രഡ് എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു. ""ഞാനിങ്ങനെയൊരു സന്ദര്‍ഭം ഒരിക്കലും പ്രതീക്ഷിച്ചതല്ല. ജീവിതത്തെകുറിച്ച സകല പ്രതീക്ഷകളും അസ്തമിച്ച് ഹൃദയം തകര്‍ന്ന നിലയിലായിരുന്നു ഞാന്‍. ജയിലറക്കുള്ളിലെ ഇരുട്ടില്‍ ഒരു സാന്ത്വനമുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. മമ്മിയായിരുന്നു എന്റെ ഏക ആശ്വാസം. മമ്മിയെന്നെ തുടരെ കാണാന്‍ വന്നതോടെ, എനിക്കാരെങ്കിലുമൊക്കെയുണ്ടെന്നെനിക്ക് തോന്നിത്തുടങ്ങി. അല്ലായിരുന്നെങ്കില്‍....''ആല്‍ഫ്രഡിന്റെ കണ്ണുകള്‍ നിറയുന്നതുകണ്ട് മോളിയും ജസിയും റൂബിയും കണ്ണുകള്‍ തുടച്ചു.
മമ്മിയെനിക്ക് ബൈബിള്‍ സങ്കീര്‍ത്തനങ്ങള്‍ കൊണ്ടു വന്നതാ...വഴിത്തിരിവായത്. പിന്നെ ഞാന്‍ വായനയിലേക്ക് തിരിഞ്ഞു. ഏകാന്തതയുടെ ലോകത്ത് സങ്കീര്‍ത്തനങ്ങളെനിക്കാശ്വാസമായി. അവയെ മനസില്‍ ധ്യാനിച്ച് ഞാന്‍ ദൈവത്തെ അറിഞ്ഞു. അവിടുന്നറിയാതെ ഈ ജീവിതത്തില്‍ ഒന്നും നടക്കുന്നില്ലന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ബൈബിളും വായിച്ചു. എന്റെ ജയില്‍ ഗാര്‍ഡും നല്ലൊരു മനുഷ്യനായിരുന്നു. ഞാന്‍ വായിക്കുന്നതറിഞ്ഞപ്പോള്‍ അദ്ദേഹം എനിക്ക് മറ്റ് മതങ്ങളെകുറിച്ചുള്ള പുസ്തകങ്ങളും കൊണ്ടുതന്നു. എല്ലാം വായിച്ച് ഞാന്‍ പുതിയൊരു ലോകത്തായി, പുതിയൊരു മനുഷ്യനായി. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ എന്റെ നേതൃത്വത്തിലൊരുങ്ങുന്ന റിഹാബിലിറ്റേഷന്‍ സെന്ററിന്റെ പിന്നണിയിലും ആ ഗാര്‍ഡിന്റെ സേവനങ്ങളാണുള്ളത്. എനിക്കിനി നിങ്ങളുടെയെല്ലാം സഹായവും പിന്തുണയും വേണം.'' ആല്‍ഫ്രഡ് പറഞ്ഞുനിര്‍ത്തുമ്പോള്‍ പൂര്‍ണ നിശബ്ദതയായിരുന്നവിടെ.
""തീര്‍ച്ചയായും ഞങ്ങള്‍ അച്ചായനൊപ്പമുണ്ടാവും ''ജസി പറഞ്ഞു. ""അച്ചായന്‍ വീട് വിടുമ്പോള്‍ ഞാന്‍ ചെറിയ കുട്ടിയായിരുന്നു പിന്നെന്താ അച്ചായന്റെ ജീവിതത്തില്‍ സംഭവിച്ചത്?'' ജസി ചോദിച്ചു.
""അതൊക്കെ നീണ്ടൊരു കഥയാ ജസീ, ആല്‍ഫ്രഡ് പറഞ്ഞു. ഞാനിവിടുന്ന് പോയതിനുശേഷം ഫാക്ടറിയിലൊരു ജോലി തരപ്പെടുത്തി. ഒറ്റയ്ക്കായിരുന്നല്ലോ താമസം. വൈകാതെ മദ്യത്തിനും മയക്കുരുന്നിനും അടിമയായി. എന്താണ് ചെയ്യുന്നതെന്ന് ഒരു ബോധവുമില്ലായിരുന്നെനിക്ക്. കാണാനെത്തുമ്പോഴൊക്കെ മമ്മി പറഞ്ഞു, ജാനറ്റിനെ കല്യാണം കഴിക്കണമെന്ന്. പക്ഷേ ഇതേ സമയം തന്നെ എനിക്കൊത്തിരി ഗേള്‍ഫ്രണ്ട്‌സുണ്ടായിരുന്നു പട്ടണത്തില്‍. ഈ പെണ്ണുങ്ങളൊക്കെ മയക്കുമരുന്നിനടിമകളായിരുന്നു. ഒരു പെണ്ണുമായി സംസാരിക്കുമ്പോഴൊക്കെ തര്‍ക്കത്തിലേ അതവസാനിക്കുമായിരുന്നുള്ളൂ. മദ്യത്തിന്റെയും മയക്കുമരുന്നിന്‍െറയും ലഹരിയിലായതിനാല്‍ തര്‍ക്കങ്ങള്‍ക്ക് വാശിയേറും. ഒരുദിവസം തര്‍ക്കത്തിനിടെ അവള്‍ കത്തിയെടുത്തെന്നെ കുത്താന്‍ വന്നു. കത്തി ഞാന്‍ പിടിച്ചുവാങ്ങി അടുക്കളമേലുള്ള മേശയില്‍ വച്ചു. അവളോടിപ്പോയി വീണ്ടുമതെടുത്തെന്നെ കുത്താന്‍ വന്നു. രക്ഷപെടാനുള്ള ശ്രമത്തില്‍ അവളില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി ഞാനവളെ കുത്തി യിട്ടോടിരക്ഷപെട്ടു.. ഓട്ടത്തിനിടെ കത്തിയെടുത്ത് നദിയിലെറിഞ്ഞു. അടുത്ത ദിവസം പത്രത്തില്‍ അവരുടെ മരണത്തേകുറിച്ച വാര്‍ത്തയുണ്ടായിരുന്നു. എനിക്ക് വല്ലാതെ ഭയം തോന്നി. ഞാന്‍ വേഗം മമ്മിയുടെ അടുത്തേക്ക് പോയി. അവിടെ രണ്ടുനാള്‍ ചെലവിട്ട് തിരിച്ചെത്തി. പോലിസ് കൊലപാതകിയെ തെരയുന്ന കാര്യമറിഞ്ഞ് എന്റെ ഭയം ഇരട്ടിച്ചുകൊണ്ടിരുന്നു. പക്ഷേ ഭയന്നതുപോലൊന്നും സംഭവിച്ചില്ല. ആരുമെന്നെ തെരക്കിവന്നില്ല.''
""എന്നിട്ട് നീ പിന്നെങ്ങനെ പിടിക്കപ്പെട്ടു?'' മോളി ചോദിച്ചു. ആ പ്രശ്‌നം അങ്ങനങ്ങ് തീര്‍ന്നുവെന്ന് കരുതി. ഞാനൊരു നല്ല മനുഷ്യനായി ജീവിച്ചുവരികയായിരുന്നു. വീട്ടിലേക്ക് പോകുന്നതും കുറഞ്ഞു. ഒരുദിവസം വീട്ടില്‍ചെന്നപ്പോള്‍ ജാനറ്റിനെ ഞാന്‍ മറ്റൊരാള്‍ക്കൊപ്പം കണ്ടു. അവര്‍ അടുത്ത കൂട്ടുകാരാണന്ന് അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ വിഷമമായി. ഞാന്‍ വേഗം നാട്ടിലെ ജോലി വിട്ട് ടൗണിലേക്ക് പോയി. പിന്നീട് ഞാന്‍ വിവാഹിതയായൊരു യുവതിയെ പരിചയപ്പെട്ടു. ഭര്‍ത്താവിന്റെ ക്രൂരതയില്‍ മനംമടുത്ത് ഇറങ്ങിവന്നതാണന്ന് പറഞ്ഞപ്പോള്‍ താമസിക്കാനിടം നല്‍കി. കുറച്ചു നാളുകള്‍ക്ക്‌ശേഷം അവളും പോയതോടെ ഞാന്‍ വീണ്ടും തനിച്ചായി. കുറച്ചുനാള്‍ കഴിഞ്ഞ് ടൗണില്‍ വച്ചൊരു ദിവസം ജാനറ്റിനെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞു, അവള്‍ മറ്റേയാളെ ഉപേക്ഷിച്ചെന്നും ഒരു ജോലി തേടി നടക്കുകയാണന്നും.
ഞാന്‍ പറഞ്ഞതനുസരിച്ച് രണ്ടുദിവസത്തിനുശേഷം അവള്‍ വന്നെനിക്കൊപ്പം താമസിച്ചു. ജാനറ്റും ഞാനും മമ്മിയോടാലോചിച്ച് ഞങ്ങളുടെ കല്യാണം നിശ്ചയിച്ചു. ഞാനപ്പോഴും മദ്യപാനശീലം പൂര്‍ണമായി നിര്‍ത്തിയിരുന്നില്ല. ഒരു വൈകുന്നേരം ജാനറ്റ് പഴയ കൂട്ടുകാരനോട് വഴിയില്‍ സംസാരിച്ചുനില്‍ക്കുന്നതുകണ്ടെങ്കിലും ഞാന്‍ മിണ്ടാതെ പോന്നു, അവള്‍ വീട്ടില്‍ വന്നപ്പോള്‍, ആരോടായിരുന്നു സംസാരം എന്ന ചോദ്യത്തിന്അവള്‍ നുണപറഞ്ഞതെന്നെ ചൊടിപ്പിച്ചു. മദ്യലഹരിയില്‍ ഞാനവളോട് വഴക്കിട്ടു. കത്തിയുമെടുത്ത് അവളെ കുത്താനായി ഞാന്‍ പിന്നാലെ ഓടി. ഞാനൊരാളെ കൊന്നിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞത് കേട്ട് അവള്‍ ഭയന്നു. എന്നെ കൊല്ലാന്‍ വരുന്നൂന്ന് വിളിച്ചുപറഞ്ഞ് അവള്‍ ഇറങ്ങിയോടി. അയല്‍ക്കാര്‍ പോലിസിനെ വിളിച്ചു, അവരെത്തി എന്നെ അറസ്റ്റ് ചെയ്തു..''
""നീയതിനവളെ ഒന്നും ചെയ്തില്ലല്ലോ? പിന്നെങ്ങനാ നീയിത്രകാലം ജയിലില്‍ കിടക്കേണ്ടി വന്നത്?.''റൂബി ചോദിച്ചു.
""അതാ പറയുന്നത്, നമ്മളെന്തെങ്കിലും ഗുരുതര കുറ്റം ചെയ്താല്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്ന്. പോലിസ് എന്റെ വിരലടയാളമെടുത്തിരുന്നു. പരിശോധനയില്‍ അത് ജൂഡി കൊലപാതകകേസിലെ പ്രതിയുടേതെന്ന് കരുതുന്ന ഫിംഗര്‍പ്രിന്റിനോട് സാമ്യമുണ്ടെന്ന് കണ്ടെത്തി. പോലിസെന്നെ അറസ്റ്റ് ചെയ്ത്, ചോദ്യം ചെയ്തു. അങ്ങനൊരു സംഭവം ഓര്‍മയില്ലന്ന് ഞാന്‍ പറഞ്ഞെങ്കിലും അവരെന്നെ അറസ്റ്റ് ജയിലിലടച്ചു. ഫിംഗര്‍പ്രിന്റ് തെളിവായെടുത്ത് അവരെന്നെ കൊലപാതകത്തിന് 20 വര്‍ഷം ശിക്ഷിച്ചു. നല്ലപെരുമാറ്റത്തിന്റെ പേരിലാണിപ്പോ പതിനാലു വര്‍ഷമായപ്പോഴേക്കും ഞാന്‍ വിട്ടയക്കപ്പെട്ടത്.''
എല്ലാവരും അദ്ഭുതത്തോടെ പരസ്പരം നോക്കി. ""ജാനറ്റുമായി നീയെങ്ങനെ യോജിപ്പിലെത്തി. .'' റൂബി ചോദിച്ചു.

""അതിനൊക്കെ കാരണം മമ്മിയാ.. ജാനറ്റിനെന്നോടുള്ള സ്‌നേഹം മൂലം അവളെന്നെ വിട്ടുപോയില്ല. ഞാന്‍ മമ്മിയോട് പറഞ്ഞിരുന്നു ജാനറ്റിനെയൊന്ന് തിരക്കണമെന്ന്. അങ്ങനെ അവളെ കണ്ടുമുട്ടി. ഞാന്‍ പറഞ്ഞതനുസരിച്ച് ജാനറ്റ് മമ്മിക്കൊപ്പം എന്നെ കാണാന്‍ വന്നു. മമ്മിക്കൊപ്പം താമസവുമാക്കി. ഇപ്പോ കാര്യങ്ങളൊക്കെ നേരെയായല്ലോ. നമ്മളെല്ലാം ഒരുമിച്ചല്ലോ. എല്ലാം ഒരദ്ഭുതം പോലെ തോന്നുന്നു. എല്ലാം നേരെയാകാന്‍വേണ്ടി മമ്മി ഒത്തിരി സഹിച്ചിട്ടുണ്ട്. ഇനിയുള്ള കാലമെങ്കിലും മമ്മി സന്തോഷമായി കഴിയണം. എല്ലാവരുടെയും സ്‌നേഹം മമ്മിക്ക് സാന്ത്വനമാകണം.
ബെറ്റിയും ജാനറ്റും കാപ്പിയുമായി വന്നു. കാപ്പി കുടിക്കുന്നതിനിടെ മമ്മിയോടായി ജസി പറഞ്ഞു. ""മമ്മി കുറച്ചുനാള്‍ ഞങ്ങള്‍ക്കൊപ്പം വന്നു നില്‍ക്കണം. എന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കും മമ്മിയെ പരിചയമില്ല. അങ്ങനെ തന്നെയാ റൂബിയുടെയും മോളിയുടെയും കാര്യം. ആരുടെയും കുട്ടികള്‍ക്ക് പോലും മമ്മിയെ അറിയില്ല. .''
""അതേ മമ്മീ, ആല്‍ഫ്രഡും ജാനറ്റും കുറച്ചുദിവസം തനിയെ ജീവിക്കട്ടേ. റിഹാബിലിറ്റേഷന്‍ സെന്ററിന്റെപ്രവര്‍ത്തനം തുടങ്ങും മുമ്പ് അവര്‍ക്ക് വളരെ കാര്യങ്ങള്‍ തീര്‍ക്കാനുണ്ടാകും. കുറച്ചു നാള്‍ മമ്മി ഞങ്ങള്‍ക്കൊപ്പം കൂട്. ഉദ്ഘാടനത്തിന് വരുമ്പോള്‍ മമ്മിക്കും അവര്‍ക്കൊപ്പം പോകാം..'' മോളിയും പറഞ്ഞു.
എന്തു പറയണമെന്നറിയാതെ ബെറ്റി ഒരുനിമിഷം മിണ്ടാതെ നിന്നു. ""മമ്മി പോയിട്ട് വാ ... മമ്മിക്കൊരു ബ്രേക്ക് അത്യാവശ്യമാ..'' ആല്‍ഫ്രഡും ജാനറ്റും പറഞ്ഞു.
""ശരി കുട്ടികളേ. ഞാന്‍ കുറച്ചു ദിവസം നിങ്ങള്‍ക്കൊപ്പം നില്‍ക്കാം. ഞാനിനിയെത്രനാളുണ്ടാകുമെന്നാര്‍ക്കറിയാം. .'' ബെറ്റി ആത്മഗതം ചെയ്തു

(തുടരും......)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക