Image

ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട്, ഹൌസ് ഡ്രൈവര്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 30 October, 2017
ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട്, ഹൌസ് ഡ്രൈവര്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ മൂലം ജീവിതം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്‌കാരികവേദിയുടെ ഇടപെടലില്‍, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം സ്വദേശിയായ ഉബൈസ് ഷാജഹാന്‍ ഒന്നരവര്‍ഷം മുന്‍പാണ് ദമ്മാം കൊദറിയയില്‍ ഒരു സൗദി ഭവനത്തില്‍ ഹൌസ് ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. എന്നാല്‍ നാട്ടില്‍ നിന്നും ലഭിച്ച വാഗ്ദാനപ്രകാരമുള്ള ശമ്പളമോ അനുകൂല്യങ്ങളോ കിട്ടിയില്ല എന്ന് മാത്രമല്ല, ആ വലിയ വീട്ടിലെ പുറംജോലികളും അയാള്‍ക്ക് ചെയ്യേണ്ടി വന്നു. മതിയായ വിശ്രമമില്ലാതെ രാപകല്‍ ജോലി ചെയ്യേണ്ടി വന്നപ്പോള്‍ ആരോഗ്യവും മോശമായി. പലപ്പോഴും ശമ്പളം സമയത്ത് കിട്ടാതെ കുടിശ്ശികയായതോടെ സാമ്പത്തികമായും ഉബൈസ് ദുരിതത്തിലായി.

സഹികെട്ടപ്പോള്‍ തനിയ്ക്ക് ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്നും ഫൈനല്‍ എക്‌സിറ്റ് തരണമെന്നും ഉബൈസ് ആവശ്യപ്പെട്ടു. ഇത് കേട്ട് കുപിതനായ സ്‌പോണ്‍സര്‍ അയാളെ മര്‍ദ്ധിയ്ക്കുകയും ചെയ്തു.

ജീവിതം വഴിമുട്ടിയ ഉബൈസ്, കൊദറിയയില്‍തന്നെ ജോലി ചെയ്യുന്ന നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അംഗമായ സനു മഠത്തിലിനെ സമീപിച്ചു സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സാനുവിന്റെ നേതൃത്വത്തില്‍ നവയുഗം ദല്ലാ യൂണിറ്റും, ദമ്മാം മേഖലകമ്മിറ്റിയും ഉബൈസിനെ സഹായിയ്ക്കാന്‍ മുന്നിട്ടിറങ്ങി.

സനുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ഉബൈസിന്റെ സ്പോണ്‍സറെ നേരിട്ട് ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. കരാര്‍ കാലാവധി കഴിയാത്തതിനാല്‍ ഉബൈസിന് എക്‌സിറ്റ് നല്‍കാന്‍ കഴിയില്ലെന്നും, അങ്ങനെ എക്‌സിറ്റ് നല്‍കണമെങ്കില്‍ ഇരുപതിനായിരം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു. പലപ്രാവശ്യം നടത്തിയ ഒത്തുത്തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഒടുവില്‍, രണ്ടായിരം റിയാല്‍ തന്നാല്‍ ഫൈനല്‍ എക്‌സിറ്റ് തരാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.

നവയുഗം ദമ്മാം മേഖലകമ്മിറ്റിയുടെ കീഴില്‍ വരുന്ന പ്രവര്‍ത്തകര്‍ പിരിവെടുത്ത്, സ്‌പോണ്‍സര്‍ക്ക് നഷ്ടപരിഹാരം നല്‍കി, ഉബൈസിന് ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കി. സനുവിന്റെ നേതൃത്വത്തില്‍ നവയുഗം പ്രവര്‍ത്തകര്‍ തന്നെ വിമാനടിക്കറ്റും, കുറച്ചു സഹായധനവും ഉബൈസിന് നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഉബൈസ് ഷാജഹാന്‍ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: ഉബൈസ് ഷാജഹാന് (വലത്) സനു മഠത്തില്‍ യാത്രാരേഖകള്‍ കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക