Image

വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് സിദ്ധിഖ്..ഇതാണ് കാരണം

Published on 30 October, 2017
വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് സിദ്ധിഖ്..ഇതാണ് കാരണം

വില്ലന്‍ സിനിമയില്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ ചിത്രത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായം തുറന്ന് പറയായിരുന്നുവെന്ന് സിദ്ധിഖ്. തന്റെ സിനിമയായതുകൊണ്ട് എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വില്ലനെതിരെ വരുന്ന വിമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നുന്നതിനു കാരണം ഇതാണ്

ഞാന്‍ ഇന്നലെയാണ് “വില്ലന്‍” സിനിമ കണ്ടത്. ഈ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അഭിനയിച്ചില്ലായിരുന്നെങ്കില്‍ ഈ സിനിമയേക്കുറിച്ചു എനിക്ക് തോന്നിയ അഭിപ്രായം തുറന്നു പറയാമായിരുന്നു. ഇതിപ്പം എന്റെ സിനിമയല്ലേ? ഞാന്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളു. എന്നാലും എനിക്ക് പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റുന്നില്ല.

ഞാന്‍ ഈ അടുത്തകാലത്തു കണ്ടതില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് “വില്ലന്‍”. വ്യക്തി ബന്ധങ്ങളുടെ ആഴങ്ങള്‍ ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. മോഹന്‍ലാലും മഞ്ജുവും തമ്മില്‍, ഞാനും മോഹന്‍ലാലും തമ്മില്‍, വിശാലും ഹന്‍സികയും ഒക്കെ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് എന്തൊരു ദൃഢതയാണ്! ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍, കരുതലുകള്‍ ഒക്കെ എത്ര ഭംഗി ആയിട്ടാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നമ്മുടെ സാമാന്യ യുക്തിക്കു നിരക്കാത്ത ഒരു സസ്‌പെന്‌സിലൂടെ പ്രേക്ഷകരെ “ഞെട്ടിക്കാന്‍” സംവിധായകന്‍ ശ്രമിച്ചിട്ടില്ല എന്നത് ഒരു പോരായ്മയായി എനിക്ക് തോന്നിയില്ല.

സ്വപ്നലോകത്തു നിന്ന് ഇറങ്ങി വന്നു നമ്മളെ കൊണ്ട് കയ്യടിപ്പിച്ചു കടന്നു പോകുന്ന ഒരു നായകന്‍ ഈ ചിത്രത്തിലില്ല. പകരം ജീവിത യാഥാര്‍ത്യങ്ങള്‍ കണ്ടു പതം വന്ന ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് ഇതിലെ നായകന്‍. ജീവിതത്തില്‍ ഒരാള്‍ അനുഭവിക്കേണ്ടി വരുന്ന തീക്ഷ്ണമായ വേദന മഞ്ജു വാരിയര്‍ എന്ന അഭിനേത്രിയുടെ ഒരു കണ്ണിലൂടെ നമുക്ക് കാണാം.നന്നായി അഭിനയിക്കുമ്പോഴല്ല അഭിനയിക്കാതിരിക്കുമ്പോഴാണ് ഒരു നടന്‍ നല്ല നടനായി മാറുന്നതെന്ന് മലയാളിയെ മനസിലാക്കി തന്ന മോഹന്‍ലാല്‍, ഒരു നടന്‍ എന്ന നിലയ്ക്ക് ഞാന്‍ ഇനി എന്തെല്ലാം പഠിക്കാനിരിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ എന്നെ ബോധ്യപ്പെടുത്തുന്നു. സാങ്കേതികത്തികവില്‍ മലയാള സിനിമ മറ്റു ഭാഷാ ചിത്രങ്ങളോട് മത്സരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നു.

തുടക്കത്തില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ മാറ്റി പറയുന്നതില്‍ എന്നോട് ക്ഷമിക്കണം. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം വില്ലന്‍ ബി ഉണ്ണിക്കൃഷ്ണന്റെയൊ , മോഹന്‍ലാലിന്റെയൊ വിശാലിന്റെയൊ മാത്രം സിനിമയല്ല, എന്റെയും കൂടിയല്ലേ..ഈ സിനിമക്ക് എല്ലാ വിജയാശംസകളും നേര്‍ന്നുകൊണ്ട് നിങ്ങളുടെ സ്വന്തം സിദ്ധിഖ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക