Image

ഏറുമാടത്തിന്റെ വിങ്ങലുകള്‍ (ജെസ്സി ജിജി)

Published on 31 October, 2017
ഏറുമാടത്തിന്റെ വിങ്ങലുകള്‍ (ജെസ്സി ജിജി)
രാത്രിയുടെ നിശബ്ദതയ്ക്കു ആഴം കൂടി വന്നപ്പോള്‍ . മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ തിരി അല്‍പ്പം നീട്ടി വച്ച് അമ്മ നീട്ടി വിളിച്ചു."മക്കളെ വന്നേ, നേരം ഒത്തിരി ഇരുട്ടുന്നതിനുമുന്പ് കുരിശു വരക്കാം. ". പഴയ പുല്‍പ്പായ തട്ടിക്കുടഞ്ഞു ചാണകം മെഴുകിയ തറയില്‍ വിരിച്ചു , രാവിലത്തെ അധ്വാനം തളര്‍ത്തിയ നടുവും കാലുകളുമായി , കാലുകള്‍ നീട്ടി വച്ച് 'അമ്മ ഇരുന്നു. നാലു വയസ്സുകാരി ഓടി വന്ന് അവളുടെ മടിയില്‍ കയറി ഇരുന്നു. പുറകിനാലെ അവളുടെ ചേട്ടനും വന്ന് ആ പായുടെ ഓരം പറ്റി ഇരുന്നു. "അല്ല , എവിടെ സെലിന്‍ ? എടി സെലിനെ , ഒന്ന് വേഗം വന്നേ, മണ്ണെണ്ണ തീരാറായി.. ഇനി ചാച്ചന്‍ വരണം റേഷന്‍ കടയില്‍ നിന്നും മണ്ണെണ്ണ വാങ്ങാന്‍". ഇതാ വരുന്നു അമ്മെ.. ഈ കപ്പ ഒന്ന് ഇളക്കിക്കോട്ടെ "

" മക്കളെ ചാച്ചന്റെ കാലില്‍ ഒരു മുള്ളു പോലും കൊള്ളിക്കല്ലേ എന്ന് പ്രാര്‍ത്ഥിക്കു. " പാതിയുറക്കത്തില്‍ ചിമ്മിയ മിഴികളുമായി അമ്മയുടെ മടിയില്‍ ഇരുന്ന് ആ നാല് വയസ്സുകാരി പ്രാര്‍ത്ഥിച്ചു. "ഈശോയെ ചാച്ചന്റെ കാലില്‍ ഒരു മുള്ളു പോലും കൊള്ളിക്കരുതേ ". അപ്പോള്‍ അവളുടെ മനസ്സില്‍ ഒരാഴ്ച കഴിഞ്ഞു ചാച്ചന്‍ വന്നാല്‍ വാങ്ങി തരുന്ന , മത്തായി ചേട്ടന്റെ ചായക്കടയിലെ കൊതി പിടിപ്പിക്കുന്ന ബോണ്ട ആയിരുന്നു. അതിന് ചാച്ചന്റെ കാലില്‍ ഒരു മുള്ളുപോലും കൊള്ളാതെ തിരിച്ചു വരണം. " അത്രയ്ക്ക് വലിയ മുള്ള് ചാച്ചന്‍ പോയ കാട്ടില്‍ ഉണ്ടോ". "അമ്മെ ". മിണ്ടാതിരുന്ന് പ്രാര്‍ത്ഥിക്കു മോളെ.. "

ചാണകം മെഴുകിയ തറയില്‍ വിരിച്ച പായില്‍ അമ്മയോടൊപ്പം ചേര്‍ന്ന് കിടക്കുമ്പോള്‍ അവളുടെ ഉള്ളില്‍ ഒരായിരം ചോദ്യങ്ങള്‍ ആയിരുന്നു. "അമ്മെ അപ്പോള്‍ ചാച്ചന്‍ രാത്രിയില്‍ എവിടാ കിടക്കുക " " അത് ഏറുമാടത്തില്‍ ആണ്" " ഏറു മാടത്തിലോ, അതെന്താ അമ്മെ ?" ", അതോ , അത് ചാച്ചന്‍ കാട്ടില്‍ അല്ലെ. അവിടെ ആന ഒക്കെ വരുമ്പോള്‍ , ഏറുമാടത്തിലാ കിടക്കുക.. പിന്നെ തീയും കത്തിക്കും. തീ കണ്ടാല്‍ ആന അടുക്കില്ലത്രേ ". എന്നാല്‍ പിന്നെ എന്തിനാ അമ്മെ ചാച്ചന്‍ കാട്ടില്‍ പോകുന്നത് ? " അപ്പോള്‍ മോള്‍ക്ക് ബോണ്ട വേണ്ടേ, പിന്നെ സ്കൂളില്‍ പോകാന്‍ പുസ്തകം ഒക്കെ വേണ്ടേ? അതിന് പൈസ വേണ്ടേ ?... മറുപടി ഒന്നും കേള്‍ക്കാതായപ്പോള്‍ 'അമ്മ വശത്തിലേക്കു തിരിഞ്ഞു നോക്കി. ഒരു ചെറുപുഞ്ചിരി ഉറങ്ങുമ്പോഴും ആ കുഞ്ഞുമുഖത്തു തത്തി കളിക്കുന്നുണ്ടായിരുന്നു.

ഒരു നെടുവീര്‍പ്പോടെ 'അമ്മ തിരിഞ്ഞുകിടന്നു. ഒരു ചോദ്യചിന്ഹമായി ജീവിതം മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടപ്പുണ്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭര്‍ത്താവിന്റെ കൈ പിടിച്ചു ഇവിടേയ്ക്ക് വന്നു. രാവുകള്‍ പകലുകള്‍ ആക്കി , കാട് വെട്ടി തെളിച്ചു. രാത്രി മൊത്തം തീ കൂട്ടി, ആന വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കാവല്‍ ഇരുന്നു. ജീവിതത്തോണിയില്‍ ഒപ്പം തുഴയുന്ന സഹയാത്രികനൊപ്പം കൂട്ടായി നാലഞ്ചു കുഞ്ഞു ജീവിതങ്ങള്‍ കൂടി. ആറേഴു വയറുകള്‍ നിറയുന്നതോടൊപ്പം , ഇതുങ്ങളെ ഒക്കെ ഒരു കര പറ്റിക്കണം.

. മണ്ണിനോട് പട വെട്ടിയതുകൊണ്ടു മാത്രം ഒന്നും ആകുന്നില്ല. പട്ടിണി പോലും മാറ്റാന്‍ പറ്റുന്നില്ല. അതുകൊണ്ടാണ് കൂട്ടുകാര്‍ക്കൊപ്പം കുട്ടികളുടെ ചാച്ചന്‍ കാട് കേറുന്നത്. കാട്ടില്‍ നിന്നും ശേഖരിക്കുന്ന ചൂരല്‍ കൊണ്ടുവന്ന്, കൊട്ട നെയ്ത്, ചന്തയില്‍ കൊണ്ട് വിറ്റാല്‍, ആ പൈസ കൊണ്ട് ജീവിതച്ചിലവുകള്‍ നടത്താം. അതുകൊണ്ടല്ലേ ജീവന്‍ കൈയില്‍ പിടിച്ചുള്ള ഈ സാഹസം... "ഈശോയെ കാത്തുകൊള്ളണമേ.... " നിദ്രാദേവി പതുക്കെ ആ അമ്മയുടെ കണ്ണുകളെ തഴുകി... അപ്പോള്‍ ആ 'അമ്മ കണ്ട സ്വപ്നം എന്തായിരിക്കും.... വര്ഷങ്ങള്‍ക്കപ്പുറത്തു, മനോഹരമായ വീട്ടില്‍, തന്റെ മക്കളും കൊച്ചുമക്കളും ഒക്കെ ആയി, ഭര്‍ത്താവിനോടൊപ്പം , ഓര്‍മ്മകള്‍ അയവിറക്കി ഉള്ള ഒരു വിശ്രമജീവിതം , പിന്നെ ഭയം കൂടാതെ, ഒരുകാലത്തു തന്റെ ഭര്‍ത്താവിനെ സംരക്ഷിച്ച ആ ഏറുമാടത്തിലേക്കുള്ള ഒരു യാത്ര.........


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക