Image

പിറന്നാള്‍ ആശംസകള്‍ - (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 01 November, 2017
പിറന്നാള്‍ ആശംസകള്‍ - (കവിത: രാജന്‍ കിണറ്റിങ്കര)
അറുപത്തിയൊന്നിന്റെ

മധുരം നുണയുന്ന

മലയാള ഭൂവിന്റെ

പിറവി ദിനം...

 

കേര വൃക്ഷങ്ങളാല്‍

പേരിട്ടു ചൊല്ലിയ

കേരളം നമ്മുടെ

ജന്മ ഭൂമി.

 

മത ജാതി ഭേദങ്ങള്‍

കാവ് തീണ്ടാത്തൊരു

ശാന്തി വിളയുന്ന

പുണ്യഭൂമി..

 

തുഞ്ചനും കുഞ്ചനും

പാടി പഠിപ്പിച്ച

ഭാഷയെ കാക്കുന്ന

ശ്രേഷ്ഠ ഭൂമി..

 

കാലവര്‍ഷത്തില്‍

കോമരം തുള്ളുന്ന

പച്ചില കാടുള്ള

ഹരിത ഭൂമി

 

സര്‍വ ലോകത്തെയും

ഒന്നായി കാണുന്ന

ഗുരുദേവന്‍ പിറന്നൊരു 

പവിത്ര ഭൂമി ..

 

പുഴകളും, കായലും

കാടും മലകളും

കവിത രചിക്കുന്ന

സര്‍ഗ്ഗ ഭൂമി.

 

അശരണരെ തന്റെ

ചിറകിലൊളിപ്പിക്കും

അമ്മ മനസ്സുള്ള

മാതൃ ഭൂമി...

 

സഹ്യന്റെ മടിയില്‍

തലചായ്ച്ചുറങ്ങുന്ന

ശാലീനയായൊരു

ധന്യ ഭൂമി…  

 

മാവേലി മന്നന്‍

വഴികാട്ടി നല്‍കിയ

കള്ളമില്ലാത്തോരു

സത്യ ഭൂമി...

 

രാവും പകലും

വിശ്രമമില്ലാതെ

പണിയെടുക്കുന്നോരുടെ

രക്ത ഭൂമി. ..

 

കലകളും സാഹിത്യ

കായിക രംഗവും

പുകള്‍ പേരുകേട്ടൊരു

നന്മ ഭൂമി.

 

വിളകൊയ്യും വയലുകള്‍

സമൃദ്ധി പകരുന്ന

നിറവിന്റെ ഭൂവിത്

അന്ന ഭൂമി...

 

ആശംസകള്‍

ഞങ്ങള്‍ നേരുന്നു

ജനനീ,

ഇനിയുമാ മാറിലെ

മധുരം നുകരുവാന്‍

അമരയായി വാഴുക

യുഗാന്തരങ്ങളില്‍....

 

 (രാജന്‍ കിണറ്റിങ്കര)

പിറന്നാള്‍ ആശംസകള്‍ - (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
Ponmelil Abraham 2017-11-01 07:54:48
Happy Keraladinam to one and all. Beautiful poem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക