Image

ചില കേരളദിന ചിന്തകള്‍ (ഡി. ബാബു പോള്‍)

Published on 01 November, 2017
ചില കേരളദിന ചിന്തകള്‍ (ഡി. ബാബു പോള്‍)
കേരളപ്പിറവിദിനം ഒരിക്കല്‍ക്കൂടെ. ഒരു ചെറിയ കാര്യം പറഞ്ഞ് തുടങ്ങാം. ഇന്ന് വഴിയായ വഴിനീളെ സെറ്റുമുണ്ട് ഉടുത്ത് സ്ത്രീകളും, ഏത് മുണ്ടിനെയും ‘അഭിമാനമുണ്ട്’ ആക്കി പുരുഷന്മാരും ദൃശ്യമാകും. ഈ കൃത്രിമത്വം എനിക്ക് എന്നും അരോചകമായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. നമ്മുടെ വേഷം ഒറ്റമുണ്ട് ആയിരുന്നു. പൗളീനോസ് പാതിരി അടക്കം ധര്‍മരാജാവിനെ മുഖം കാണിച്ച പരദേശികളൊക്കെ മലയാളിയുടെ ലാളിത്യത്തെ ശ്ലാഘിക്കവെ പറഞ്ഞിട്ടുള്ള ഒരുസംഗതി രാജാവ് പോലും ഒറ്റമുണ്ട് ഉടുക്കുന്ന നാടാണ് കേരളം എന്നതാണ്.

സ്ത്രീകളുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പുറത്തുനിന്ന് വന്നവരാണ് നമ്മെ നാണം പഠിപ്പിച്ചത്. സുറിയാനി ക്രിസ്ത്യാനികളുടെ ദേവാലയങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ടിട്ട് തുടങ്ങിയിട്ട് കഷ്ടിച്ച് ഇരുന്നൂറ് കൊല്ലമേ ആയിട്ടുള്ളൂ. വസ്ത്രവിധാനചരിത്രം അല്ല ഈ കുറിപ്പിന്റെ വിഷയം. എങ്കിലും വിവരമില്ലാത്തവര്‍ മലയാളിയാണെന്ന് ഉദ്‌ഘോഷിക്കാന്‍ ആണ്ടിലൊരിക്കല്‍ കസവുകവിണി അണിയുന്നത് വിവരം ഇല്ലാത്തതുകൊണ്ടാണ് എന്ന് പറയാതിരിക്കാന്‍ വയ്യാത്തതുകൊണ്ട് പറഞ്ഞുപോയി; അത്ര തന്നെ.

കഴിഞ്ഞ അറുപതുവര്‍ഷം കൊണ്ട് കേരളം ഒരുപാട് മാറി. ആ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം മലയാളം സംസാരിക്കുന്ന ജനങ്ങളുടെ സംസ്കാരത്തില്‍ ഉണ്ടായ ഒരുതരം ഏകീഭാവം ആണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍പോലും മലയാളഭാഷയ്ക്ക് ഒരു മാനകം ഉണ്ടായിരുന്നില്ല. ചുനങ്ങാട്ട് ചാത്തുമേനോന്‍ ബൈബിള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ കാലം (ബെയ്‌ലിയുടെ പേരില്‍ അറിയപ്പെടുന്ന വിവര്‍ത്തനത്തിന്റെ കൈക്കാരന്‍ ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍ ആയിരുന്ന ചാത്തുമേനോന്‍ ആയിരുന്നു).

ബൈബിള്‍ വിവര്‍ത്തനം ചെയ്യാന്‍ പുറപ്പെട്ട ചാത്തുമേനോനെ അഭിമുഖീകരിച്ച ആദ്യത്തെ ചോദ്യം, ‘ഏത് മലയാളം’ എന്നതായിരുന്നു. അക്കാലത്ത് ഗോകര്‍ണം മുതല്‍ മഴു വീണ ഇടം വരെ ഉള്ള ഭാഷ മലയാളം എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഓരോ ഭൂപ്രദേശത്തിനും ഓരോ സമുദായത്തിനും മലയാളം പ്രതിഭിന്നം ആയിരുന്നു. പമ്പയാര്‍ മുതല്‍ പെരിയാര്‍ വരെ ഉള്ള പ്രദേശത്ത് നായന്മാരും സുറിയാനി ക്രിസ്ത്യാനികളും ഒരേതരം മലയാളം ആണ് ഉപയോഗിച്ചിരുന്നത് എന്ന് നിരീക്ഷിച്ച ചാത്തുമേനോന്‍ ആണ് ആ മലയാളം വിവര്‍ത്തനത്തിന് ഉപയോഗിക്കണം എന്ന് നിശ്ചയിച്ചത്. അതിനുശേഷം ആണല്ലോ പാഠപുസ്തകങ്ങളും ഒരു മാനകമലയാളവും ഒക്കെ ഉണ്ടായത്. ഈ പ്രക്രിയ 1956 നവംബറിനുശേഷം കൂടുതല്‍ ത്വരിതഗതിയിലായി. ഇന്ന്, 2017ല്‍, ഉച്ചാരണഭേദങ്ങളും പ്രാദേശികശൈലികളും ഏറിയും കുറഞ്ഞും തുടരുന്നുണ്ടെങ്കിലും വരമൊഴി മലയാളം ഒരു ആധികാരികഭാവം കൈവരിച്ചിരിക്കുന്നു.

വരമൊഴി മാത്രം അല്ല താനും. വരികയില്ല എന്നതിനുപകരം വരില്ല എന്ന് പറയാന്‍ തെക്കുള്ളവരും സാധ്യമല്ല (ഒക്കുകയില്ല) എന്നതിനുപകരം ഒക്കത്തില്ല എന്ന് പറയാന്‍ വടക്കുള്ളവരും പഠിച്ചു. ഏത്തയ്ക്കാപ്പത്തെ പഴംപൊരി ആക്കിയത് പരശുറാം എകസ്പ്രസിലെ പാന്‍ട്രികാര്‍ ജീവനക്കാരാണ് എന്ന് നാം പലപ്പോഴും ഓര്‍ക്കാറില്ലെങ്കിലും ഇപ്പോള്‍ തിരുവനന്തപുരത്തും ഏത്തയ്ക്കാപ്പം ചോദിച്ചാല്‍ പഴംപൊരി തന്നെ അല്ലേ എന്ന മറുചോദ്യം വരുന്ന അവസ്ഥ ആയി.

തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ടത് 1949 ല്‍ ആയിരുന്നു. എന്നാല്‍ മാനസികമായി ഇപ്പറഞ്ഞ രണ്ട് നാട്ടുരാജ്യങ്ങളും മോരും മുതിരയും കണക്കെ ആയിരുന്നു. വടക്കന്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നുമാത്രം. ഈ അവസ്ഥ മാറാനും ഐക്യകേരളം വഴിവച്ചു. മലബാറില്‍ നിന്നുള്ളവരും സ്‌റ്റേറ്റുകാരും എന്ന ചിന്തയായിരുന്നു അതിന്റെ പിന്നില്‍ എന്ന് പറയാമായിരിക്കും. എങ്കിലും തിരുവിതാംകൂര്‍കൊച്ചി സംയോജനം പൂര്‍ണമായത് കേരളം ഉണ്ടായതോടെയാണ്.

സാംസ്കാരികമായി പരിഗണിക്കുമ്പോള്‍ കേരളപ്പിറവി തെക്കന്‍ കേരളത്തില്‍ (പഴയ തിരുവിതാംകൂര്‍കൊച്ചി) കൊണ്ടുവന്ന ഒരു ദോഷം കൂടെ പറയണം. എന്റെ ബാല്യകാലത്ത് വസ്ത്രധാരണം കൊണ്ട് പുരുഷന്മാരെ ജാതി തിരിച്ച് അറിയുവാന്‍ കഴിഞ്ഞിരുന്നില്ല ഈ പ്രദേശത്ത്. മുണ്ട് ഇടത്തോട്ട് ഉടുക്കുന്നവരായി തമിഴരും മുസ്ലീമുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് തിരുവിതാംകൂര്‍ കൊച്ചി പ്രദേശത്ത് പര്‍ദ്ദയും മലബാറിലെ സാമുദായിക വേഷവിധാനങ്ങളും അസാധാരണമല്ലാതായിരിക്കുന്നു. ഇത്ര കടന്ന ഒരു സ്വത്വാന്വേഷണം വേണ്ടതുണ്ടോ എന്ന സംശയം അസ്മാദൃശന്മാരെ അലട്ടാതിരിക്കുന്നില്ല.

രാഷ്ട്രീയത്തില്‍ ജാതിയും മതവും കലരുന്നത് പുതിയ കാര്യം അല്ല. എന്നാല്‍ പഴയ തിരുവിതാംകൂറില്‍ ജാതി പൊതുജീവിതത്തില്‍ കടന്നുവന്നത് ഒരു മനുഷ്യാവകാശവിഷയം ആയിട്ടാണ്. മാറ് മറയ്ക്കാനുള്ള സമരം തെക്കന്‍ കേരളത്തില്‍ പ്രധാനമായും ഇന്നത്തെ കന്യാകുമാരി ജില്ലയില്‍ ഉണ്ടായത് ജാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നുവെങ്കിലും ആ സമരം വര്‍ഗീയമായിരുന്നില്ല. അയ്യങ്കാളിയുടെ മിഷണറി പ്രവര്‍ത്തനത്തിന്റെയും അന്തര്‍ധാരാ മനുഷ്യാവകാശപരിഗണനകള്‍ ആയിരുന്നു.

അതേസമയം ജാതിചിന്ത വളരാന്‍ സന്ദര്‍ഭം ഉണ്ടാകാതിരുന്നില്ല. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ സ്ഥാപിച്ചപ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന തരം എതിര്‍പ്പ് തന്റെ പിന്‍ഗാമികള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ വേണ്ടി നായര്‍ സമുദായത്തെ അധികാരത്തിന്റെ ഉന്നതസോപാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. രാമയ്യന്‍ മുതല്‍ സി.പി. രാമസ്വാമി അയ്യര്‍ വരെ ഉള്ളവര്‍ വാണിരുന്ന ഇരുനൂറ് സംവത്സരക്കാലത്ത് കഷ്ടിച്ച് ഒരു പത്തുപന്ത്രണ്ട് കൊല്ലം മാത്രം ആണ് നായര്‍സമുദായത്തില്‍ നിന്ന് ദളവായും ദിവാനും ഉണ്ടായത്. യുഗപ്രഭാവനായ രാജാ കേശവദാസനും ചരിത്രത്തില്‍ പ്രസിദ്ധനായ വേലുത്തമ്പിയും ഒക്കെ ഉള്‍പ്പെടെ പരിഗണിച്ചാലും. അങ്ങനെ മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭണം തുടങ്ങിയ സംഭവങ്ങള്‍ തിരുവിതാംകൂറില്‍ അരങ്ങേറി. അത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാത്തവണ്ണം സമൂഹത്തെ ജാതിചിന്ത ഗ്രസിക്കുവാന്‍ ഇടയാക്കി. മലബാറിലാണെങ്കില്‍ ടിപ്പുവിന്റെ പടയോട്ടം സൃഷ്ടിച്ച വികാരങ്ങള്‍, ഖിലാഫത്ത് തുടങ്ങിയവയും ഇങ്ങനെ ചേര്‍ത്തുവായിക്കണം.

പറയുന്നത്, നമ്മുടെ രാഷ്ട്രീയ ജീവിതത്തില്‍ ജാതിമത ചിന്തകള്‍ ഉണ്ടായത് ചരിത്രത്തിന്റെ ശേഷിപ്പായിട്ടാണ് എന്നാകുന്നു. ഇന്ന് അത് കൂടുതല്‍ പ്രകടമാകുന്നു എന്നതാണ് വ്യത്യാസം.
ഇത് പ്രഥമദൃഷ്ട്യാ തോന്നുന്നത്ര നിരാശ ജനിപ്പിക്കേണ്ടതില്ല. വിദ്യാഭ്യാസ നിലവാരം വര്‍ധിക്കുമ്പോള്‍ ഇതിനൊക്കെ കുറെ മാറ്റം വരും. മലബാറിലെ മുസ്ലീംസമുദായം ഒരുദാഹരണമാണ്. സി.എച്ച്. മുഹമ്മദ്‌കോയ കുട നന്നാക്കുന്നവരെയെല്ലാം പിടിച്ച് അറബി മുന്‍ഷിമാരാക്കി എന്നൊക്കെ നാം ഒരുകാലത്ത് പരിഹസിച്ചിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ച്ചയാണ് കൂടുതല്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം തേടുന്നതും സ്വാഭാവികമായി അവരുടെ വിവാഹപ്രായം ഉയരുന്നതും മുസ്ലീമുകളുടെ പ്രജനനനിരക്ക് കുറയുന്നതും. സുറിയാനി ക്രിസ്ത്യാനികളുടെ മാതിരി നെഗറ്റീവ് റേറ്റ് ആകാന്‍ കാലം ഏറെ പിടിക്കുമെങ്കിലും മലപ്പുറം ജില്ലയില്‍ 1971 ല്‍ ഉണ്ടായിരുന്നതിന്റെ പകുതിയോളമായി ഇപ്പോള്‍ വിദ്യാഭ്യാസം കൂടുതല്‍ സാര്‍വത്രികമായപ്പോള്‍. അക്ഷരം തന്നെയാണ് മന്ത്രം.

മുസ്ലീംലീഗിന്റെ സ്വാധീനതയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. കുറെ മണ്ഡലങ്ങള്‍ ഇന്നും അവരുടെ സ്വന്തം ബാലികേറാമലകളാണ് മറ്റുള്ളവരുടെ നോട്ടത്തില്‍. എന്നാല്‍ വിദ്യാ സമ്പന്നരായ മുസ്ലീമുകള്‍ക്ക് ലീഗില്‍ ഉള്ള വിശ്വാസത്തിന് ഇടിവ് തട്ടിയിരിക്കുന്നു. സിപിഎം കടന്നുകയറുന്ന ഇടം അതാണ്. ആ ഇടം വികസിച്ച് വികസിച്ച് മലപ്പുറം ജില്ലയില്‍ ഇതര ജില്ലകളില്‍ കാണുന്നത്ര വ്യക്തമായ മതനിരപേക്ഷഭാവം ഉറയ്ക്കണമെങ്കില്‍ ദശാബ്ദങ്ങള്‍ കഴിയേണ്ടിവരും. എങ്കിലും മതസ്വാധീനത രാഷ്ട്രീയത്തില്‍ കുറയുകയാണ്, കൂടുകയല്ല.

അഴിമതിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം. ഒരു മന്ത്രിമന്ദിര വളപ്പിലെ മഹാഗണി മരം ലേലം ചെയ്തതിലെ ധര്‍മബദ്ധമായ ആരോപണം ആയിരുന്നു ആദ്യത്തെ പട്ടം മന്ത്രിസഭയെ 1948 ല്‍ അലോസരപ്പെടുത്തിയതെങ്കില്‍ ആ രോഗം പടിപടിയായി മൂര്‍ച്ഛിച്ച് ദേശവ്യാപകമായി നമ്മുടെ പൊതുജീവിതത്തെ അടയാളപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. മന്‍മോഹന്‍സിങിന്റെ രണ്ടാമൂഴത്തിലാണ് ഇത് വഷളായത്. കഴിഞ്ഞ മൂന്നുകൊല്ലമായി അഴിമതിയാരോപണങ്ങള്‍ ഒന്നും കേള്‍ക്കാനില്ല ദേശീയതലത്തില്‍. അത് മോദിയുടെയും ഭാരതീയജനതാപാര്‍ട്ടിയുടെയും നേട്ടം തന്നെ. എങ്കിലും സര്‍ക്കാരും ജനങ്ങളും ഒത്തുകാണുന്ന ഇടങ്ങളിലൊക്കെഇന്റര്‍ഫേസ് എന്ന് സായിപ്പ്അഴിമതി ഉണ്ട് എന്നതാണ് ജനങ്ങളുടെ അനുഭവം. ഇത് കേരളത്തിലും വ്യക്തമാണ്.

സര്‍ക്കാരില്‍ മാത്രം അല്ല. നമ്മുടെ സ്വകാര്യ ആശുപത്രികള്‍ ലാഭകേന്ദ്രങ്ങളായിരിക്കുന്നു. സായിബാബയുടെ ആശുപത്രികളൊഴിച്ചാല്‍ എവിടെയും പണം ആണ് പ്രധാനം. അതിനു മതഭേദം ഒന്നും ഇല്ല. ആശുപത്രികള്‍പോലെ തന്നെ ആണ് പള്ളിക്കൂടങ്ങളും. അധ്യാപകനിയമനത്തിന് കൈക്കൂലി, വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് കൈക്കൂലി. അതിനും ഇല്ല മതഭേദം. എന്റെ അറിവില്‍ ആലുവാ യുസി കോളേജ് മാത്രമാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ അറിയപ്പെടുന്ന ഒരു ആശ്വാസദ്വീപ് ഇക്കാര്യത്തില്‍.

വ്യക്തിതലത്തില്‍ സത്യസന്ധതയോടുള്ള നമ്മുടെ സമീപനമാണ് ഈ അഴിമതിവ്യാപനത്തിന് പിന്നില്‍. ഐഎഎസ് പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിക്കുന്ന ഐപിഎസ് കാരനെ കുറിച്ചാണല്ലോ ഈയിടെ നാം പത്രത്തില്‍ വായിച്ചത്.!

സ്ത്രീകളോടുള്ള സമീപനമാണ് ഇനി പറയേണ്ടത്. ഭാരതത്തിന്റെ പാരമ്പര്യം സ്ത്രീകളെ ബഹുമാനിക്കുന്നതാണ്. ഇന്ന് സ്ത്രീകളെ അപമാനിക്കുന്നത് അസാധാരണമല്ലാതായിരിക്കുന്നു. ആറ് വയസ്സിന് താഴെ ആയാലും നൂറു വയസ്സിനുമേലെ ആയാലും വ്യത്യാസം കാണാത്ത നരാധമന്മാരും വസിക്കുന്ന ഒരു കാടായി നമ്മുടെ നാട് മാറുകയാണോ?

ഇത്രയുമൊക്കെ പറഞ്ഞതുകൊണ്ട് കഴിഞ്ഞ ആറ് പതിറ്റാണ്ടിന്റെ ബാക്കിപത്രം നിരാശാജനകമാണ് എന്നല്ല . നമുക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായി.

രണ്ടാംലോകമഹായുദ്ധകാലത്താണ് ഞാന്‍ ജനിച്ചത്. മഹാത്മാഗാന്ധി വധിക്കപ്പെട്ട വിവരം മൂന്നാം ദിവസമാണ് ഞങ്ങളുടെ നാട്ടില്‍ അറിവായത്. എന്റെ സതീര്‍ഥ്യന്‍ കെ.കെ. മാധവന്‍ ഇരുപത്തിയെട്ട് കിലോമീറ്റര്‍ നിത്യവും നടന്ന് പഠിച്ചിട്ടാണ് ഫസ്റ്റ് ക്ലാസ് വാങ്ങി ജയിച്ച് പില്‍ക്കാലത്ത് ചീഫ് എഞ്ചിനീയര്‍ ആയത്. അന്ന് കുന്നത്തുനാട് താലൂക്കില്‍ ആകെ മൂന്ന് എല്ലെമ്പി (എംബിബിഎസ് അല്ല) ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ടാറിട്ട റോഡുകളോ വിദ്യുച്ഛക്തിയോ ടെലിഫോണോ ഒന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നില്ല. അവിടെ നിന്നൊക്കെ നാം ഒരുപാട് മുന്നോട്ടുവന്നു. നല്ല കാര്യം. അതിനിടെ നമ്മുടെ പാരമ്പര്യം മറന്നു.

ജപ്പാനിലെ സമൂഹം ഒരു ഇരുനിലവീടാണ് എന്ന് പറയാറുണ്ട്. മുകളിലത്തെ നിലയില്‍ അവരുടെ അഭിമാനകരമായ പാരമ്പര്യങ്ങള്‍, താഴത്തെ നിലയിലാണ് ആള്‍ത്താമസം. ഒരു കുഴപ്പം മാത്രം. താഴെ എല്ലാം മോടിപിടിപ്പിക്കാന്‍ ഓടി നടന്നപ്പോള്‍ മുകളില്‍ കയറാനുള്ള ഗോവണി തുരുമ്പെടുത്ത് ഇല്ലാതായത് ആരും ശ്രദ്ധിച്ചില്ല. ആ ദുര്‍ഗതി നമുക്ക് ഉണ്ടാകാതിരിക്കട്ടെ.

ആഹാരനിദ്രാ ഭയമൈഥുനം ച
സാമാന്യമേതത് പശുഭിര്‍നരാണാം
ധര്‍മോ ഹി തേഷാമധികോ വിശേഷോ
ധര്‍മേണ ഹീനഃ പശുഭിഃ സമാനഃ
എന്ന് പണ്ട് ഭര്‍ത്തൃഹരി പറഞ്ഞത് മറക്കാതിരിക്കുക നാം. ധര്‍മം പിന്‍പറ്റിയാല്‍ മൃഗതുല്യരായി ഭവിക്കാതെ കഴിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക