Image

എന്റെ വഴികള്‍ (കവിത: മായ രാഘവന്‍)

Published on 01 November, 2017
എന്റെ  വഴികള്‍ (കവിത: മായ രാഘവന്‍)

കടല്‍ കടന്നൊരു സമയദൂരങ്ങളിലെങ്ങോ
ആയിരുന്നു എന്റെ വഴികള്‍ നഷ്ടമായത്
ചിന്നിച്ചിതറുന്ന മേഘജാലക്കൂട്ടങ്ങള്‍ക്കുകീഴെ
പച്ചവിരിജാലകങ്ങള്‍ തുറന്നടച്ചു കൊണ്ട്
എന്നില്‍ നിന്നകന്നു പോയ വഴികള്‍...

മഞ്ഞുമണികളാല്‍ കൊലുസണിഞ്ഞ്
പാടവരമ്പായ് പൂത്തുലഞ്ഞ്
പൂമരങ്ങളായ് പുഞ്ചിരിച്ച്
നിലാപുതപ്പില്‍ ഒളിച്ചിരുന്ന്
മുല്ലപ്പൂഗന്ധമായ് മുടിക്കെട്ടഴിച്ച്
എന്നെ മയക്കിയ നാട്ടുവഴികള്‍...

കൊടിതോരണങ്ങള്‍ നെറുകയില്‍ ചാര്‍ത്തി
സൗഹൃദരഹസ്യങ്ങള്‍ ഒളിപ്പിച്ച്
പരീക്ഷാച്ചൂടിനാല്‍ പൊള്ളിവരണ്ട്
കൗമാരകനവിന്റെ കസവുകുപ്പായമിട്ട്
നഷ്ടസ്വപ്നത്തിന്റെ മായാലോകത്തേക്ക്
പടിയിറങ്ങി പോയ കലാലയ വഴികള്‍...

കുങ്കുമപൂക്കളാല്‍ ചെന്നിറമാര്‍ന്ന്
കറുപ്പുടയാട മേലാകെ ചുറ്റി
നിശയുടെ വെള്ളിവെളിച്ചത്തില്‍ നീരാടി
അറിയാമുഖങ്ങളില്‍ തട്ടിത്തടഞ്ഞ്
ആര്‍ക്കും പിടിതരാഭ്രമമായ്
മനസ്സിലെവിടെയോ ഒഴുകുന്ന നഗരവഴികള്‍...

മന്ത്രമുഖരിതമായ അമ്പലവഴികള്‍
ഓണപ്പൂ തേടിയലഞ്ഞ ഇടവഴികള്‍
തിറകളുടെ രൗദ്രതയൂറുന്ന കാവുവഴികള്‍
യാത്രക്കൊടുവില്‍ അമ്മക്കാത്തിരിപ്പില്‍
അവസാനിക്കുന്ന വീട്ടുവഴികള്‍
എന്റെ കനവിലെ നഷ്ടവഴികള്‍..

ഇവിടെ വഴികള്‍ക്കൊരേ നിറം
എന്നും തിരക്കെന്നൊരേഭാവം
ഋതുക്കളുടെ വിരുന്നിനാല്‍ വിസ്മയിപ്പിക്കുന്ന
തിരികെ വരുമെന്നു വഴിക്കണ്ണു തേടാത്ത
ആര്‍ക്കുമറിയാത്ത പലവഴിപ്പാതകള്‍...
Join WhatsApp News
മനോജ് അഞ്ചേരി 2017-11-12 18:25:42
ഒരു  പ്രവാസിയൂടെ  ദുഃഖം , വേദന , വളരെ  മനോഹരമായി   ആവിഷ്‌കരിച്ചിരിക്കുന്നു .  അഭിന്ദനങ്ങൾ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക