Image

പൗരോഹിത്യത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ ഫാ.സെബി ചിറ്റിലപ്പിള്ളി(തോമസ് ജോസ്)

തോമസ് ജോസ്) Published on 02 November, 2017
പൗരോഹിത്യത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ ഫാ.സെബി ചിറ്റിലപ്പിള്ളി(തോമസ് ജോസ്)
അമേരിക്കയിലെ ബള്‍ട്ടിമോര്‍ സീറോ മലബാര്‍ ഇടവകവികാരിയായ ഫാ.സെബി ചിറ്റിലപ്പിള്ളിയുടെ പൗരോഹിത്യ രജത ജൂബിലി ഇടവകാംഗങ്ങള്‍ സമുചിമായി ആഘോഷിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. നവംബര്‍ നാലാം തീയതി ബള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ സീറോ-മലബാര്‍ ദേവാലയത്തില്‍ നടക്കുന്ന കൃതജ്ഞതാ ബലിയിലും അനുമോദന യോഗത്തിലും ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പങ്കെടുക്കുന്നതാണ്.

തൃശ്ശൂരില്‍ 1967 ല്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാള്‍ ദിവസം പൂജാതനായ സെബി അച്ചന്‍ ചെറുപ്പം മുതല്‍ ആത്മീയ ചൈതന്യം മാത്രമല്ല വിവിധ കലാ നൈപുണ്യവും പ്രകടിപ്പിച്ചിരുന്നു.
തമിഴ്‌നാട് ഗവ.ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ശ്രീ.ജേക്കബിന്റെയും അദ്ധ്യാപികയായിരുന്ന ശ്രീമതി മേരിയുടെയും മൂന്നാമത്തെ പുത്രനായി ജനിച്ച സെബി അച്ചന്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ ദൈവ വിളി മനസിലാക്കിയിരുന്നു. ഹൈസ്‌ക്കൂള്‍ പാസായശേഷം 1982 ല്‍ മൈനര്‍ സെമിനാരിയിലും തുടര്‍ന്ന് ആലുവാ പൊന്തിഫിക്കല്‍ സെമിനാരിയിലും പഠനം പൂര്‍ത്തിയാക്കി.
1992 ഡിസംബര്‍ 31ന് തൃശൂര്‍ ബിഷപ്പായിരുന്ന മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു.

തൃശൂര്‍ രൂപതയില്‍ വിവിധ ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും വികാരിയായും പ്രവര്‍ത്തിച്ചതു കൂടാതെ രൂപതയിലെ പല ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് സേവനം ചെയ്തിരുന്നു. കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങളുടെയും ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെയും ഡയറക്ടര്‍, ധ്യാന ഗുരു, വൈദിക സദനത്തിന്റെ ഡയറക്ടര്‍, കലാസദനത്തിന്റെ ട്രഷറാര്‍ തുടങ്ങി വിവിധ മേഘലകളില്‍ അച്ചന്‍ തന്റെ മികവുറ്റ സേവനം നിര്‍വഹിച്ചു വന്നു.

സംഗീതം, പലതരം സംഗീതോപകരണങ്ങള്‍, അഭിനയം, ഗാനരചന തുടങ്ങി വൈവിധ്യമാര്‍ന്ന കലാസിന്ധിയുടെ ഉടമയാണ് ഫാ.സെബി ചിറ്റിലപ്പിള്ളി. തന്റെ കലാവാസനകളുടെ ഉറവിടവും പ്രചോദനവും മാതാപിതാക്കള്‍ തന്നെയാണെന്ന് സെബി അച്ചന്‍ പറയുന്നു. കലാസ്‌നേഹികള്‍ കൂടിയായിരുന്ന മാതാപിതാക്കള്‍ അച്ചന്റെ കഴിവുകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അറിയപ്പെടുന്ന സംഗീത സംവിധായകന്‍ ഫാ.ജെസ്റ്റിന്‍ പനക്കല്‍, ഗിരീഷ് പുത്തഞ്ചേരി, ജോബ് മാസ്റ്റര്‍ തുടങ്ങിയവരുമായി ഉണ്ടായിരുന്ന അടുപ്പം അച്ചന്റെ സംഗീതവാസനയെ വളര്‍ത്തി. സംഗീതത്തില്‍ മൂന്നു വര്‍ഷം ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള അച്ചന്‍ ആല്‍ബത്തിനുവേണ്ടി ഗാനങ്ങള്‍ രചിക്കുകയും അവ കംപോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് ആല്‍ബങ്ങള്‍ അച്ചന്റേതായി പ്രസിദ്ധീകരിച്ചു. ഏതാനും ഡോക്കുമെന്ററി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സെബി അച്ചന്‍ സ്‌റ്റേജ് ഷോകളും സ്‌കിറ്റുകളും തയ്യാറാക്കുകയും ഇടവാകാംഗംങ്ങളെക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ അത്യുത്സാഹിയാണ്.

ക്രിക്കറ്റ്, വോളിബോള്‍, ബാറ്റ്ബിന്റന്‍, സോക്കര്‍ തുടങ്ങി മിക്കവാറും എല്ലാ കായിക ഇനങ്ങളിലും കളത്തിലിറങ്ങാന്‍ മടിക്കാത്ത അച്ചന്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും സമയം കണ്ടെത്താറുണ്ട്.

രണ്ടായിരത്തി പതിനഞ്ചില്‍ ചിക്കാഗോ മാര്‍ത്തോമ്മാ ശ്ലീഹാ ഇടവകയുടെ അസിസ്റ്റന്റ് വികാരിയായി നിയമിതനായതോടെ ഫാ.സെബി അമേരിക്കയില്‍ എത്തി. 2016 ല്‍ ബാള്‍ട്ടിമോര്‍ ഇടവകയുടെ വികാരിയായി നിയമിതനായ അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇടവകാംഗങ്ങളുടെ അകമഴിഞ്ഞ ബഹുമാനവും സ്‌നേഹവും ആര്‍ജിച്ചു പ്രവര്‍ത്തിക്കുന്നു. എല്ലാ ഇടവകാംഗങ്ങളോടും തുല്യ സമീപനത്തോടെ; കളികളില്‍ ഏര്‍പ്പെടുമ്പോഴും പൗരോഹിത്യത്തിന്റെ മഹത്വമോ, ഇടവകവികാരിയുടെ അന്തസോ, വിശ്വാസത്തിന്റെ തീഷ്ണതയോ നഷ്ടപ്പെടുത്താറില്ല.
പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന സെബി അച്ചന് ഇടവകാംഗങ്ങളുടെ പ്രാര്‍ത്ഥനയും അനുമോദനവും അറിയിച്ചുകൊള്ളുന്നു.

പൗരോഹിത്യത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ ഫാ.സെബി ചിറ്റിലപ്പിള്ളി(തോമസ് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക