Image

ജോയി അയിരൂരിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

എം. മുണ്ടയാട് Published on 02 November, 2017
ജോയി അയിരൂരിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
യോങ്കേഴ്‌സ് (ന്യൂയോര്‍ക്ക്): ജോയി അയിരൂര്‍ രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനം ഇവിടെ സെന്റ്‌തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്നു. ഒക്‌ടോബര്‍ 29 ഞായറാഴ്ച പള്ളിയില്‍ നടന്ന ചടങ്ങില്‍ നോര്‍ത്ത് അമേരിക്ക/യുകെ ഭദ്രാസന അധിപന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ മാധ്യമപ്രവര്‍ത്തകനും ഇ മലയാളി സീനിയര്‍ എഡിറ്ററുമായ ജോര്‍ജ് തുമ്പയിലിന് ആദ്യ പ്രതികള്‍ നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ഗ്രന്ഥകാരന്‍ ജോയി അയിരൂര്‍, ഇടവക സെക്രട്ടറി പി.ടി തോമസ്, വികാരി റവ. ജെയ്‌സണ്‍ തോമസ്, റവ. ഡോ. ഫിലിപ്പ് വറുഗീസ് , ഭാര്യ ശോശമ്മ  ഏബ്രഹാ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പി.ടി തോമസ് ആമുഖപ്രസംഗം നടത്തി. ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കഥകളും ഉപകഥകളുമൊക്കെയായി, മനുഷ്യജീവിതത്തെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുവാനുള്ള മാര്‍ഗമാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് മാര്‍ ഫീലക്‌സിനോസ് അഭിപ്രായപ്പെട്ടു. മൂല്യശോഷണം സംഭവിക്കുകയും നൂതന മൂല്യങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് സന്മാര്‍ഗം ഉപദേശിക്കുന്ന ഇത്തരം  പുസ്തകങ്ങള്‍ക്ക് പ്രസക്തി ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുസ്തകങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച ജോര്‍ജ് തുമ്പയില്‍, ജോയി അയിരൂരിന്റെ ചിന്തകള്‍ ഹൃദയശൂന്യരെയും സഹൃദയരാക്കുവാന്‍ പ്രാപ്തമാണ് എന്ന് അഭിപ്രായപ്പെട്ടു. ഗ്രന്ഥകാരന്റെ, ധാര്‍മ്മികബോധവും, സൂക്ഷ്മദൃഷ്ടിയും നര്‍മ്മഭാവനയും ലളിതമായ ഭാഷയിലൂടെയാണ് പ്രതിപാദനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജോയി അയിരൂര്‍ സമുചിതമായി സംസാരിക്കുകയും കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

ആധുനിക ലോകത്ത് കൈമോശം വന്നിരിക്കുന്നതായ ആദ്ധ്യാത്മിക ചിന്തകള്‍ക്ക് പുതിയ വഴിത്താര വെട്ടിത്തുറക്കുകയാണ്  ദീര്‍ഘകാലമായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജോയി അയിരൂര്‍, തന്റെ പുസ്തക പ്രസാധനത്തിലൂടെ ചെയ്തിരിക്കുന്നത്. അനുദിന ജീവിതത്തില്‍ കണ്ടുവരുന്നതായ വൈരുദ്ധ്യങ്ങളുടെ പൊരുളുകള്‍ നര്‍മ്മത്തില്‍ ചാലിച്ച് വാക്കുകളിലാക്കുകയാണ് ജോയി അയിരൂരിന്റെ ശൈലി.

അനുദിന രഞ്ജനം, കണ്ടതും കേട്ടതും സാധ്യതകളും, ചമ്മന്തിയുടെ രസം, ഡെയിലി റെക്കണ്‍സിലിയേഷന്‍ (ഇംഗ്ലീഷ്) എന്നിവയാണ് ഇവിടെ പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങള്‍. ജോയി അയിരൂരിന്റെ പ്രസിദ്ധീകരിക്കപ്പെട്ട മറ്റ് പുസ്തകങ്ങള്‍: മലയാളപരിമളം, കഥയിലെ കഥകള്‍, കണ്ടതും കേട്ടതും, കുടുംബജീവിത മാഹാത്മ്യം, യൂദാസിന്റെ ചുംബനം, അത്ഭുതമന്നാ, നവജീവന്‍ ക്രിസ്തീയ കീര്‍ത്തനങ്ങള്‍. ക്രൈസ്തവ ഭകതിഗാനരംഗത്തും ജോയി അയിരൂര്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നവജീവ ഗാനങ്ങള്‍, നവമധുരഗാനങ്ങള്‍, നവജീവധാര, നവജീവശിഖാ ഗാനങ്ങള്‍ തുടങ്ങിയ ആല്‍ബങ്ങളിലെ ഗാനങ്ങള്‍ ജോയി അയിരൂര്‍ രചിച്ചവയാണ്.

പ്രശസ്ത സുവിശേഷ പ്രാസംഗികനായിരുന്ന അയിരൂര്‍ കുഴികണ്ടത്തില്‍ പരേതനായ അവറാച്ചന്‍ ഉപദേശിയുടെ പുത്രനും സന്നദ്ധ സുവിശേഷക സംഘം പ്രവര്‍ത്തകനും അയിരൂര്‍ കര്‍മ്മേല്‍ അഗതി മന്ദിരത്തിന്റെ സഞ്ചാര സെക്രട്ടറിയും, സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപകനും ആയ പരേതനായ ജോണ്‍ കെ. ഏബ്രഹാമിന്റെയും മറിയാമ്മ ജോണ്‍ ചെറുകരയുടെയും ഏഴുമക്കളില്‍ മൂത്തയാളാണ് ജോയി അയിരൂര്‍. അയിരൂര്‍ കോലിഞ്ചിക്കല്‍ ശോശാമ്മ ഏബ്രഹാം (കുഞ്ഞുമോള്‍) ആണ് ഭാര്യ. മക്കള്‍: ഡോ. സുജാ ഏബ്രഹാം ചെറിയാന്‍, സാജന്‍ ഏബ്രഹാം, സുനില്‍ ഏബ്രഹാം. മരുമക്കള്‍: ഡോ. സാം ചെറിയാന്‍, ഡോ. പ്രമീളാ മാത്യു ഏബ്രഹാം, ഡോ. രജനി ഏബ്രഹാം.

ജോയി അയിരൂര്‍ വിദ്യാഭ്യാസാനന്തരം ബോംബെ ഭാഭാ അറ്റമിക് റിസര്‍ച്ച് സെന്ററിലും തുടര്‍ന്ന് 40 വര്‍ഷം ന്യൂയോര്‍ക്കിലും ജോലി ചെയ്തു. 'നവജീവന്‍' മാസികയുടെ എഡിറ്ററായിരുന്നു. മാരാമണ്‍ കണ്‍വന്‍ഷന്‍ പാട്ടുപുസ്തകത്തില്‍ ഗീതങ്ങള്‍ എഴുതിയിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്:  JOHN K ABRAHAM
32  E CKERSON LANE
SPRING VALLEY
NY-10977
Phone: ( 845) 426 2327


ജോയി അയിരൂരിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
Join WhatsApp News
Mathew V, Zacharia, St.Thomas Mar thoma Parishioner, NY. 2017-11-02 09:42:39
Congratulation, Joy .
Mathew V. Zacharia
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക