Image

സ്പോണ്‍സറുടെ കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍; നവയുഗം രക്ഷപ്പെടുത്തി.

Published on 02 November, 2017
സ്പോണ്‍സറുടെ കള്ളക്കേസില്‍ കുടുങ്ങി  ജയിലില്‍; നവയുഗം രക്ഷപ്പെടുത്തി.
ദമ്മാം: സ്‌പോണ്‍സര്‍ നല്‍കിയ കള്ളക്കേസില്‍ കുടുങ്ങി ഒരു വര്‍ഷത്തോളം ദമ്മാം ഫൈസലിയ ജയിലില്‍ കഴിയേണ്ടി വന്ന ബീഹാറുകാരനായ ഹൌസ് ഡ്രൈവര്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ബീഹാര്‍ പാറ്റ്‌ന സ്വദേശിയായ ആലം കലാം രണ്ടരവര്‍ഷം മുന്‍പാണ് ഖഫ്ജിയിലെ ഒരു വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. വിശ്രമമില്ലാത്ത ജോലി മൂലം ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിയ്‌ക്കേണ്ടി വന്നെങ്കിലും, നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് ആലം അവിടെ പിടിച്ചു നിന്നു. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്നും. അച്ഛന്‍ മരണമടഞ്ഞ വാര്‍ത്ത അയാളെ തേടി വന്നു. ഉടനെ നാട്ടില്‍ പോകാന്‍ അവധി തരണമെന്ന് ആലം സ്‌പോണ്‍സറോട് ആവശ്യപ്പെട്ടെങ്കിലും, കരാര്‍ കാലാവധിയായ രണ്ടുവര്‍ഷം കഴിയാതെ നാട്ടില്‍ അയയ്ക്കില്ല എന്ന നിലപാടായിരുന്നു സ്‌പോണ്‍സര്‍ എടുത്തത്. ഇതിന്റെ പേരില്‍ സ്‌പോണ്‍സറുമായി വഴക്കുണ്ടാകുകയും, കുപിതനായ സ്‌പോണ്‍സര്‍ പോലീസിനെ വിളിച്ചു വരുത്തി, തന്റെ പണം കട്ടെടുത്തതായി ആരോപിച്ച്, ആലത്തിനെ മോഷണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യിയ്ക്കുകയും ചെയ്തു.

അന്വേഷണത്തിലെ മെല്ലെപ്പോക്കും, കോടതികളില്‍ കേസ് വരാനുണ്ടായ കാലതാമസം, വന്നപ്പോള്‍ പല പ്രാവശ്യം കേസ് മാറ്റിവെച്ചത് മൂലവും ഒരു വര്‍ഷത്തോളം ആലത്തിനു ജയിലില്‍ കഴിയേണ്ടി വന്നു. നാട്ടിലെ കുടുംബം പല വഴിയ്ക്കും ശ്രമിച്ചിട്ടും, സര്‍ക്കാര്‍ അധികാരികളെ സമീപിച്ചിട്ടും, ആലത്തിനു ജയില്‍മോചനത്തിന് വഴി തുറന്നില്ല.

ഒരു മാസം മുന്‍പ് ആലത്തിന്റെ സഹോദരന്‍ ഖഫ്ജിയില്‍ നിന്നും ദമ്മാമില്‍ എത്തി, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടനെ നേരിട്ട് ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

മണിക്കുട്ടന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, മഞ്ജു മണിക്കുട്ടന്‍ എന്നിവര്‍ക്കൊപ്പം ഫൈസലിയ ജയിലില്‍ എത്തി, ആലം കലാമിനെ നേരിട്ട് കണ്ടു സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി. അവര്‍ ആലത്തിന്റെ സ്പോണ്‍സറെ നേരിട്ടു ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍, ആലത്തിനെതിരെയുള്ള കേസ് പിന്‍വലിയ്ക്കാമെന്നും, ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്നും സ്‌പോണ്‍സര്‍ സമ്മതിച്ചു. പാസ്സ്പോര്‍ട്ട് നഷ്ടമായി എന്ന സ്പോണ്‍സറുടെ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍, മണിക്കുട്ടന്റെ ഇടപെടലില്‍ ഇന്ത്യന്‍ എംമ്പസി ആലം കലാമിന് ഔട്ട്പാസ്സ് നല്‍കി. ആലത്തിനുള്ള വിമാനടിക്കറ്റ് സഹോദരന്‍ എടുത്തു കൊടുത്തു.

വേഗംതന്നെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ആലം കലാം നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: ആലം കലാം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക