Image

എസ്.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ് വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 03 November, 2017
എസ്.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ് വന്‍ വിജയം
ചിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ ഫാമിലി കോണ്‍ഫറന്‍സ് ഉജ്വല വിജയമായി. കത്തീഡ്രലിന്റെ അല്‍ഫോന്‍സാ ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ചിക്കാഗോ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. ഒക്‌ടോബര്‍ 28-നു നടത്തപ്പെട്ട കോണ്‍ഫറന്‍സില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും വൈദീകരും പങ്കെടുത്തു.

താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിക്കല്‍ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായിരുന്നു. കത്തീഡ്രല്‍ വികാരിയും വികാരി ജനറാളുമായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, എസ്.എം.സി.സി ഡയറക്ടര്‍ റവ.ഫാ കുര്യന്‍ നെടുവേലിചാലുങ്കല്‍, രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരും പങ്കെടുത്തു.

കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനറായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ചെയര്‍ വുമണ്‍ മേഴ്‌സി കുര്യാക്കോസ്, എസ്.എം.സി.സി ചിക്കാഗോ പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍, ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ബിജി വര്‍ഗീസ്, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, സജി വര്‍ഗീസ്, ആഗ്‌നസ് മാത്യൂ, ജോയി വട്ടത്തില്‍, ഷാബു മാത്യു, ജോയി ചക്കാലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ജയിംസ് ഓലിക്കര, ഷാജി കൈലാത്ത് എന്നിവരാണ് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കിയത്.

അനീഷയുടെ പ്രാര്‍ത്ഥനാഗാനത്തോടെ കോണ്‍ഫറന്‍സിനു തുടക്കമായി. നിറഞ്ഞ സദസ്സില്‍ നിലവിളക്ക് കൊളുത്തി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ എസ്.എം.സി.സി അംഗങ്ങള്‍ സഭയോടൊത്ത് ചിന്തിക്കുകയും വളരുകയും, പ്രവര്‍ത്തനങ്ങള്‍ സഭയുടെ നന്മയ്ക്കായി തീരട്ടെ എന്ന് ആശംസിച്ചു.

എസ്.എം.സി.സി നാഷണല്‍ സെക്രട്ടറി സിജില്‍ പാലയ്ക്കലോടിയാണ് സദസ്സിന് ആശംസകള്‍ അര്‍പ്പിച്ചത്. നാഷണല്‍ പ്രസിഡന്റ് ബോസ് കുര്യനും ആശംസകള്‍ അര്‍പ്പിക്കുകയും എസ്.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തു.

മാര്‍ ഇഞ്ചനാനി പിതാവ് മുഖ്യ ചിന്താവിഷയമായ 'സഭയും അത്മായരുടെ പങ്കാളിത്തവും' എന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. കേരളത്തില്‍ തുടക്കം ആരംഭിച്ച അഖില കേരള കാത്തലിക് കോണ്‍ഗ്രസിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ എസ്.എം.സി.സി നടത്തുന്ന ഫാമിലി കോണ്‍ഫറന്‍സ് വളരെ ഉചിതമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു.

സ്വാമി വിവേകാന്ദന്റെ തത്വങ്ങളേയും വേദപുസ്തകത്തിലധിഷ്ഠിതമായ സന്ദേശങ്ങളേയും ഉദ്ധരിച്ചാണ് ഇഞ്ചനാനി പിതാവ് സന്ദേശം നല്‍കിയത്. ഓരോ അത്മായന്റേയും സഭയോടുള്ള പങ്കാളിത്തവും കടപ്പാടും ചിന്താവിഷയത്തിലൂന്നി സംസാരിച്ചു.

എസ്.എം.സി.സി നാഷണല്‍ ഡയറക്ടര്‍ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ആശംസകള്‍ അര്‍പ്പിക്കുകയും, കഴിഞ്ഞ രണ്ടുവര്‍ഷത്തെ എസ്.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. എസ്.എം.സി..സിയുടെ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും കൂട്ടായ്മകള്‍ക്കും കൂടുതല്‍ നന്മകള്‍ക്കായി ഉപകരിക്കട്ടെ എന്നു കുര്യന്‍ അച്ചന്‍ ആശംസിച്ചു. കത്തീഡ്രല്‍ വികാരിയും വികാരി ജനറാളുമായ അഗസ്റ്റിനച്ചനും ഭാവുകങ്ങള്‍ നേരുകയുണ്ടായി.

തുടര്‍ന്നു നടന്ന ഓപ്പണ്‍ ഫോറത്തില്‍ സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കു ഇഞ്ചനാനി പിതാവും കുര്യനച്ചനും മറുപടി നല്‍കി. ഉച്ചഭക്ഷണത്തിനുശേഷം വിവിധ ഏരിയാ കോര്‍ഡിനേറ്റര്‍മാര്‍ അവരുടെ ടീം അംഗങ്ങളുമായി വന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിജില്‍ പാലയ്ക്കലോടി രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാബു ചാക്കോ കഴിഞ്ഞ രണ്ടു വര്‍ഷത്തെ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളിയുടേയും, ഇലക്ഷന്‍ കമ്മീഷണര്‍ കുര്യാക്കോസ് തുണ്ടിപ്പറമ്പിലിന്റേയും നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ബാങ്ക്വറ്റ് ഡിന്നറോടുകൂടി ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. ബാങ്ക്വറ്റിലെ മുഖ്യാതിഥികളായി ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും, ഇഞ്ചനാനി പിതാവും പങ്കെടുത്തു. ആലപ്പാട്ട് പിതാവ് നര്‍മ്മത്തിന്റെ അകമ്പടിയോടെ ചിന്താവിഷയത്തിലൂന്നി സംസാരിച്ചു. ബാങ്ക്വറ്റിന്റെ എം.സി ജോണ്‍സണ്‍ കണ്ണൂക്കാടനായിരുന്നു. മേഴ്‌സി കുര്യാക്കോസ് സ്വാഗതവും, ഷിബു അഗസ്റ്റിന്‍ നന്ദിയും രേഖപ്പെടുത്തി. കള്‍ച്ചറല്‍ പരിപാടികളുടെ അവതാരകരായി സജി വര്‍ഗീസും ആഗ്‌നസ് മാത്യുവും പ്രവര്‍ത്തിച്ചു. മീഡിയയെ പ്രതിനിധീകരിച്ച് സംഗമം. ജോയിച്ചന്‍ പുതുക്കുളം, കേരളാ എക്‌സ്പ്രസ്, ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ടിവി എന്നിവര്‍ സന്നിഹിതരായിരുന്നു. മനീഷും മോനിച്ചനുമാണ് സ്റ്റേജും സൗണ്ടും കൈകാര്യം ചെയ്തത്. വിഭവസമൃദ്ധമായ ഡിന്നറോടെ വളരെ വിജയകരമായ കോണ്‍ഫറന്‍സ് സമാപിച്ചു.
എസ്.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ് വന്‍ വിജയം
എസ്.എം.സി.സി ഫാമിലി കോണ്‍ഫറന്‍സ് വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക