Image

ചിരിപ്പിക്കാന്‍ മാത്രമുള്ള ഗൂഡാലോചന

Published on 05 November, 2017
         ചിരിപ്പിക്കാന്‍ മാത്രമുള്ള ഗൂഡാലോചന

ഗൂഡാലചന എന്നു പരയുമ്പോള്‍ മനസിലേക്കു കടന്നു വരുന്ന ഗൗരവമൊന്നും ധ്യാന്‍ശ്രീനിവാനും തോമസ്‌ സെബാസ്റ്റ്യനും ചേര്‍ന്ന്‌ തിരക്കഥയൊരുക്കിയ ചിത്രത്തിനില്ല. തൊഴില്‍രഹിതരായ ചെറുപ്പക്കാരും അവര്‍ ജീവിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന തരികിടകളും മലയാള സിനിമയെ കുറേയേറെ ചിരിപ്പിച്ചിട്ടുണ്ട്‌. ആ ട്രാക്കിലൂടെ തന്നെയാണ്‌ ഗൂഡാലോചനയും മുന്നേറുന്നത്‌.

ചിരിയുടെ അകമ്പടിയോടെ കുറേ ആലോചനകള്‍. അത്‌ ഗൂഡാലോചനയുടെ പരിവേഷം കൈവരിക്കുമ്പോഴും ചിരി തന്നെ. വരുണ്‍, ജംഷീര്‍, അജാസ്‌, പ്രകാശന്‍ എന്നിവരാണ്‌ ഇതിലെ കഥാപാത്രങ്ങള്‍. ഈ ചിത്രത്തില്‍ ഒരു നായകനില്ല. എല്ലാവര്‍ക്കും തുല്യ പ്രാധാന്യം തന്നെ. തൊഴില്‍ ഇല്ലാത്തതല്ല, തൊഴില്‍ ചെയ്യാന്‍ മടിയാണെന്നുള്ളതാണ്‌ ഈ ചെറുപ്പക്കാരുടെ പ്രശ്‌നം. 

തിന്നും കുടിച്ചും സുഖമായി ജീവിക്കുന്ന നാലു ചെറുപ്പക്കാര്‍. ഒരിക്കല്‍ വീട്ടുകാര്‍ വഴക്കു പറമ്പോള്‍ ഒരു ബിസിനസ്‌ തുടങ്ങുന്നതിനേ കുറിച്ച്‌ അവര്‍ ഗൗരവമായി ആലോചിക്കുന്നു. പ്രകാശന്‍ ഒരു ചിത്രകാരനാണ്‌. വരുണിന്റെ അച്ഛന്‍(അലന്‍സിയര്‍) ഒരു ഹോട്ടലുണ്ട്‌. ഇവിടെ എം.എഫ്‌.ഹുസൈന്‍ വരച്ച ഒരു ചിത്രമുണ്ട്‌. ഈ ചിത്രത്തിലേക്ക്‌ നാല്‍വര്‍ സംഘത്തിന്റെ കണ്ണു പതിയുകയും അവിടെ ഗൂഡാലോചന കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

കടക്കെണിയില്‍ നിന്നും ഊരാന്‍ ഒരായിരം കള്ളങ്ങളാണ്‌ നാല്‍വര്‍ സംഘം പറയുന്നത്‌. ഇതവരെ കൂടുതല്‍ കുഴപ്പത്തിലേക്ക്‌ കൊണ്ടെത്തിക്കുന്നു. കോഴിക്കോടാണ്‌ കഥയുടെ പസ്‌ചാത്തലം. സൗഹൃദക്കൂട്ടായ്‌മയില്‍ പിറക്കുന്ന ചിത്രമാണിതെന്ന്‌ കഥാകാരനായ വിനീത്‌ ശ്രീനിവാസന്റെ ശബ്‌ദത്തില്‍ നമ്മോടു പറയുന്നുണ്ട്‌. എന്നാല്‍ അത്ര വലിയ സൗഹൃദം ഇവര്‍ക്കിടയില്‍ അത്ര വലിയ സൗഹൃദം ഉണ്ടോയെന്ന്‌ പ്രേക്ഷകന്‌ സംശയം തോന്നിപ്പോകും. കാരണം എല്ലാവരും അല്‍പം സ്വാര്‍ത്ഥര്‍ തന്നെ. ആദ്യം എന്റെ കാര്യം എന്ന വിചാരം ഉളളവര്‍.

ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ നര്‍മത്തില്‍ പൊതിഞ്ഞതാണ്‌. ഹരീഷ്‌ കണാരനും വിഷ്‌ണുവുമാണ്‌ കോമഡി മുഴുവന്‍ ഏറ്റെടുത്തു ചെയ്യുന്നത്‌. തിയേറ്ററില്‍ നന്നായി ചിരി പടര്‍ത്താന്‍ അവര്‍ക്കായിട്ടുണ്ട്‌. ഇടവേള കഴിയുമ്പോഴാണ്‌ അജു വര്‍ഗീസ്‌ തമാശയുടെ കെട്ടഴിക്കുന്നത്‌. ക്‌ളൈമാക്‌സില്‍ പക്ഷേ അനാവശ്യമായ ചില വലിച്ചു നീട്ടല്‍ പ്രേക്ഷകര്‍ക്കനുഭവപ്പെടുന്നുണ്ടെങ്കില്‍ കുറ്റം പറയാന്‍ കഴിയില്ല. അതു വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. 

തിരക്കഥയില്‍ ചിലയിടത്ത്‌ ഒരു ബലക്കുറവ്‌ അനുഭവപ്പെട്ടെങ്കിലും അത്‌ മൊത്തത്തിലുള്ള ആസ്വാദനത്തെ ബാധിക്കുന്നില്ല. അജു വര്‍ഗീസ്‌, ധ്യാന്‍ ശ്രീനിവാസ്‌, വിഷ്‌ണു,ശ്രീനാഥ്‌ ഭാസി, ഹരീഷ്‌ കണാരന്‍ എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്‌. തന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ മികവോടെ ധ്യാന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. അദ്ദേഹം ഒരുക്കിയ തിരക്കഥയിലും പിതാവില്‍ നിന്നു പകര്‍ന്നു കിട്ടിയ നര്‍മബോധം പ്രകടമാണ്‌. 

അതിഥി വേഷത്തിലെത്തിയ മംമ്‌ത മികച്ച അഭിനയം കാഴ്‌ച വച്ചപ്പോള്‍ നായികയായി എത്തിയ നിരഞ്‌ജന നിഴലായി ഒതുങ്ങി എന്നു തന്നെ പറയാം. തോമസ്‌ സെബാസ്റ്റ്യന്‍ തന്റെ മൂന്നാമത്തെ ചിത്രം ഭംഗിയായി ഒരുക്കിയിട്ടുണ്ട്‌. വലിയ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയപ്പെടുന്ന ഒന്നല്ല ഗൂഡാലോചന എന്ന സിനിമയും അതിന്റെ അവതരണവും. എങ്കിലും സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ അല്‍പ സമയം ആസ്വദിച്ചു കാണാവുന്ന ചിത്രമാണിതെന്ന്‌ നിസംശയം പറയാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക