Image

തമിഴ്‌നാട്‌ മുഖ്യമന്ത്രിക്കും അധികാരികള്‍ക്കുമെതിരായ വിവാദ കാര്‍ട്ടൂണ്‍: ജി ബാലയ്‌ക്ക്‌ ജാമ്യം

Published on 06 November, 2017
തമിഴ്‌നാട്‌   മുഖ്യമന്ത്രിക്കും അധികാരികള്‍ക്കുമെതിരായ വിവാദ കാര്‍ട്ടൂണ്‍: ജി ബാലയ്‌ക്ക്‌ ജാമ്യം


തമിഴ്‌നാട്‌  മുഖ്യമന്ത്രിയെയും ജില്ല അധികാരികളെയും അവഹേളിച്ച്‌ കാര്‍ട്ടൂണ്‍ വരച്ചുവെന്നാരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌ത കാര്‍ട്ടൂണിസ്റ്റ്‌ ജി ബാലയ്‌ക്ക്‌ ജാമ്യം ലഭിച്ചു. തിരുന്നല്‍വേലി ജില്ലാ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. 

തമിഴ്‌നാട്ടില്‍ നാലംഗ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, നെല്ലായി ജില്ല കളക്ടര്‍, പൊലീസ്‌ കമ്മീഷണര്‍ എന്നിവരെ വിമര്‍ശിച്ച്‌ കാര്‍ട്ടൂണ്‍ വരച്ച ബാലയെ ഞായറാഴ്‌ചയാണ്‌ തിരുന്നല്‍വേലി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞമാസം 24നാണ്‌ ബാല തന്റെ ഫേസ്‌ബുക്കിലൂടെ കാര്‍ട്ടൂണ്‍ പോസ്റ്റ്‌ ചെയ്‌തത്‌. തീപ്പൊള്ളലേറ്റ കുഞ്ഞ്‌ നിലത്തുകിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍കൊണ്ട്‌ നാണം മറയ്‌ക്കുന്ന മുഖ്യമന്ത്രി പളനിസ്വാമി, ജില്ലാ കളക്ടര്‍, പൊലീസ്‌ കമ്മീഷണര്‍ എന്നിവരെയാണ്‌ കാര്‍ട്ടൂണില്‍ പ്രതിപാദിക്കുന്നത്‌. പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത്‌ വന്നു. കാര്‍ട്ടൂണ്‍ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടറാണ്‌ വിഷയം അധികാരികളുടെ മുന്നില്‍ അവതരിപ്പിച്ചത്‌. അപകീര്‍ത്തികരവും അശ്ലീലവും കലര്‍ന്ന തരത്തിലാണ്‌ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ എന്ന്‌ കാണിച്ച്‌ ഐടി ആക്ട്‌ പ്രകാരമാണ്‌ കേസെടുത്തിരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക