Image

കുടുംബ സംഗമത്തിന്റെ വിജയം മാര്‍ക്കിന് മറ്റൊരു പൊന്‍തൂവല്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 November, 2017
കുടുംബ സംഗമത്തിന്റെ വിജയം മാര്‍ക്കിന് മറ്റൊരു പൊന്‍തൂവല്‍
ഷിക്കാഗോ: റെസ്പിരേറ്ററി കെയര്‍ വാരാഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 28-ന് ശനിയാഴ്ച നടത്തപ്പെട്ട മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ കുടുംബ സംഗമം അവിസ്മരണീയമായി. 25 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം വഴി റസ്പിരേറ്ററി കെയര്‍ പ്രൊഫഷന് മുതല്‍ക്കൂട്ടായി മാറിയ 65 അംഗങ്ങളെ സമ്മേളനത്തില്‍ ആദരിച്ചതുവഴി 17 വര്‍ഷത്തെ സംഘടനയുടെ അഭിമാനകരമായ ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തപ്പെട്ടു. അമേരിക്കയിലെ ഇന്ത്യന്‍ പ്രൊഫഷണല്‍ സംഘടനാ രംഗത്ത് ഇത്ര ബഹൃത്തായൊരു ആദരവ് ചടങ്ങ് സംഘടിപ്പിക്കപ്പെടുന്നത് വിരളമാകും.

സായഹ്നം ആറിനു സൗഹൃദകൂട്ടായ്മയോടുകൂടി ആരംഭിച്ച സംഗമത്തില്‍ 7.30-ന് ഗീതു ജേക്കബ്, ജെന്നി, ഹാനാ ചേലയ്ക്കല്‍ എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനം അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനം എന്നിവയോടുകൂടി പൊതുസമ്മേളനത്തിന് തുടക്കംകുറിച്ചു. കണ്‍വീനര്‍ ഫിലിപ്പ് ജോസഫ് സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. അധ്യക്ഷത വഹിച്ച പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജ് തന്റെ പ്രസംഗത്തില്‍ അടുത്ത രണ്ടുവര്‍ഷത്തെ സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു. യുവാക്കളായ മലയാളി പ്രൊഫഷണലുകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുക, തൊഴിലില്‍ നിന്നും വിരമിച്ച മലയാളി റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്കായി ഒരു റിട്ടയര്‍മെന്റ് ഹോം യാഥാര്‍ത്ഥ്യമാക്കുക, സംഘടനയുടെ തുടര്‍ വിദ്യാഭ്യാസ സംരംഭങ്ങളുടെ പ്രചാരം ഇതര സമൂഹങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയ പ്രവര്‍ത്തന ഉദ്ദേശത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഇല്ലിനോയി ഹോംലാന്റ് സെക്യൂരിറ്റി, എമര്‍ജന്‍സി മാനേജ്‌മെന്റ് എന്നിവയുടെ മുഖ്യ ചുമതല വഹിക്കുന്ന ജയിംസ് ജോസഫ് ആണ്. തന്റെ പിതാവ് ഉള്‍പ്പടെ നിരവധി റെസ്പിരേറ്ററി തെറാപ്പിസ്റ്റുകള്‍ കുടുംബാംഗങ്ങളായുള്ള തനിക്ക് മാര്‍ക്കിന്റെ കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നു ഉദ്ഘാടന സന്ദേശത്തില്‍ ജയിംസ് ജോസഫ് പറഞ്ഞു. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഇല്ലിനോയി സൊസൈറ്റി ഫോര്‍ റെസ്പിരേറ്ററി കെയര്‍ അധ്യക്ഷ ഗോള്‍ഡി ബെള്‍ക് റെസ്പിരേറ്ററി കെയര്‍ പ്രൊഫഷന്റെ ആവിര്‍ഭാവത്തിന്റേയും വികാസത്തിന്റേയും നാള്‍വഴികള്‍ വിശദീകരിച്ചു. ഇല്ലിനോയിയില്‍ റെസ്പിരേറ്ററി കെയര്‍ ലൈസന്‍സ് നിയമം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മാര്‍ക്ക് അംഗങ്ങള്‍ വഹിച്ച പങ്ക് ഗോള്‍ഡി ബെള്‍ക്ക് നന്ദിയോടെ സ്മരിച്ചു. ഇല്ലിനോയിയിലെ റെസ്പിരേറ്ററി കെയര്‍ ലൈസന്‍സ് ബോര്‍ഡ് അംഗമായി നിയമിക്കപ്പെട്ട മാര്‍ക്കിന്റെ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍കൂടിയായ സനീഷ് ജോര്‍ജിനെ സമ്മേളനത്തില്‍ പ്രത്യേകം ആദരിച്ചു. സെക്രട്ടറി റോയി ചേലമലയില്‍, മുന്‍ പ്രസിഡന്റ് ടോം കാലായില്‍ എന്നിവര്‍ സമ്മേളനത്തില്‍ എം.സിമാരായി പ്രവര്‍ത്തിച്ചു. വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ് കൃതജ്ഞത പ്രകാശിപ്പിച്ചു.

പൊതു സമ്മേളനത്തെ തുടര്‍ന്നു മാര്‍ക്ക് അംഗങ്ങളും, കുടുംബാംഗങ്ങളും ചേര്‍ന്നു അവതരിപ്പിച്ച ചെണ്ടമേളം, സംഘനൃത്തങ്ങള്‍, ഗാനങ്ങള്‍ എന്നിവയുള്‍പ്പെട്ട കലാമേള ഏവരും ആസ്വദിച്ചു. സമ്മേളനത്തില്‍ വച്ചു നടത്തപ്പെട്ട മാര്‍ക്ക് റാഫിളിന്റെ നറുക്കെടുപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഏബ്രഹാം മാത്യു, സ്‌പോണ്‍സര്‍മാരായ കെവിന്‍ മക്ഡര്‍മൊട്ട്, സൈമണ്‍ ചക്കാലപ്പടവില്‍, ശിവപ്രസാദ് പിള്ള, റാഫിള്‍ കോര്‍ഡിനേറ്റര്‍ വിജയ് വിന്‍സെന്റ് എന്നിവര്‍ നിര്‍വഹിച്ചു. ജോമോന്‍ മാത്യു, അനീഷ് ചാക്കോ, ഷാജന്‍ വര്‍ഗീസ്, സണ്ണി കൊട്ടുകാപ്പള്ളി, ജെയ്‌മോന്‍ സ്കറിയ, ഷാജു മാത്യു, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍, ജോര്‍ജ് ഒറ്റപ്ലാക്കില്‍, സ്കറിയാക്കുട്ടി തോമസ്, റെജിമോന്‍ ജേക്കബ്, വിജയ് വിന്‍സെന്റ്, മാക്‌സ് ജോയി, അജി പിള്ള, ഷൈനി ഹരിദാസ്, ഗീതു ജേക്കബ് എന്നിവര്‍ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കും നടത്തിപ്പിനും നേതൃത്വം നല്‍കി. സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.
കുടുംബ സംഗമത്തിന്റെ വിജയം മാര്‍ക്കിന് മറ്റൊരു പൊന്‍തൂവല്‍കുടുംബ സംഗമത്തിന്റെ വിജയം മാര്‍ക്കിന് മറ്റൊരു പൊന്‍തൂവല്‍കുടുംബ സംഗമത്തിന്റെ വിജയം മാര്‍ക്കിന് മറ്റൊരു പൊന്‍തൂവല്‍കുടുംബ സംഗമത്തിന്റെ വിജയം മാര്‍ക്കിന് മറ്റൊരു പൊന്‍തൂവല്‍കുടുംബ സംഗമത്തിന്റെ വിജയം മാര്‍ക്കിന് മറ്റൊരു പൊന്‍തൂവല്‍കുടുംബ സംഗമത്തിന്റെ വിജയം മാര്‍ക്കിന് മറ്റൊരു പൊന്‍തൂവല്‍കുടുംബ സംഗമത്തിന്റെ വിജയം മാര്‍ക്കിന് മറ്റൊരു പൊന്‍തൂവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക