Image

ദുബായില്‍ അന്താരാഷ്ട്ര ആയുഷ് സമ്മേളനം 9, 10, 11 തീയതികളില്‍

Published on 06 November, 2017
ദുബായില്‍ അന്താരാഷ്ട്ര ആയുഷ് സമ്മേളനം 9, 10, 11 തീയതികളില്‍
 
അബുദാബി: പ്രഥമ അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും പ്രദര്‍ശനത്തിനും ദുബായില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 9, 10, 11 തീയതികളില്‍ ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി. 

യുഎഇ സഹിഷ്ണതവകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തില്‍ സയന്‍സ് ഇന്ത്യ ഫോറത്തിന്റെ നേതൃത്വത്തില്‍ വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്റെയും ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തോടെയാണ് സമ്മേളനം ഒരുക്കിയിരിക്കുന്നത്. 

ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. യുഎഇ സന്തോഷ ക്ഷേമ കാര്യ മന്ത്രി ഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി, ആയുഷ് വകുപ്പ് കേന്ദ്രമന്ത്രി ശ്രിപ്രസാദ് നായിക് തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന 60 വിദഗ്ധര്‍ പ്രസംഗിക്കും. 600 പ്രതിനിധികള്‍ പങ്കെടുക്കും. 19 വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. 50 പ്രമുഖ കന്പനികളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ആധുനിക ചികിത്സാരീതികളും നൂതന മരുന്നുകളും പൊതുജനങ്ങള്‍ക്കും പ്രതിനിധികള്‍ക്കും പരിചയപ്പെടുത്തും. യുഎഇ യില്‍ ഇത്തരം മരുന്നുകള്‍ നിര്‍മിക്കുന്നതിനും ചികിത്സ രീതികള്‍ ആരംഭിക്കുന്നതിനുമുള്ള നിയമപരമായ നടപടികള്‍ക്ക് തുടക്കം കുറിക്കും. 10 നു രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശന നഗരിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും.

ആയുര്‍വേദം, ഹോമിയോപ്പൊതി, യുനാനി, സിദ്ധ, നാച്വറോപ്പൊതി തുടങ്ങിയ പരന്പരാഗത ചികില്‍സാ സംവിധാനങ്ങളെ ലോക വേദികളില്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കുള്ള ആദ്യപടിയാണ് ദുബായ് സമ്മേളനമെന്നു ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടി,ഭാരവാഹികളായ ടി.എം. നന്ദകുമാര്‍, ഡോ. വി.ഐ. ശ്യാം, മഹേഷ് നായര്‍, ഐഎസ്സി ആക്ടിംഗ് പ്രസിഡന്റ് കെ. ജയചന്ദ്രന്‍ നായര്‍ എന്നിവരും പങ്കെടുത്തു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക