Image

ലാന: അമേരിയ്ക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും ചരിത്രം സൃഷ്ടിച്ചവരും. (`ഭാഗം : 2- ഡോ.ഏ.കെ.ബി.പിള്ള)

ഡോ.ഏ.കെ.ബി.പിള്ള Published on 07 November, 2017
ലാന: അമേരിയ്ക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും ചരിത്രം സൃഷ്ടിച്ചവരും. (`ഭാഗം : 2- ഡോ.ഏ.കെ.ബി.പിള്ള)
എന്റെ പ്രബന്ധത്തില്‍ പറഞ്ഞിട്ടുള്ള പ്രക്രിയകള്‍ കൊണ്ട്, മറു നാടുകളിലുള്ള മലയാളികള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ 'ദ്വിഭാഷാഭ്യാസം' ചെയ്യാവുന്നതാണ്. അതുകൊണ്ട് 'മലയാളം' രണ്ടാം ഭാഷയായി തീരുന്നതില്‍ വ്യസനിക്കാനില്ല. എന്നാല്‍, മലയാളം അമേരിക്കയിലെ ഏതാണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വിദേശഭാഷാ പഠനത്തിന് അംഗീകരിച്ചിട്ടുള്ളതുകൊണ്ടു കൂടി മലയാളം കുഞ്ഞുങ്ങളെ പഠിപ്പിക്കാവുന്നതാണ്. എന്നാല്‍ ഇതിനൊക്കെയുള്ള ഒരു പ്രധാന പ്രശ്‌നം നമ്മുടെ മാതാപിതാക്കള്‍ക്കു പലര്‍ക്കും മലയാളവും ഇംഗ്ലീഷും, ഭാഷയുടെ അടിസ്ഥാനഘടകങ്ങളായ വ്യാകരണങ്ങളുടെ ഉച്ചാരണവും അറിഞ്ഞു കൂടാ എന്നുള്ളതാണ്. ഇനി പരിഹാരം, കുഞ്ഞുങ്ങളോടൊപ്പം മാതാപിതാക്കളും സ്‌ക്കൂളില്‍ പോയി പഠിക്കുകയാകുന്നു. സ്‌ക്കൂളുകളുടെ അധികൃതര്‍, മാതാപിതാക്കളേയും ആകര്‍ഷിക്കേണ്ടിയിരിക്കുന്നു.

മുതിര്‍ന്ന സാഹിത്യകാരന്മാര്‍ക്കു ബഹുമതി

എണ്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ള ശ്രീ. സേതു നരിക്കോട്ട്, ശ്രീ.പി.ടി.ചാക്കോ, ഡോ.എം.എസ്.ടി.നമ്പൂതിരി, ഈ ലേഖകന്‍ ഡോ.ഏ.കെ.ബി.പിള്ള എന്നിവരെ ബഹുമതി ഫലകം നല്‍കി ആദരിച്ചത്, മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്ക് ചരിത്രപരമായ ഒരു മടക്കായിരുന്നു. ശ്രീ.സേതു നിരക്കോട്ട്, ഒരു പ്രാഥമിക മലയാള പാഠപുസ്തകം കൊണ്ട്, നമ്മെ അനുഗ്രഹിച്ച എഴുത്തുകാരനാണ്. മലയാളപത്രം പത്രാധിപര്‍ വേദിയില്‍ നിന്നും പ്രസ്താവിച്ചതു പോലെ, ശ്രീ നരിക്കോട്ട് മലയാളത്തിനുവേണ്ടി വളരെ യത്‌നങ്ങള്‍ ചെയ്തിട്ടുണ്ട്. ശ്രീ.പി.ടി. ചാക്കോ, നഷ്ടപ്പെട്ട മൂല്യങ്ങളെ അധികരിച്ച് നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചു. അദ്ദേഹം ഇനിയും അതുചെയ്യുമെന്ന് ആശിക്കുന്നു. ഡോ.എം.എസ്.ടി.നമ്പൂതിരി കവിയും ലാനയുടെ ആദ്യ പ്രസിഡന്റും ആണ്. പല സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും, അവയില്‍ നിന്നും എല്ലാം ഉള്ള പാഠങ്ങള്‍, മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും വികാസത്തിനു ലക്ഷ്യം വയ്ക്കുന്ന ഈ ലേഖകനെ ആദരിച്ചതില്‍ പ്രത്യേകം നന്ദി. 'ലാന' യുടെ 2013 ലെ ചിക്കാഗോ, കണ്‍വന്‍ഷന്‍ എനിക്ക് Life Time Achievement award-ഉം നല്‍കുകയുണ്ടായി. വീണ്ടും നന്ദി!

സാഹിത്യ ചരിത്രം: സിദ്ധാന്തപരമായ പുതിയ പ്രവണതകളും, വളര്‍ച്ചയും

സാഹിത്യ പരിഷത്ത്, പുരോഗമന സാഹിത്യരീതി, കേരളസാഹിത്യസമിതി എന്നീ സംഘടനകളുടെ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ ലേഖകനെ സ്പര്‍ശിച്ച ഒരു കാര്യം ഈ 'ലാന' സമ്മേളനത്തില്‍ പങ്കെടുപ്പിച്ച സാഹിത്യകാരന്മാരുടെ ബഹുലതയാണ്. ഇത് പ്രധാനമായും സെക്രട്ടറി, ശ്രീ.ജെ.മാത്യൂസിന്റെ പ്രയത്‌നം കൊണ്ടാകുന്നു. സാഹിത്യകാരന്മാരും സാഹിത്യത്തില്‍ താല്‍പര്യം ഉള്ളവരുമായ ഏതാണ്ട് എല്ലാ ആളുകളേയും അദ്ദേഹം നേരിട്ട് വിളിച്ചു എന്നാണ്, എന്റെ അറിവ്. നൂറു ഡോളര്‍ രജിസ്‌ട്രേഷന്‍ ഫീ കൊണ്ട് സമ്മേളനത്തിന്റെ ചിലവു വഹിയ്ക്കാന്‍ കഴിയുമോ, എന്ന എന്റെ അന്വേഷണത്തിന് അദ്ദേഹത്തിന്റെ മറുപടി,- 'ചിലവല്ല എന്റെ പ്രശ്‌നം, എത്രയും കൂടുതല്‍ ആളുകളെ പങ്കെടുപ്പിയ്ക്കുക എന്നുള്ളതാണ്.' അതില്‍ അദ്ദേഹം ജയിച്ചിരിക്കുന്നു.

അമേരിയ്ക്കന്‍ മലയാള സാഹിത്യത്തിലെ ചരിത്രപരമായ ഒരു കാലം, സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും മലയാളം അദ്ധ്യാപകരും മറ്റും പരസ്പരം യോജിപ്പില്‍ പ്രവര്‍ത്തിയ്ക്കുന്നതു പോലെ എഴുത്തുകാരും ആസ്വാദകരും ഒന്നായി പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്. ആസ്വാദകരായി അവതരിയ്ക്കുന്ന പലരും എഴുത്തുകാരായിതീരുന്നു. ഇത്, ശ്രീ മനോഹര്‍ തോമസ്, ശ്രീ.സാംസി കൊടുമണ്‍ എന്നിവര്‍ നയിക്കുന്ന ചര്‍ച്ചാ സമ്മേളനങ്ങളായ 'സര്‍ഗ്ഗവേദി', 'വിചാരവേദി' എന്നിവയിലും അമേരിയ്ക്കയിലെ മറ്റ് മലയാള ചര്‍ച്ചാ സമിതികളിലും കാണാവുന്നതാണ്. ചര്‍ച്ചാ സമിതികള്‍, മലയാളം സ്‌ക്കൂളുകള്‍ പോലെ സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കു മാത്രമല്ല, എഴുത്തുകാരുടെയിടയ്ക്കുള്ള സൗഹൃദത്തിനും സഹകരണത്തിനും ശക്തി നല്‍കുന്നു.
അമേരിയ്ക്കയിലും കേരളത്തിലും ഉള്ള പുതിയ സാഹിത്യപ്രവണതകളുടെ പ്രചോദങ്ങളില്‍ ചര്‍ച്ചാവേദികളും മാധ്യമങ്ങളും ഉള്‍പ്പെടുന്നു. സാഹിത്യചരിത്രം വീക്ഷിക്കുമ്പോള്‍, 'മേലേക്കിട' സാഹിത്യം, സംസ്‌കൃതാഭിനിവേശമുള്ള സാഹിത്യത്തിലേക്കും, പിന്നീട് ദേശീയ സംസ്‌ക്കാര സാഹിത്യത്തിലേക്കും, സാമൂഹ്യമായ മാറ്റത്തിനു വേണ്ടി പുരോഗമന സാഹിത്യത്തിലേയ്ക്കും ഉള്ള പരിണാമം, ആധുനികത്വത്തിന്റെ(Modernism) സ്വാധീനം കൊണ്ട് പലര്‍ക്കും(എല്ലാവര്‍ക്കും അല്ല) ആശയകുഴപ്പത്തിലേക്കും വന്നു ചേര്‍ന്നു. ആധുനികത്വത്തിന്റെ കൃത്രിമത്വവും ആശയ ദാരിദ്ര്യത്തിന്റേയും മൂല്യച്യുതിയുടേയും ഒച്ചപ്പാടുകള്‍ ഇന്നും കേരളത്തില്‍ ബഹുലമാണ്. സമകാലീന സാഹിത്യ ചരിത്രത്തെപ്പറ്റി ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, ശ്രീ.ടി.എന്‍.ജയചന്ദ്രന്‍ സംബോധന ചെയ്ത, ഭാഷാ ഇന്‍സ്റ്റിട്ടൂട്ടിന്റെ(തിരുവനന്തപുരം) പ്രസിദ്ധീകരണം വായിക്കുക. ആധുനികത്വത്തിന്റെ ചെളി ഏല്‍ക്കാതെ, നൈസ്സര്‍ഗ്ഗിക സാഹിത്യവും വളര്‍ന്നു- ശ്രീകാവാലം നാരായണ പണിക്കര്‍, ശ്രീ.പി. നാരായണകുറുപ്പ്, പ്രൊഫ.വിഷ്ണു നാരായണന്‍ നമ്പൂതിരി, പ്രൊഫ. ഓ.എന്‍.പി.കുറുപ്പ്, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍.

മൂന്നാമത് ഒരു സാഹിത്യശാഖ അടുത്ത കാലത്ത് കേരളത്തിലും അമേരിയ്ക്കയിലും വളര്‍ന്നുവരുന്നു. പൈങ്കിളി സാഹിത്യം (പരാമര്‍ശം, മുട്ടത്തുവര്‍ക്കി) എന്നു പറഞ്ഞ് ഈ സാഹിത്യത്തെ പുറംതള്ളാനുള്ള ശ്രമത്തോട് ഞാന്‍ യോജിക്കുന്നില്ല. ആധുനികത്വം ശൂന്യതയുടെ സാഹിത്യമാകുമ്പോള്‍, 'പൈങ്കിളി' സാഹിത്യം, ജീവിതം വൃഥയില്‍ വിങ്ങല്‍ കൊള്ളുന്ന സമകാലീന മനുഷ്യര്‍ക്ക് ആശ്വാസവും സുഖവും നല്‍കുന്നതാണ്. അതിനു വേണ്ടി ആയിരിയ്ക്കാം, അത്തരം സാഹിത്യകൃതികള്‍ പലതും രചിക്കുന്നത്. ഇതുപോലെ പലരും സംതൃപ്തിയ്ക്കു വേണ്ടി രചിയ്ക്കുന്ന സ്വന്തം വിനോദ സാഹിത്യവും, സാമൂഹ്യവിരുദ്ധമല്ലാത്തതാണെങ്കില്‍ ഞാന്‍ അംഗീകരിയ്ക്കുന്നു. എന്നാല്‍ എന്റെ സ്വന്തം സാഹിത്യ വീക്ഷണം, സാഹിത്യത്തില്‍ അര്‍പ്പണബുദ്ധിയുള്ള ഒരു എഴുത്തുകാരന്‍, ബോധപൂര്‍വ്വം, പ്രകൃതി-സാമൂഹ്യ-സംസ്‌ക്കാര പുനഃസൃഷ്ടിയുടെ കൃതികള്‍ രചിയ്ക്കണം എന്നുള്ളതാണ്.(2017 'ലാനേയം' എന്ന പ്രസിദ്ധീകരണത്തില്‍ എന്റെ പ്രബന്ധം വായിക്കുക).

ഗവേഷണ പ്രബന്ധങ്ങളുടെ ആവശ്യം

അനേകം പേര്‍ പങ്കെടുക്കുന്ന കവിത, കഥ, തുടങ്ങിയ സാഹിത്യ വിഭാഗങ്ങളില്‍ ഓരോന്നിലും മുഖ്യപ്രാസംഗികനെ ലാന, ഉള്‍പ്പെടുത്തിയിരുന്നു. നന്നായി. ലാന ഒരു പുതിയ ചീട്ടുകൂടി വരുത്തുന്നതു കൊള്ളാം. അതായത് മുഖ്യ പ്രബന്ധം, ആ സാഹിത്യ വിഭാഗത്തിന്റെ വളര്‍ച്ചയേയും പ്രവണതകളേയും, താരതമ്യ ഗവേഷണ പഠനത്തിലൂടെ ഒരു പ്രബന്ധമായി എഴുതി അവതരിപ്പിക്കണം. പ്രതികള്‍ വിതരണം ചെയ്യണം. ഇതാണ്, പടിഞ്ഞാറന്‍ സാഹിത്യ സമ്മേളനങ്ങളിലെ പതിവ്. അതുകൊണ്ടു മാത്രമേ, സാഹിത്യത്തിന്റെ വളര്‍ച്ചക്കു പ്രയോജനപ്പെടുകയൊള്ളൂ.


ലാന: അമേരിയ്ക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും ചരിത്രം സൃഷ്ടിച്ചവരും. (`ഭാഗം : 2- ഡോ.ഏ.കെ.ബി.പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക