Image

കെഎസ് സി കേരളപിറവി ദിനാഘോഷം നടത്തി

Published on 07 November, 2017
കെഎസ് സി കേരളപിറവി ദിനാഘോഷം നടത്തി
 അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ കേരളപിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 

പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.വി.കെ പനയാല്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മൂന്നു ഭാഗങ്ങളിലായി കിടന്നിരുന്ന ഭൂമികയെ ഒരു ഭാഷയുടെ ഒത്തുചേരല്‍ എന്ന നിലയില്‍ സാംസ്‌കാരികമായി ഒന്നിപ്പിക്കുക എന്നത് മാത്രമല്ല സാമൂഹികമായും രാഷ്ട്രീയമായും സമന്വയം ഉണ്ടാകുകയും ലോകത്തിനു മാതൃകയാകുന്ന തരത്തില്‍ ഒരു കൊച്ചു സംസ്ഥാനം വളരുകയും ചെയ്തു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നതും ഇതു തന്നെ. ഈ സാസ്‌കാരിക മുന്നേറ്റത്തിന്റെ ഭാഗമായി കേരളത്തിന് പുറത്തും ആ സാംസ്‌കാരിക തനിമ നിലനിര്‍ത്താന്‍ പ്രവാസികള്‍ക്കാവുന്നു. മലയാളമെന്ന ഭാഷയോടുള്ള ആത്മബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പി.വി.കെ. പനയാല്‍ പറഞ്ഞു.

കേരള സോഷ്യല്‍ സെന്ററില്‍ നടന്നുവരുന്ന മലയാളം പഠന ക്ലാസിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സെന്റര്‍ ബാലവേദി കൂട്ടുകാരും സെന്റര്‍ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റു കൂട്ടി. ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ പൂക്കള മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും ചടങ്ങില്‍ വിതരണം ചെയ്തു. 

കെഐസി പ്രസിഡന്റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം സെക്രട്ടറി സിന്ധു ഗോവിന്ദന്‍ നന്പൂതിരി, ജനറല്‍ സെക്രട്ടറി ടി.കെ. മനോജ്, കലാവിഭാഗം സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക