Image

ഹരിയാന റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയുടെ കൊലപാതകം; പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Published on 08 November, 2017
ഹരിയാന റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയുടെ കൊലപാതകം; പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി പ്രഥ്യുമന്‍ താക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റു ചെയ്‌തു. വിദ്യാര്‍ത്ഥിയെ സിബിഐ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്‌. ഉച്ചയ്‌ക്ക്‌ ശേഷം ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡിന്‌ മുന്‍പാകെ ഹാജരാക്കും. ഇന്നലെയായിരുന്നു പതിനൊന്നാം ക്ലാസുകാരനെ നാടകീയമായി സിബിഐ അറസ്റ്റു ചെയ്യുന്നത്‌.


സെപ്‌തംബര്‍ എട്ടിനായിരുന്നു ഏഴുവയസുകാരന്‍ പ്രഥ്യുമനെ സ്‌കൂളിലെ ശൗചാലയത്തില്‍ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. ഇതിന്‌ പിന്നാലെ സ്‌കൂളിലെ ബസ്‌ ജീവനക്കാരന്‍ അശോക്‌ കുമാറിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. 

ലൈംഗികാതിക്രമം ചെറുത്തതിനെത്തുടര്‍ന്ന്‌ അശോക്‌ കുമാര്‍ കുട്ടിയെ കഴുത്തറുത്ത്‌ കൊല്ലുകയായിരുന്നുവെന്നായിരുന്നു പൊലീസ്‌ ഭാഷ്യം. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പ്രതി കുറ്റം സമ്മതിച്ചെന്നുമായിരുന്നു പൊലീസ്‌ വ്യക്തമാക്കിയിരുന്നു.


അതിനിടെ അശോകിനെ പൊലീസ്‌ മനപൂര്‍വം പ്രതിയാക്കുകയാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്‌ചയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. റയാന്‍ സ്‌കൂളിനെതിരെ ശക്തമായ ആരോപണവുമായി പ്രഥ്യുമന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. 

പ്രതിയെ അറസ്റ്റു ചെയ്‌തിട്ടും സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. തുടര്‍ന്ന്‌ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക