Image

തെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? (ഈശോ ജേക്കബ്, ഹൂസ്റ്റണ്‍)

Published on 08 November, 2017
തെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്? (ഈശോ ജേക്കബ്, ഹൂസ്റ്റണ്‍)
തെറ്റും ശരിയും തിരിച്ചറിയാനും തെറ്റ് ഒഴിവാക്കി ശരി ചെയ്യുവാനുമുള്ള കഴിവിനാണ് ജ്ഞാനം എന്ന് പറയുന്നത്.
വഴിയുടെ വലതുവശത്തുകൂടി നടക്കുന്നത് ഇന്ത്യയില്‍ തെറ്റാണു, അമേരിക്കയില്‍ ശരിയും! ഇടതുവശം ചേര്‍ന്ന് വാഹനമോടിക്കുന്നത് അമേരിക്കയില്‍ തെറ്റാണു, ഇന്‍ഡ്യയില്‍ ശരിയും!
സ്ത്രീകള്‍ മുഖവും കഴുത്തും കയ്യും കാലും മറ്റു മറ്റു ശാരീരീരഭാഗങ്ങളോടൊപ്പം മറയ്ക്കാതെ പൊതുവില്‍ ഇറങ്ങുന്നത് ചില രാജ്യങ്ങളില്‍ വലിയ തെറ്റാണു. ഈ നിര്‍ബന്ധങ്ങളൊന്നും പല പാശ്ചാത്യ നാടുകളിലും ഇല്ലെന്നറിയാമല്ലോ. എന്തുടുക്കണം, എന്ത് കുടിക്കണം, എന്ത് കഴിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവിടങ്ങളിലുണ്ട്.
തലയില്‍ തുണിയിടത്തെ ആരാധനയില്‍ പങ്കെടുക്കുന്നത് അമേരിക്കയില്‍ തെറ്റല്ല. എന്നാല്‍ പല സമൂഹങ്ങളിലും തെറ്റാണു. മറ്റു ചിലര്‍ക്ക് അത് നിര്‍ബന്ധമാണ്.

ശബരിമലയില്‍ യുവതികള്‍ ചെന്നാല്‍ എന്തോ പന്തികേടുണ്ടെന്നാണ് പൊതുധാരണ, ദൈവത്തിനോ, പുരുഷ ഭക്തര്‍ക്കോ, പുരോഹിതന്മാര്‍ക്കോ എന്നു വ്യക്തമല്ല!
ആഭരണം ധരിക്കുന്നതു ചില സമൂഹങ്ങളില്‍ അനുവദനീയമല്ല. മറ്റു ചില സമൂഹങ്ങളില്‍ ആഭരണം ധരിക്കാത്തത് അരോചകമാണ്, അനുചിതമാണ്!
സ്ത്രീകള്‍ വൈദികരാകുന്നത് ചില സമുദായങ്ങളില്‍ ചിന്തിക്കാന്‍ കൂടി വയ്യ. അത് കടുത്ത തെറ്റാണുപോലും! എന്നാല്‍ പല നാടുകളിലും പക്വമതികളും പുരോഗമന ചിന്തയുള്ളവരുമായ വനിതാ വൈദികരുണ്ട്.

എത്രയോ നൂറ്റാണ്ടുകള്‍ വൈദികര്‍ക്ക് വിവാഹം വിലക്കിയിരുന്നു? അതിന്റെ വിപത്തുകള്‍ വെളിയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ അയവു കണ്ടു തുടങ്ങിയിട്ടുണ്ട്. ഏതാണ് തെറ്റ്, ഏതാണ് ശരി?
പകല്‍ വീടിന്റെ മുന്‍വാതില്‍ അടച്ചിടുന്നത് തറവാടിത്തത്തിനു ചേരാത്ത തെറ്റായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് മിക്ക വീടുകളുടെയും മുന്‍വാതില്‍ പട്ടാപ്പകലും പൂട്ടിയിടുന്നു! ഇന്ന് അത് ഐശ്വര്യക്കേടല്ലത്രേ!
വിശ്വാസികള്‍, പ്രത്യകിച്ചു, സ്ത്രീകള്‍ മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കുന്നത് ഇന്നും പല സംസ്കാരങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടില്ല. പുരോഹിത വര്‍ഗത്തിന്റെ കുത്തകയാണത്രെ, വേദവ്യാഖ്യാനം!
സാധാരണക്കാര്‍ ബൈബിള്‍ വായിക്കുന്നത് നിരോധിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്നും ആദ്യമായി ബൈബിള്‍ ഇംഗ്‌ളീഷിലേക്ക് പരിഭാഷ ചെയ്ത ഭക്തനെ സഭാനേതാക്കള്‍ വകവരുത്തിയെന്നും, എന്നിട്ടരിശം തീരാഞ്ഞിട്ടു അയാളുടെ ശവം മാന്തിയെടുത്തു കരിച്ചു കളഞ്ഞെന്നും. ഇന്നത്തെ കുഞ്ഞാടുകള്‍ക്കറിയാമോ?
ഭൂമി ഉണ്ടായിട്ടു ആറായിരം വര്‍ഷമേ ആയിട്ടുള്ളുവെന്നു രണ്ടായിരം വര്ഷത്തോളം സഭ പഠിപ്പിച്ചിരുന്നു. അത് തികച്ചും തെറ്റാണെന്നും ഭൂമി ഉണ്ടായിട്ടു ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞെന്നു ഇന്ന് മിക്കവര്‍ക്കുമറിയാം.
ഭൂമി ഉരുണ്ടതാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞനെ വിഡ്ഢികളായ മതനേതാക്കള്‍ നിഷ്കരുണം വധിച്ചുവെന്ന ചരിത്ര സത്യം ആര്‍ക്കാണ് മറക്കാന്‍ കഴിയുക? തെറ്റാതെ തെറ്റുന്നതിനു ഇനിയും ഉദാഹരണങ്ങളേറെ!
പണ്ടൊക്കെ കേരളത്തില്‍ സന്ധ്യ കഴിഞ്ഞാല്‍ പല സ്ഥലങ്ങളിലും യക്ഷികളെയും പിശാചുക്കളെയും ചാത്തനേയും കണ്ടിരുന്നുവത്രെ! വൈദ്യുതിവിളക്കുകള്‍ വന്നതോടെ അക്കൂട്ടര്‍ മിക്കവാറും അപ്രത്യക്ഷരായി! തോട്ടങ്ങളും പുരയിടവും സ്വത്തുക്കളും സംരകിഷിക്കാനും അനാശാസ്യങ്ങള്‍ക്കുവേണ്ടി വഴിയുണ്ടാക്കാനും പ്രചരിപ്പിചിരുന്ന പച്ചക്കള്ളങ്ങള്‍ ഇന്ന് വിലപ്പോവില്ല. അന്ന് അവരെ ചോദ്യം ചെയ്തവരെ മത നേതാക്കള്‍ ദൈവനിഷേധികളെന്നു മുദ്രകുത്തി!
ഭര്‍ത്താവു മരിച്ചാല്‍ യുവതിയാണെങ്കില്‍ പോലും ഭാര്യ ചിതയില്‍ ചാടി മരിക്കാന്‍ പ്രേരിപ്പിക്കുകയും നിര്ബന്ധിക്കുകയും തള്ളിയിടുകയും ചെയ്തതിനു അന്ന് മതം കൂട്ടുനിന്നു!
ഇന്നും ശിശുബലിയും ശൈശവ വിവാഹവും ബഹുഭാര്യത്വവും പ്രോല്‍സാഹിപ്പിക്കുന്ന മതവിഭാഗങ്ങളുണ്ട്. അതൊക്കെ ശരിയാണെന്ന ധാരണയില്‍ അവര്‍ തെറ്റാതെ തെറ്റിക്കൊണ്ടിരിക്കുന്നു!
ചില വര്‍ഗങ്ങള്‍ക്കു സംസ്കൃതവും വേദവും പഠിക്കാന്‍ ഇന്നും അവസരം കൊടുക്കില്ല. മറ്റു ചിലര്‍ക്ക് പൂജാരിയാവാന്‍ അനുവാദം കൊടുക്കില്ലത്രേ. ഒളിവില്‍ നിന്ന് പോലും വേദോച്ചാരണം കേട്ടാല്‍ അവരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നു പഠിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു ഭാരതത്തില്‍!
സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാലത്തു കരം (നികുതി) പിരിക്കുന്നത്. എന്നാല്‍ സ്ത്രീകളോട് അവരുടെ സ്തനസമ്പത്തിന്റെ പേരില്‍ കരം പിരിക്കുന്ന വികൃത നിയമം കേരളത്തിലുണ്ടായിരുന്നുവെന്ന ചരിത്രസത്യം തികച്ചും മറക്കാറായിട്ടില്ല! അതും അന്ന് ശരിയാണെന്നു പഠിപ്പിച്ച മതനേതാക്കള്‍ തെറ്റാതെ തെറ്റുകയായിരുന്നു, ജനവും!
സ്ത്രീ പുഴ കടന്നാല്‍ നാട് നശിക്കും ഇന്ന് ശഠിച്ചിരുന്ന നാട്ടില്‍ പാലങ്ങള്‍ വന്നതോടെ പുഴ കടക്കാത്ത സ്ത്രീകള്‍ ഇല്ലെന്നായി. പുഴ മാത്രമല്ല, കായലും, കടലും മഹാസമുദ്രങ്ങളും കടന്നു കഴിഞ്ഞ ഇക്കാലത്തു അതൊരു തെറ്റായി ആരും കരുതുന്നില്ല. പുഴകള്‍ കടന്നു വിദേശങ്ങളിലെത്തിയ സ്ത്രീകളല്ലേ കേരളത്തിലെ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കര കയറ്റിയത്? പുഴ കടന്നതിന്റെ പേരില്‍ എത്രയോ സ്ത്രീകള്‍ അന്ന് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്? തെറ്റ് പറ്റിയതാര്‍ക്കാണ്?
പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് തടയുന്ന മതഭ്രാന്തന്മാരുള്ള പല നാടുകളും ഇന്നും ലോകത്തിലുണ്ടെന്നു വിശ്വസിക്കാന്‍ പ്രയാസം! അവര്‍ക്കും ന്യായവാദങ്ങളുണ്ട്. തെറ്റാതെ തെറ്റിക്കൊണ്ടിരിക്കുന്നു!
കേരളത്തിലെ വിദേശ വരുമാനത്തിന്റെ വലിയൊരു പങ്കു നമ്മുടെ നഴ്‌സുമാരായ സഹോദരങ്ങളല്ലേ നാട്ടിലെത്തിക്കുന്നത്? പെണ്‍കുട്ടികള്‍ നഴ്‌സിംഗ് പഠിക്കുന്നതിനെ പുശ്ചിച്ചിരുന്ന തലമുറ തെറ്റാതെ തെറ്റുകയല്ലായിരുന്നോ?
അഗ്ജ്ഞത മൂലം തെറ്റുമ്പോള്‍ തെറ്റ് തെറ്റാണെന്നറിയാതെ തെറ്റിദ്ധാരണകളെ സത്യവിശ്വസങ്ങളായി അംഗീകരിച്ചുപോകുന്നു. തെറ്റാതെ തെറ്റുന്നു!
"ഇന്നലെ ചെയ്‌തൊരാബ്ധം മാനുഷനിന്നത്തെയാചരമകം, നാളത്തെ ശാസ്ത്രമതാകാം!"
മതത്തേയും രാഷ്ട്രീയത്തിലെയും സങ്കല്പങ്ങളും വിശ്വസങ്ങളും ആരുടെമേലും അടിച്ചേല്പിക്കരുത്. തുറന്ന മനസ്സോടെ പഠിക്കാനും, അവനവനു തികഞ്ഞ ബോധ്യമുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാത്ത വിധത്തില്‍ വിശ്വസിക്കുവാനും അവിശ്വസിക്കുവാനും അനുകരിക്കുവാനും അനുകരിക്കാതിരിക്കുവാനുമുള്ള സ്വാതന്ത്ര്യം കൊടുത്തേ മതിയാകു. അല്ലെങ്കില്‍ നാം ശരിയാകാതെ ശരിയാക്കുന്നവരായിത്തീരും! അഥവാ, തെറ്റാതെ തെറ്റിക്കൊണ്ടിരിക്കും. "എല്ലാവരും തെറ്റ് ചെയ്തു ദൈവതേജസില്ലാത്തവരായി" എന്നതിന്റെ ആഴം ഗ്രഹിക്കാന്‍ കഴിയുമോ?
തെറ്റ് എന്ന വാക്കിന് പല അര്‍ത്ഥങ്ങളുണ്ട്. തെറ്റ് ചെയ്യുക, തെറ്റി വീഴുക, തെറ്റാലികൊണ്ടു തെറ്റുക എന്നൊക്കെ പറയുമ്പോള്‍ വിഭിന്നങ്ങളായ അര്‍ഥങ്ങളാണ് നാം കാണുന്നത്. എങ്കിലും സ്ഥായിയായ ആശയം "സ്വസ്ഥാനത്തുനിന്നു മാറിപ്പോവുക" എന്നല്ലേ?

ശരിയും സുരക്ഷിതവും മാന്യവും അര്‍ഹവുമായ നിലയില്‍നിന്ന് തെറ്റിപോകുന്നത് ഒരു നിമിഷം കൊണ്ടല്ല, ഒരു കാലഘട്ടംകൊണ്ടാകം.
ചിന്തയും മനസ്സും, സത്യമായതിലും ഘനമായതിലും മാന്യമായതിലും സദുദ്ദേശത്തിലും ദൈവികമായതിലും ഏകാഗ്രമാകാതിരിക്കുമ്പോള്‍ ജനം തെറ്റിത്തുടങ്ങുന്നു. സാവധാനമുള്ള ഈ തെറ്റലിലെ തെറ്റ് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. 'സ്ലോ ഡ്രിഫ്ട് എന്‍ഡ്‌സ് അപ്പ് ഇന്‍ ബിഗ് ഫോള്‍!'

മതങ്ങള്‍ തെറ്റുന്നു, ഭരണാധികാരികള്‍ തെറ്റുന്നു, നീതിപാലകര്‍ തെറ്റുന്നു, അദ്ധ്യാപകര്‍ തെറ്റുന്നു, ആശയങ്ങള്‍ തെറ്റുന്നു, നാം തെറ്റാതെ തെറ്റിക്കൊണ്ടിരിക്കുന്നു!
തെറ്റാതെ തെറ്റിക്കൊണ്ടിരിക്കുന്ന ലോകം എങ്ങോട്ടാണ്? പുരോഗതിയിലേക്കോ, നാശത്തിലേക്കോ? ഒരു പുനര്‍വിചിന്തനം ആവശ്യമില്ലേ?
സാമൂഹ്യ ബന്ധങ്ങള്‍ ഉറപ്പിക്കാനും, സുരക്ഷിതത്വവും സ്വഹൃദത്വവും നിലനിര്‍ത്തുവാനും സേവനം ചെയ്യുവാനും അറിവ് പകരുവാനും ഭാവിയെപ്പറ്റി നല്ല പ്രതീക്ഷ നില നിര്‍ത്തുവാനും ഉദയം ചെയ്ത മതവും രാക്ഷ്ടീയവും ആധ്യാത്മിക സംഘടനകളും ക്രമേണ "തെറ്റാതെ തെറ്റിക്കൊണ്ടിരുന്നുവെന്നു" ചരിത്രവിദ്യാര്‍ഥികള്‍ക്കു തിരിച്ചറിയാന്‍ പ്രയാസമില്ല.
വഴി തെറ്റിയ നേതാക്കള്‍ അന്ധകാരം പരത്തി, അന്ധവിസ്വാസങ്ങള്‍ പ്രോത്സാഹബിപ്പിച്ചു, ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചു, വിദ്വെഷത്തിന്റെ വിഷവിത്തുകള്‍ ഉള്‍ത്തളങ്ങളിന്‍ വിതച്ചു ജനത്തെ ഭിന്നിപ്പിച്ചു ഭരിക്കുന്നു, ചൂഷണം തുടരുന്നു!
അഴിമതികളുടെ പങ്കുപറ്റി അവര്‍ക്കു കൂട്ട് നില്‍ക്കുന്ന പരിവാരങ്ങളെയും നേതാക്കള്‍ വളര്‍ത്തിയെടുത്തു. തെറ്റിക്കൊണ്ടിരിക്കുന്ന നാം വലിയ വിപത്തിലേക്ക് തെറ്റിവീഴാതിരിക്കാന്‍ കണ്ണുകള്‍ തുറക്കേണ്ടിയിരിക്കുന്നു.

അകക്കണ്ണുകള്‍ തുറക്കേണ്ട അദ്ധ്യാപകരും മാധ്യമപ്രവര്‍ത്തകരും സാഹിത്യനായകരും അഴുക്കുചാലുകളില്‍ 'തെറ്റാതെ തെറ്റിക്കൊണ്ടിരിക്കുന്നു!"
അവര്‍ക്കുനേരെ സത്യത്തിന്റെ തെറ്റാലിയില്‍ നീതിയുടെ കല്‍ക്കഷണങ്ങള്‍ വെച്ച് ഉന്നം നോക്കി "തെറ്റുമ്പോള്‍" മാത്രമാണ് നാം തെറ്റാതെ തെറ്റേണ്ടത്!

കോപ്പിറൈറ്: ഈശോ ജേക്കബ്, ഹൂസ്റ്റണ്‍.
Join WhatsApp News
Ponmelil Abraham 2017-11-08 17:38:21
An eye opener article, Easo Jacob.
വിദ്യാധരൻ 2017-11-09 06:40:30

തെറ്റ് - തെറ്റ്
ഇത് തുടങ്ങിയതെന്നോ എവിടെയോ 
യഹോവയുടെ ശില്പശാലയിലോ 
ഏദന്‍ തോട്ടത്തിലോ (തെറ്റ്.. )

മഗ്ദലനയിലെ തെരുവില്‍ വച്ചോ 
മാലിനീതടത്തില്‍ വച്ചോ 
മാംസം മാംസത്തിനാദ്യത്തെ തെറ്റിന്റെ 
മാദക മധുപാത്രം നല്‍കി - കയ്യില്‍ 
മാദക മധുപാത്രം നല്‍കി 
ആ തെറ്റ് ജയിക്കുന്നു - ചരിത്രം
ആവര്‍ത്തിക്കുന്നു (തെറ്റ്.. )

കല്പതരുലതാ ഗൃഹത്തില്‍ വച്ചോ 
കാളിന്ദി സരസ്സില്‍ വച്ചോ 
കാമം കാമത്തിനാദ്യത്തെ തെറ്റിന്റെ 
കൈവിരലടയാളം നല്‍കി - മാറില്‍ 
കൈവിരലടയാളം നല്‍കി 
ആ തെറ്റ് ജയിക്കുന്നു - ചരിത്രം
ആവര്‍ത്തിക്കുന്നു (തെറ്റ്.. )           ( വയലാർ രാമവർമ്മ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക