Image

പുഴയുടെ ദുഃഖം (ജെസ്സി ജിജി)

Published on 08 November, 2017
പുഴയുടെ ദുഃഖം (ജെസ്സി ജിജി)
പുഴ അതിന്റെ പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു.കാലചക്രത്തിന്റെ കറക്കത്തില്‍, സംവത്സരങ്ങള്‍ കൊഴിഞ്ഞുവീഴുമ്പോള്‍ ,ഭൂമിയും ചന്ദ്രനും തങ്ങളുടെ ഭ്രമണപഥത്തില്‍ അനവധി തവണ തങ്ങളുടെ പ്രദക്ഷിണം പൂര്‍ത്തിയാക്കുമ്പോള്‍ , ഇതൊന്നും തന്റെ നിത്യ യൗവ്വനത്തെയും സ്‌െ്രെതണതയെയും ബാധിക്കില്ലല്ലോ എന്ന ചെറിയ അഹന്തതയോടെ , ഇരുവശങ്ങളിലും തലയാട്ടി നില്‍ക്കുന്ന ആറ്റുവഞ്ചികളെ തഴുകി തലോടി , വഴിയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പാറക്കൂട്ടങ്ങളെ, തന്നിലേക്കാവാഹിച്ചു , പുഴ അതിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരുന്നു .അങ്ങ് ദൂരെ മലയിടുക്കുകളില്‍ നിന്നും ഒരു കുഞ്ഞരുവിയായി പിറവിയെടുത്തു ,പ്രാണപ്രിയന്റെ അടുക്കലേക്കു മന്ദം മന്ദം നടന്നടുക്കുന്ന നവോഢയെപ്പോലെ, ഭൂമിദേവിയുടെ വിരിമാറിലൂടെ കുണുങ്ങി കുണുങ്ങി ഒഴുകി , അങ്ങ് അറബിക്കടലില്‍ ലയിച്ചു ചേര്‍ന്നിരുന്നു. ആ യാത്രയില്‍, പുഴയുടെ നിഷ്കളങ്കതയിലും നിര്‍മ്മലമായ സൗന്ദര്യത്തിലും ആകൃഷ്ടരായി അനേകം ചെറുമീനുകളും ,മറ്റനേകം ജലജീവികളും പുഴയോട് കൂട്ടുകൂടി,ആ തെളിനീരില്‍ തുള്ളിക്കളിച്ചു. സ്കൂള്‍ വിട്ടുവരുന്ന ഒത്തിരി കുട്ടികുറുമ്പന്മാര്‍ക്കും കുറുമ്പികള്‍ക്കും സന്തോഷത്തോടെയും ഇത്തിരി അഹങ്കാരത്തോടെയും പുഴ ആതിഥ്യമരുളി. തന്റെ വിരിമാറിലൂടെ അക്കരെ ഇക്കരെ നീന്തിക്കളിക്കുന്ന ആ കുട്ടിക്കൂട്ടത്തിനായി പുഴ ദിവസവും കാത്തിരുന്നു. വാഴപ്പിണ്ടികള്‍ കൂട്ടിക്കെട്ടി ചങ്ങാടം ഉണ്ടാക്കി തനിക്കൊപ്പം സഞ്ചരിച്ച തന്റെ കൊച്ചുകൂട്ടുകാരെ , തന്റെ കുഞ്ഞോളങ്ങളാല്‍ താലോലമാട്ടി. അവരുടെ ചെറുചൂണ്ടകളില്‍ , ഇത്തിരി വേദനയോടെയെങ്കിലും , തന്റെ വിരിമാറില്‍ അഭയം പ്രാപിച്ച മത്സ്യങ്ങളെ പുഴ നല്‍കി. കാരണം ആ കുട്ടികുറുമ്പര്‍ക്ക് അന്നത്തെ അത്താഴം തനിക്കു മാത്രമേ നല്കാന്‍ ആവൂ എന്ന് പുഴ അറിഞ്ഞിരുന്നു. അവരുടെ കണ്ണീര്‍ തന്റെ നെഞ്ചില്‍ ഏറ്റു വാങ്ങാന്‍ മാത്രം ക്രൂര ആകുവാന്‍, അവള്‍ക്ക് ആവില്ലായിരുന്നു. മീനമാസത്തിലെ കൊടുംചൂടില്‍ ദാഹിച്ചുവരുന്ന ആ കുട്ടിക്കൂട്ടങ്ങള്‍ക്കു , തന്റെ നീരൊഴുക്കില്‍നിന്നും അവള്‍ ദാഹജലം നല്‍കി. കോരിച്ചൊരിയുന്ന പേമാരിയില്‍ ഇരുകരകളെയും ചുംബിച്ചുള്ള തന്റെ യാത്രയില്‍, അങ്ങ് വനാന്തരങ്ങളില്‍നിന്നും തന്റെ കുട്ടിക്കൂട്ടങ്ങള്‍ക്കായി ധാരാളം തടിക്കഷണങ്ങള്‍ അവള്‍ കൂടെ കൊണ്ടുവന്നു. അവള്‍ക്കറിയാമായിരുന്നു, തന്റെ കുട്ടിക്കൂട്ടങ്ങള്‍ക്കു വിറകടുപ്പില്‍ തീ എരിയിക്കുവാന്‍ വിറകു വേണമെന്ന്. അങ്ങനെ പുഴ ആ കുട്ടിക്കൂട്ടങ്ങളെ സ്‌നേഹിച്ചുകൊണ്ടേയിരുന്നു.

കാലചക്രത്തിന്റെ കറക്കത്തില്‍, ഋതുക്കള്‍ മാറി മാറി വന്നപ്പോള്‍, തന്നില്‍ വന്ന മാറ്റങ്ങള്‍ പുഴക്ക് വിശ്വസിക്കുവാന്‍ സാധിച്ചില്ല.നിത്യ യൗവനയുക്ത എന്ന് കരുതിയിരുന്ന പുഴ, തന്റെ പടുവൃദ്ധ രൂപത്തിലേക്ക് സങ്കടത്തോടെ നോക്കി. തെളിനീര്‍ ഒഴുകിയിരുന്ന തന്റെ വിരിമാറിലൂടെ മാലിന്യങ്ങള്‍ നിറഞ്ഞ ചേറ്റുവെള്ളം . വിരിമാറില്‍ രൂപം കൊണ്ട അനേകം ഗര്‍ത്തങ്ങള്‍. ഒരുകാലത്തു തന്റെ തെളിനീരില്‍ തുള്ളികളിച്ചുകൊണ്ടിരുന്ന ചെറുമീനുകള്‍ എങ്ങോ പോയ്മറഞ്ഞു. ആരാണ് തന്നെ ഇത്രയും വിരൂപ ആക്കിയത്? പുഴ സങ്കടത്തോടെ നോക്കി. അല്ല, അത് തന്റെ പഴയ കുട്ടിക്കൂട്ടങ്ങള്‍ അല്ലെ? ഇവര്‍ എന്താണ് ചെയുന്നത്? ഇവര്‍ എന്താണ് തന്റെ വിരിമാറില്‍ ഗര്‍ത്തങ്ങള്‍ തീര്‍ക്കുന്നത്? എന്തിനാണ് ഇവര്‍ ഈ മാലിന്യങ്ങള്‍ എന്നിലേക്ക് ഒഴുക്കി വിടുന്നത്? ഇവര്‍ക്കുവേണ്ടി അല്ലെ താന്‍, തന്റെ കൂട്ടുകാരായ മത്സ്യങ്ങളെ നല്‍കിയത്? ദാഹിച്ചപ്പോള്‍ കണ്ണുനീര്‍ പോലെ തെളിഞ്ഞ തന്റെ ജലം നല്‍കിയത്? എന്നിട്ടും ഇവരെന്തേ എന്നോടിങ്ങനെ?പുഴയുടെ കണ്ണില്‍ നിന്നും അശ്രുധാര കടും ചുവപ്പും ചേറും കൂടി കലര്‍ന്ന നിറത്തില്‍ ഒഴുകിയിറങ്ങി,

“ഇതാണോ പപ്പാ പറഞ്ഞ ആ പുഴ? നല്ല തെളിനീരുള്ള, പപ്പാ അക്കരെ ഇക്കരെ നീന്തി കളിച്ച ആ പുഴ ? ഈ പുഴയില്‍ ഇറക്കാനാ പപ്പാ ഞങ്ങളെ കൊണ്ടുവന്നത്?” ഒരു കുഞ്ഞുശബ്ദം. തന്റെ പഴയ കുട്ടികൂട്ടത്തിലെ ഒരുവന്റെ ശബ്ദം. പുഴ തന്റെ തിമിരം ബാധിച്ച നയനങ്ങള്‍ ശബ്ദം കേട്ടിടത്തേക്കു തിരിച്ചു. " അത് തന്റെ കുട്ടികൂട്ടത്തിലെ കുറുമ്പന്‍ അല്ല. പക്ഷെ ആ കുട്ടിയുടെ അടുത്തുനില്‍ക്കുന്ന പപ്പാ, അതെ അവന്‍ തന്റെ പഴയ ഒരു ചങ്ങാതി തന്നെ. കുട്ടികൂട്ടത്തിലെ ഒരു കുറുമ്പന്‍. അവസാനം ഒരാളെങ്കിലും പഴയ തന്നെ തേടി വന്നു. സന്തോഷത്തോടെ തന്റെ പഴയ കുറുമ്പനെയും അടുത്ത തലമുറയെയും സ്വീകരിക്കുവാന്‍ പുഴ തന്റെ രണ്ടു കയ്യും നീട്ടി. അടുത്ത നിമിഷം തന്നെ ആലിംഗനം ചെയ്യുന്ന ആ കരങ്ങള്‍ക്കായി. പക്ഷെ പുഴ കേട്ടതോ "വേണ്ട മോനെ, ഈ പുഴയില്‍ അപ്പിടി അഴുക്കാ, ഇതില്‍ കുളിച്ചാല്‍ ഇല്ലാത്ത അസുഖങ്ങള്‍ ഒക്കെ പിടിക്കും. ഒരാഴ്ച കഴിഞ്ഞാല്‍ നമുക്ക് തിരിച്ചുപോകാന്‍ ഉള്ളതാ ". തിരിച്ചു പോകാന്‍ വൈമനസ്യം കാട്ടി, തന്നെ തന്നെ തിരിഞ്ഞുനോക്കി ചിണുങ്ങി കരഞ്ഞു പോകുന്ന ആ പുതിയ കുട്ടികുറുമ്പനെ , അശ്രു മൂടിയ കണ്‍കളില്‍ കൂടി നോക്കി ആ പുഴ കേണു. ഇനി എന്നെങ്കിലും ആ പഴയ നാളുകള്‍ തിരിച്ചുവരുമോ??/

Join WhatsApp News
Mathew V. Zacharia, NEW YORK 2017-11-08 14:59:35
sadness of backwater or sadness of the rivrers in Kuttanad.; Reminiscence of childhood rivers of Edathua versus the current ones. How sad !.well written.
Mathew V. Zacharia. NEW YORK
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക