Image

ഹിമാചല്‍പ്രദേശ്‌ നിയമസഭാ വോട്ടെടുപ്പ്‌ ആരംഭിച്ചു

Published on 09 November, 2017
 ഹിമാചല്‍പ്രദേശ്‌ നിയമസഭാ വോട്ടെടുപ്പ്‌ ആരംഭിച്ചു


സിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭയിലേക്കുള്ളവോട്ടെടുപ്പ്‌ ആരംഭിച്ചു. 68 മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ത്ഥികളാണ്‌ ജനവിധി തേടുന്നത്‌. കോണ്‍ഗ്രസും ബിജെപിയും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്‌. സ്ഥാനാര്‍ഥിമാരില്‍ 62 എംഎല്‍എമാരുമുണ്ട്‌.

 മുഖ്യമന്ത്രി വീരഭദ്ര സിങ്‌, പത്തു മന്ത്രിമാര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ജഗത്‌ സിങ്‌ നേഗി, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ തുടങ്ങിയവര്‍ മല്‍സര രംഗത്തുണ്ട്‌. വീരഭദ്ര സിങ്‌ നയിക്കുന്ന കോണ്‍ഗ്രസും ധുമല്‍ നയിക്കുന്ന ബിജെപിയും 68 മണ്ഡലങ്ങളിലും മല്‍സരിക്കുമ്പോള്‍ 42 സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിഎസ്‌പിയും പോരാട്ടത്തിനുണ്ട്‌.പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ, കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പ്രചരണത്തിനായി സംസ്ഥാനത്ത്‌ എത്തിയിരുന്നു. 


സിപിഎം 14 സീറ്റുകളിലും മല്‍സരിക്കുന്നുണ്ട്‌. ഇടതു മുന്നണിയുടെ ഭാഗമായി മൂന്നിടങ്ങളില്‍ സിപിഐ രംഗത്തുണ്ട്‌. മുന്നണി രണ്ടിടത്തു സ്വതന്ത്രര്‍ക്കു പിന്തുണ നല്‍കുന്നു. വലിയ അവകാശവാദങ്ങളില്ലെങ്കിലും ഇക്കുറി നിയമസഭയില്‍ ഇടംപിടിക്കാനാകുമെന്നാണു പാര്‍ട്ടിയുടെ പ്രതീക്ഷ.

മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്‌ ഈ തിരഞ്ഞെടുപ്പ്‌. ഏഴു വട്ടം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന അദ്ദേഹം ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്‌. 83 കാരനായ വീര്‍ഭദ്രസിങ്‌ ഇത്‌ എട്ടാം തവണയാണ്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്‌.

 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ്‌ ഹിമാചലില്‍ നടന്നത്‌. അന്ന്‌ 36 സീറ്റുകളില്‍ കോണ്‍ഗ്രസ്‌ വിജയിച്ചപ്പോള്‍ 26 സീറ്റുകളില്‍ ബിജെപിയാണ്‌ ജയിച്ചുകയറിയത്‌. ആറിടങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ ജയിച്ചുകയറി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക