Image

നോട്ട് നിരോധനം: ഭായിയോം ബഹനോം ...മുരളി തുമ്മാരുകുടി

Published on 09 November, 2017
നോട്ട് നിരോധനം: ഭായിയോം ബഹനോം ...മുരളി തുമ്മാരുകുടി
നോട്ട് നിരോധനം കാരണം കുറച്ച് പാഠങ്ങള്‍ പഠിക്കാന്‍ അവസരം കിട്ടിയെന്ന് മുരളി തുമ്മാരുകുടി.
ഭായിയോം ബഹനോം ...
നോട്ടുനിരോധനം വന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണല്ലോ. കഴിഞ്ഞ നവംബര്‍ ഏഴ് യാതൊരു പ്രത്യേകതയും ഇല്ലാത്തതായിരുന്നു. പക്ഷെ എട്ടു കഴിഞ്ഞപ്പോള്‍ കളി മാറി. രാജ്യം മുഴുവന്‍ സാമ്പത്തിക വിദഗ്ദ്ധരെക്കൊണ്ട് നിറഞ്ഞു. പിന്നെ എന്തൊക്കെയായിരുന്നു കോലാഹലങ്ങള്‍! ഇളയച്ഛനും ഗുണ്ടകളും ഒരുവശത്ത്, അനന്തരവനും സംഘവും മറുവശത്ത്. യുദ്ധമല്ലായിരുന്നോ യുദ്ധം! ഇപ്പോള്‍ എല്ലാം ഒരു വഴിക്കായി.

ഞാന്‍ ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ അല്ലെന്ന് അന്നേ പറഞ്ഞിരുന്നല്ലോ. അക്കാലത്തെ വിദഗ്ദ്ധരോടൊക്കെ ഞാന്‍ ഒരു ചെറിയ ടെസ്റ്റ് എടുക്കാന്‍ പറഞ്ഞിരുന്നു.
സ്ഥലവില മുതല്‍ ഡോളറിന്റെ വില വരെ ഓരോന്നും നോട്ടു നിരോധനം കാരണം എങ്ങോട്ടു പോകുമെന്ന് ഒന്ന് പ്രവചിച്ചു നോക്കാം എന്ന്. ഞാന്‍ പറഞ്ഞതൊക്കെ തെറ്റി പാളീസ് ആയി. അതുകൊണ്ട് നോട്ടുനിരോധനം ശരിയെന്നോ തെറ്റെന്നോ വരുന്നില്ല. അതില്‍ വിഷമിക്കേണ്ട കാര്യവുമില്ല. പ്രവചനം, അതും ഭാവിയെ കുറിച്ചാകുമ്പോള്‍, വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എം ടി ഒന്നാമന്‍ പറഞ്ഞിട്ടുണ്ട്. സാമ്പത്തികശാസ്ത്രം എന്നത് ഫിസ്‌ക്‌സും കെമിസ്ട്രിയും പോലുള്ള ഒരു ശാസ്ത്രമല്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. നിങ്ങളുടെ പ്രവചനം എന്തായിരുന്നു എന്ന് സ്വയം ഓര്‍ത്തു നോക്കിയാല്‍ മതി, അല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ എന്റെ ഫേസ്ബുക്ക് പേജിലുണ്ട്.

പക്ഷെ ഒരു ശരാശരി ഇന്ത്യക്കാരനെ പോലെ അഴിമതിയും കള്ളപ്പണവും ഒരു രാജ്യത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദം ആണെന്നും അതിനെതിരെയുള്ള ഏത് പ്രവര്‍ത്തനത്തെയും ഞാന്‍ പിന്തുണക്കുന്നു എന്നുമാണ് ഞാനന്ന് പറഞ്ഞത്. അക്കാര്യത്തില്‍ ഇപ്പോഴും മാറ്റമൊന്നുമില്ല. ഇനിയാണെങ്കിലും അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരായും സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ നടത്തുന്ന ഏത് നടപടിയേയും ഞാന്‍ പിന്തുണക്കും. അത് ഏത് സര്‍ക്കാരാണെങ്കിലും, കേന്ദ്രത്തിലാണെങ്കിലും സംസ്ഥാനത്താണെങ്കിലും.
നോട്ടു നിരോധനം കാരണം കുറച്ചു പാഠങ്ങള്‍ പഠിക്കാന്‍ അവസരം കിട്ടി.
1. ഇന്ത്യയില്‍ കള്ളപ്പണം ഉണ്ടെന്ന കാര്യത്തില്‍ പണം കൈകാര്യം ചെയ്തിട്ടുള്ള ആര്‍ക്കും ഒരു സംശയവുമില്ല. നോട്ട് നിരോധനമാണ് അതിനുള്ള ഒറ്റമൂലി എന്ന് അനവധി കാലമായി അനവധി പേര്‍, രാഷ്ട്രീയക്കാരും സാമ്പത്തിക വിദഗ്ദ്ധരും ചിന്തിച്ചിരുന്നു. അതല്ല എന്നിപ്പോള്‍ മനസ്സിലായി. ഇതില്‍നിന്നും ചുരുങ്ങിയത് ഒരു പാഠമെങ്കിലും പഠിക്കണം. ഒറ്റമൂലികൊണ്ട് പിടിച്ചുകെട്ടാവുന്നതല്ല രാജ്യങ്ങളുടെ പ്രശ്നങ്ങള്‍. ചൈനീസ് വസ്തുക്കള്‍ നിരോധിച്ച് ശരിപ്പെടുത്താന്‍ പറ്റുന്നതല്ല ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട് സോഴ്സ് ചെയ്യാതിരുന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ രക്ഷപെടുകയുമില്ല.

2. നോട്ട് നിരോധനം പോലെ ഇത്രയും ആളുകളെ നേരിട്ട് ബാധിച്ച, ബാങ്കിന്റെ മുന്നില്‍ എത്തിച്ച ഒരു തീരുമാനം ലോകചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ശരിയായാലും പാളിപ്പോയാലും രാഷ്ട്രീയമായ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തീരുമാനമായിരുന്നു ഇത്. ഇതാണ് നമ്മുടെ പ്രധാനമന്ത്രി എടുത്തതും, മുന്നില്‍നിന്നു പ്രഖ്യാപിച്ചതും. തീരുമാനം ആളുകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടും അതിനു ശേഷമുണ്ടായ പ്രധാന തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി വിജയിക്കുകയും ചെയ്തു. നോട്ട് നിരോധനം ശരിയോ തെറ്റോ എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. രാഷ്ട്രീയ നഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കരുതി നേതാക്കള്‍ തീരുമാനങ്ങള്‍ എടുക്കാതിരിക്കരുത്. വിചാരിക്കുന്നത്ര പ്രത്യാഘാതം പലപ്പോഴും ഉണ്ടാകാറില്ല. കേരളത്തില്‍ സ്ഥലവിനിയോഗത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിലും, നഗരത്തിലെ ടാക്സ് കൂട്ടി കൂടുതല്‍ നല്ല മാലിന്യസംസ്‌കരണം ഉണ്ടാക്കുന്നതിലും, വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ചു മലിനീകരണവും അപകടമരണവും കുറക്കുന്ന കാര്യത്തിലും ഇക്കാര്യം പ്രസക്തമാണ്.

3. ഇന്ത്യ ഏറെ വലിയ രാജ്യവും കോടിക്കണക്കിന് ജനങ്ങളും അനവധി പ്രതിപക്ഷ പാര്‍ട്ടികളും ഉള്ള സ്ഥലമാണെങ്കിലും മര്‍മ്മത്തിന് പിടിച്ചു കഴിഞ്ഞാല്‍ വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കാതെ ആളുകള്‍ വരി വരിയായി നില്‍ക്കും. ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തം ആണത്. ഇതാണ് ശരിക്കും എന്നെ പേടിപ്പിച്ചത് അന്നും ഇന്നും. ഇനി വരുന്ന ദിവസങ്ങള്‍ തിരക്കും യാത്രയുമാണ്. അതിനിടക്ക് കരിയര്‍ സീരീസ് ഇംഗ്ളീഷില്‍ ഇറക്കണം. അതുകൊണ്ട് ഈ വര്‍ഷം ഇനി അധികം പോസ്റ്റുകള്‍ ഉണ്ടാവില്ല. പക്ഷെ പുതുവര്‍ഷത്തില്‍ പുതിയ പല പരിപാടികളും പ്ലാനുണ്ട്, വഴിയേ പറയാം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക