Image

'സായം സന്ധ്യ' (കഥ: റോബിന്‍ കൈതപ്പറമ്പ്)

റോബിന്‍ കൈതപ്പറമ്പ് Published on 09 November, 2017
 'സായം സന്ധ്യ'    (കഥ: റോബിന്‍ കൈതപ്പറമ്പ്)
      പതിവുപോലെ ഓഫിസിലേയ്ക്ക് ഇറങ്ങാന്‍ ഒരുങ്ങുംമ്പോഴാണ് ഒക്കത്ത് ഒരു കുഞ്ഞുമായി അവര്‍ കടന്ന് വരുന്നത് കണ്ടത്. നല്ല പരിചയമുള്ള മുഖം,എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. രാവിലെ മോനെ സ്‌കൂളില്‍ വിടാനുള്ള തിരക്കിലാണ് അകത്ത് അവള്‍. ഞാനും, മോനും ഇറങ്ങുന്നത് വരെ ആകെ ഒരു ബഹളം ആണ്. പടിക്കല്‍ സ്‌കൂള്‍ ബസിന്റെ ഹോണ്‍ കേട്ടു. ഒരു കൈയ്യില്‍ മകനെയും മുറുകയ്യില്‍ സ്‌കൂള്‍ ബാഗും എടുത്ത് ഗേറ്റ് കടന്ന് വന്നവരെ ശ്രദ്ധിക്കാതെ അവള്‍ ഓടി.' സുക്ഷിച്ച് പോണെ മോനെ, നല്ലതുപോലെ പഠിക്കണേ' കവിളത്ത് ഒരു മുത്തം കൊടുത്ത് മകനെ ബസ് കയറ്റിവിട്ട് അവള്‍ തിരികെ എത്തി. ഓഫിസിലെയ്ക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന എന്റെ മുഖത്തേയ്ക്കും, കടന്ന് വന്നവരെയും മാറി മാറി നോക്കി ഒരു സംശയ ദൃഷ്ടിയോടെ അവള്‍ നിന്നു.അവിടെ അങ്ങനെ കൂടുതല്‍ നേരം നിന്നാല്‍ പണി പാളും എന്ന് തോന്നിയതിനാല്‍ വണ്ടിയുടെ ചാവി എടുത്ത് പതിയെ സ്ഥലം കാലിയാക്കി.

     വണ്ടിയിലേയ്ക്ക് കയറുംബോള്‍ ശ്രദ്ധിച്ചു, അവരുടെ തോളില്‍ കിടക്കുന്ന കുഞ്ഞ് വല്ലാതെ തളര്‍ന്നിരിക്കുന്നു.' ചേച്ചി എന്തെങ്കിലും തരുമോ എന്റെ കുഞ്ഞിന് കഴിക്കാന്‍, ഇന്നലെ ഒന്നും കൊടുക്കാന്‍ കിട്ടിയില്ല;ആകെ തളര്‍ന്നു പോയി എന്റെ മോന്‍' അവരുടെ കണ്ണില്‍ നിന്ന് നീര്‍ച്ചാല്‍ ഇറങ്ങുന്നത് കണ്ടില്ല എന്ന് നടിച്ച് വണ്ടി വേഗം മുന്‍പോട്ട് എടുത്തു.ഇപ്പോള്‍ ഓര്‍ക്കുന്നു തെരുവോരങ്ങളില്‍ ആ സ്ത്രീയെ കണ്ടിട്ടുള്ളത്. ശ്യാമ എന്തെങ്കിലും അവര്‍ക്ക് കഴിക്കാന്‍ കൊടുക്കുമായിരിക്കും.പുറമെ വലിയ ദേഷ്യക്കാരിയെന്ന് തോന്നുമെങ്കിലും അവളുടെ ഉള്ള് വളരെ പാവമാണ്. ആ അമ്മയും കുഞ്ഞും വന്നത് കാരണം മര്യദയ്ക്ക് യാത്ര പറയാന്‍ കൂടി കഴിഞ്ഞില്ല. ഓഫിസില്‍ ചെന്നിട്ട് വിളിക്കാം.   റോഡില്‍ പതിവില്ലാത്ത തിരക്ക്, എതെങ്കിലും പാര്‍ട്ടിക്കാരുടെ യാത്രകള്‍ കാണും. ഇപ്പോള്‍ അതാണല്ലോ ഫാഷന്‍, എന്തുണ്ടെങ്കിലും ഉടനെ ഒരു യാത്ര. ജന നന്മയ്ക്കാണെന്നാണ് പറച്ചില്‍. സൂര്യന്‍ ഉദിച്ച് തുടങ്ങുന്നതേ ഉള്ളൂ, എങ്കിലും നല്ല ചൂട്. കുറെ കോളേജ് പിള്ളേര്‍ കൂകി വിളിച്ച് മോട്ടോര്‍ സൈക്കിളില്‍ ഓവര്‍ടേക്ക് ചെയ്ത് കയറിപ്പോയി. 'എന്തു നല്ല സമയം, ഒന്നിനെക്കുറിച്ചും ആകുലതകളില്ലാതെ പൊട്ടിയ പട്ടം പോലെ പാറി പറന്ന് നടക്കാം, അല്ലെങ്കിലും ഈ കാലത്തിലെ കുട്ടികള്‍ക്ക് എന്തിനെക്കുറിച്ച് ഓര്‍ത്താണ് ആകുലത'.....

    ആദ്യമായി സ്‌കൂട്ടര്‍ വാങ്ങിയത് ഇപ്പോഴും ഓര്‍ക്കുന്നു. സൈക്കിള്‍ ഓടിച്ച് തഴക്കവും പഴക്കവും ആയിക്കഴിഞ്ഞപ്പോള്‍ മനസ്സ് പതിയെ സ്‌കൂട്ടറിലേയ്ക്ക് ചേക്കേറാന്‍ തുടങ്ങി.ബജാജ്‌ചേതക്ക്  ഉള്ളവന്‍  അന്ന് പെണ്‍കുട്ടികളുടെ ഹീറോ ആയി വിലസുന്ന കാലം. അതിനുമൊക്കെ എത്രയോ മുകളിലാണ് യെസ്ഡിയും, കാവസാക്കിയും, സുസുക്കിയും മറ്റും.അന്നും ബുള്ളറ്റ് ഉള്ളവന്‍ രാജാവാണ്. ബുള്ളറ്റില്‍ കോളേജിലേയ്ക്ക് വരുന്നവനെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.കൂട്ടുകാരന് ബിരിയാണി വാങ്ങി കൊടുത്തും, സിനിമ കൊട്ടയില്‍ കൊണ്ടു പോയി സിനിമ കാണിച്ചും ഒരു വിധം സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിച്ചെടുത്തു. അടുത്തത് ഒരു സ്‌കൂട്ടര്‍ സ്വന്തമാക്കുക എന്നതാണ്, അതിന്റെ  ആദ്യപടിയായി അമ്മയെ സോപ്പിടാന്‍ തുടങ്ങി.ആദ്യമൊന്നും കേട്ട ഭാവമേ നടിച്ചില്ല. പിന്നെ സമരത്തിന്റെ രീതി മാറ്റി. ഗാന്ധിമാര്‍ഗത്തില്‍ നിരാഹാരം പ്രഖ്യാപിച്ചു.എങ്കിലും സഹോദരങ്ങളുടെ കാരുണയില്‍ അമ്മ അറിയാതെ ഭക്ഷണം കിട്ടിയിരുന്നതിനാല്‍ പുറമെ നിരാഹാരം ആണെങ്കിലും ഭക്ഷണത്തിന് കുറവൊന്നും ഇല്ലായിരുന്നു. അമ്മാവന്‍മാരുടെയും മറ്റും ഒത്ത് തീര്‍പ്പ് വ്യവസ്തയില്‍ ഒരു സ്‌കൂട്ടര്‍ വാങ്ങാനുള്ള പണം അനുവദിച്ച് കിട്ടി. ജീവിതത്തിലെ ആദ്യത്തെ മോട്ടോര്‍ വാഹനം സ്വന്തമാക്കി, ഒരു 'ലാബട്രാ' നല്ല നീളം ഉള്ള ഒരു പഴയ സ്‌കൂട്ടര്‍.അന്നത്തെ കാലത്ത് അതില്‍ പോകുംബോള്‍ ബുള്ളറ്റിന്‍ പോകുന്ന ഗമയായിരുന്നു തനിക്ക് ( നാട്ടുകാര്‍ക്ക് അങ്ങനെ അല്ലായിരുന്നു എങ്കിലും) ആദ്യത്തെ സ്‌കൂട്ടറിനെ ഓര്‍ക്കുംബോള്‍ ആദ്യത്തെ അപകടവും ഓര്‍മ്മയില്‍ എത്തും.ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന ഒരു പ്രെമറി സ്‌കൂള്‍ ടീച്ചറിനെ ഓട്ടോറിഷ അടക്കം ഇടിച്ചിട്ടത് ഇന്നും ഒരു നടുക്കത്തോടെയാണ് ഓര്‍ക്കാന്‍ കഴിയുന്നത്.

         ചിന്തകള്‍ പതിവില്ലാതെ പുറകിലേയ്ക്ക് പോയതുകൊണ്ടാകണം ഓഫിസില്‍ എത്തിയത് അറിഞ്ഞില്ല. കാര്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങുംബോള്‍ കൃഷ്‌ണേട്ടന്‍ പതിവുപോലെ തന്റെ സ്വതസിന്തമായ ചിരിയുമായി കടന്നു വന്നു. എല്ലാവരോടും നിറഞ്ഞ ചിരിയോടെ മാത്രമേ കൃഷ്‌ണേട്ടന്‍ സംസാരിച്ച് കണ്ടിട്ടുള്ളൂ. ഫോണിന്റെ ശബ്ദം ചിന്തകളില്‍ നിന്നും ഉണര്‍ത്തി.ശ്യാമയാണ് 'ഏട്ടന്‍ അങ്ങ് എത്തിയോ?എന്താ വിളിക്കാഞ്ഞത്' പതിവ് പരിഭവം.' ഞാനിങ്ങ് എത്തിയതേ ഉള്ളൂ, രാവിലെ വന്നവര്‍ക്ക് നീ വല്ലതും കൊടുത്തോ?'   'അവര്‍ക്ക് രാവിലെ ഉണ്ടാക്കിയതിന്റെ ബാക്കിയും, കാപ്പിയും കൊടുത്തു, അതും കഴിച്ച് അവര് പോയി.ഏട്ടന്‍ വൈകിട്ട് നേരത്തെ വരണെ മോനെയും കൂട്ടി നമുക്ക് വെളിയില്‍ ഒന്ന് പോകാം' .....''ഓ ശരി ' ഫോണ്‍ കട്ട് ചെയ്ത് ഓഫീസിലേയ്ക്ക് കയറി കസേരയിലേയ്ക്ക് ചാഞ്ഞു.

എന്തുകൊണ്ടോ മനസ്സില്‍ നിന്നും രാവിലെ കണ്ട സ്ത്രീയും കുട്ടിയും ഇറങ്ങിപ്പോകാന്‍ മടിച്ച് നില്‍ക്കുന്നു. പീയൂണ്‍ സോമനോട് ഒരു ചായ വാങ്ങി വരാന്‍ വിട്ട് തന്നെയും കാത്ത് കിടക്കുന്ന മേശപ്പുറത്തെ ഫയലുകളിലേയ്ക്ക് തിരിഞ്ഞു    അതുവരെ ഓര്‍മ്മകളില്‍ ചുറ്റിക്കറങ്ങി നിന്നിരുന്നവര്‍ ഓരോരുത്തരായി പടിയിറങ്ങി എങ്ങോ പോയി ഒളിച്ചു....... 'എന്താടോ തനിക്ക് വിശപ്പൊന്നും ഇല്ലേ? സമയം ഇത് എത്രയായെന്നും വെച്ചാ, ബാക്കിയുള്ളത് വല്ലതും കഴിച്ചിട്ട് തീര്‍ക്കാം; എഴുന്നേറ്റ് വാ' ചുവരിലെ ഘടികാരത്തിലേക്ക് നോക്കി സമയം ഒരുമണി. സമയം പോയത് അറിഞ്ഞില്ല. ചായ ഗ്ലാസില്‍ ഒരു ഈച്ച ആത്മഹത്യ ചെയ്തിരിക്കുന്നു.ഫയല്‍ മടക്കി കൃഷ്‌ണേട്ടനൊപ്പം ഊണ് കഴിക്കാന്‍ എഴുന്നേറ്റു. അത്യാവശ്യ ജോലികള്‍ തീര്‍ത്ത് നേരത്തെ ഇറങ്ങണം. ഭാര്യ പറഞ്ഞത് കേട്ടില്ല എന്ന് വേണ്ട. അവളേം, മോനെയും കൂട്ടി  പുറത്ത് പോയി വല്ലവും കഴിച്ച് ഒരു സിനിമ കണ്ട് മടങ്ങാം.
         സ്‌കൂളില്‍ നിന്നും എത്തിയ ഉടനെ ബാഗും വലിച്ചെറിഞ്ഞ് കുട്ടന്‍ കൂട്ടുകാരൊത്ത് കളിക്കാനായി പറമ്പിലേയ്ക്ക് ഓടി.ശ്യാമ പുറകെ 'കുട്ടാ വന്ന് വല്ലതും കഴിക്ക്,വൈകിട്ട് അച്ചനൊപ്പം പുറത്ത് പോകാനുള്ളതാ, ഇന്ന് കളിയൊന്നും വേണ്ട' കുട്ടന്‍ തിരിഞ്ഞ് നിന്ന് തല കുലുക്കി കാട്ടി പിന്നെയും കൂട്ടുകാരൊത്ത് ഓടി 'ഞാന്‍ ഉടനെ എത്താം അമ്മേ' ശ്യാമ തിരിച്ച് വീട്ടിലേയ്ക്ക് നടന്നു. വേഗം പണികളൊക്കെ തീര്‍ത്ത് വെയ്ക്കണം. കളി മതിയാക്കി കുട്ടനും നേരത്തെ എത്തി. വേഗം കുളിച്ച് പുതിയ നിക്കറും ഉടുപ്പും ഇട്ട് അച്ചനേയും നോക്കി ചാവടിയില്‍ നില്‍പ്പു തുടങ്ങി. ' കുട്ടാ അകത്ത് കയറി ഇരിക്ക് അച്ചനിങ്ങ് വരും'.... അകത്ത് നിന്ന് ശ്യാമ വിളിച്ച് പറഞ്ഞു.

                കാത്തിരിപ്പിന് വിരാമമിട്ട് പടിക്കലായി ഒരു വാഹനം വന്ന് നിന്നു.ആരായിരിക്കും ഈ സമയത്ത് എന്ന് മനസ്സില്‍ ഓര്‍ത്ത് ശ്യാമ വേഗം മുന്‍വശത്തേയ്ക്ക് ഓടി എത്തി. കാറില്‍ നിന്നും അച്ചനും, അമ്മയും, ആങ്ങളയും ഇറങ്ങുന്നത് കണ്ട് ഒരു നിമിഷം അന്ധാളിച്ച് നിന്നു. 'ഏട്ടന്‍ എന്നാ ഗള്‍ഫിനിന്നു എത്തിയത്, ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ, ഏട്ടന്‍ വരുന്ന കാര്യം എന്നെ എന്താ അറിയിക്കാഞ്ഞത്' ശ്യാമ പരിഭവങ്ങളുടെ കെട്ട് അഴിക്കാന്‍ തുടങ്ങി. 'നീ ഞങ്ങളെ മുറ്റത്ത് നിര്‍ത്താനാണോ, അകത്തേയ്ക്ക് ഒന്ന് കയറെട്ട്, എല്ലാം വിശദമായി പറയാം'' അമ്മ ശ്യാമയുടെ കൈ പിടിച്ച് ഉള്ളിലേയ്ക്ക് പോയി. കുട്ടന്‍ ഓടി അമ്മാവന്റെ മടിയിലും. കുട്ടന് കൈനിറയെ മിഠായിയുമായിട്ടാണ് അമ്മാവന്റെ വരവെന്ന് അവന് അറിയം. അമ്മ ശ്യാമയോടൊത്ത് അടുക്കളയിലേയ്ക്ക് നീങ്ങി, അച്ചന്‍ പത്രവുമായി കസേരയിലേയ്ക്ക് ചാഞ്ഞു. 'എന്തു പറ്റി മോളെ നീ ആകെ ക്ഷീണിച്ച് പോയല്ലോ!വിശേഷം വല്ലതും ആയോ?' അമ്മയുടെ ചോദ്യത്തിന് ശ്യാമ മറുപടി കൊടുത്തില്ല.' ഏട്ടന്‍ എന്നാ വന്നത്, എന്നെ എന്താ അറിയിക്കാഞ്ഞത്.' 'നീ പരിഭവിക്കാതെടി അതിനല്ലേ ഞങ്ങള്‍ ഇങ്ങ് വന്നത്, അവന് ഒരു കല്ല്യാണ ആലോചന. പെണ്ണിനെ കാണാന്‍ നിന്നെ വിളിക്കാനാ ഞങ്ങള്‍ വന്നത്'

             ഭാര്യയോടും മകനോടുമൊത്ത് സായംകാലം അനശ്വരമാക്കാം എന്ന ദു:രുഉദ്ദേശത്തോടെ പതിവിലും നേരത്തെ വീടണഞ്ഞ ഞാന്‍ വിരുന്നുകാരെ കണ്ട് അത്ഭുതപ്പെട്ടു. വളരെ നാളുകള്‍ക്ക് ശേഷം വീട്ടുകാരെ കണ്ട സന്തോഷം ഭാര്യയുടെ മുഖത്ത്.ഇനിം കുറച്ച് നാളത്തേയ്ക്ക് പുറത്ത് കൊണ്ടുപോയില്ലെങ്കിലും കുഴപ്പമില്ല. സന്ധ്യ കടുക്കുന്നു. കിളികള്‍ ചേക്കേറാന്‍ തുടങ്ങുന്നു. അച്ചനും, അളിയനുമൊപ്പം കസേരയിട്ട് ഞാനും മുറ്റത്ത് കൂടി. അമ്മയും ശ്യാമയും അടുക്കളയില്‍ എന്തൊക്കെയോ  ചെയ്തുകൂട്ടുന്നു.കുട്ടന്‍ മുറ്റത്ത് സൈക്കിള്‍ ചവിട്ടി കളിക്കുന്നു. പൊട്ടിച്ചിരികളും, സന്തോഷവും നിറഞ്ഞതായ ഒരു സന്ധ്യകൂടെ .............

                                റോബിന്‍ കൈതപ്പറമ്പ്‌

 'സായം സന്ധ്യ'    (കഥ: റോബിന്‍ കൈതപ്പറമ്പ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക