Image

ജര്‍മനിയിലെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഇനി മൂന്നാം ലിംഗവും രേഖപ്പെടുത്താം

Published on 10 November, 2017
ജര്‍മനിയിലെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഇനി മൂന്നാം ലിംഗവും രേഖപ്പെടുത്താം

ബര്‍ലിന്‍: ജര്‍മനിയിലെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഇനി സ്ത്രീയും പുരുഷനും കൂടാതെ മൂന്നാം ലിംഗം കൂടി രേഖപ്പെടുത്താന്‍ സൗകര്യം. ഭരണഘടനാ കോടതിയുടേതാണ് സുപ്രധാന വിധി.

പുരുഷനോ സ്ത്രീയോ അല്ലെന്ന് നിയമപരമായി അവകാശപ്പെടാന്‍ അനുമതി നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ജര്‍മനി ഇതോടെ മാറുകയാണ്. സ്ത്രീ എന്നു രജിസ്റ്റര്‍ ചെയ്യപ്പെട്ട വ്യക്തി, തന്റെ ക്രോമോസോം പരിശോധനയില്‍ സ്ത്രീയോ പുരുഷനോ അല്ലെന്ന് തെളിയിച്ചാണ് കോടതിയില്‍നിന്ന് ഈ വിധി സന്പാദിച്ചത്.

ചെറിയൊരു വിപ്ലവം തന്നെയാണ് കോടതി വിധിയെന്ന് ആക്റ്റിവിസ്റ്റുകളുടെ പ്രതികരണം. 2018നുള്ളില്‍ ഇതു സംബന്ധിച്ച നിയമം പാസാക്കണമെന്നാണ് സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇന്റര്‍ എന്നോ വേരിയസ് എന്നോ ആയിരിക്കും മൂന്നാം ലിംഗം വിശേഷിപ്പിക്കപ്പെടുക.

കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പുരുഷന്റെയും സ്ത്രീയുടെയും പ്രത്യേകതകളോടെ ജനിക്കുന്ന ആളുകള്‍ ലോക ജനസംഖ്യയില്‍ 1.7% വരുമെന്നാണ് യുഎന്‍ പറയുന്നത്. ഇതില്‍ ജര്‍മനയില്‍ 1,67,000 ഇത്തരം ആളുകളുണ്ടെന്നാണ് കണക്ക്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക