Image

ഡബ്ല്യുഎംസി നൃത്താഞ്ജലി ആന്‍ഡ് കലോത്സവം: നിരഞ്ജനയും ഗ്രേസും ബ്രോണയും കലാതിലകം

Published on 10 November, 2017
ഡബ്ല്യുഎംസി നൃത്താഞ്ജലി ആന്‍ഡ് കലോത്സവം: നിരഞ്ജനയും ഗ്രേസും ബ്രോണയും കലാതിലകം

ഡബ്ലിന്‍: ബാല്യ കൗമാര നൃത്ത, കലാ ഉത്സവമായ ഡബ്ല്യുഎംസി നൃത്താഞ്ജലി ആന്‍ഡ് കലോത്സവത്തിന് ഉജ്ജ്വല സമാപനം. ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍, രണ്ടു ദിവസങ്ങളിലായി രചനാ മത്സരങ്ങള്‍ കൂടാതെ 130 ലധികം ഇനങ്ങളാണ് വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്.

ഈ വര്‍ഷത്തെ കലാതിലകമായി നിരഞ്ജന ജിതേഷ് പിള്ള (സബ്ജൂണിയര്‍) , ഗ്രേസ് മറിയ ജോസ് (ജൂണിയര്‍), ബ്രോണാ പേരെപ്പാടന്‍ (സീനിയര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

സിനിമാറ്റിക്ക് ഡാന്‍സ്, ആക്ഷന്‍ സോംഗ് എന്നിവയില്‍ ഒന്നാം സ്ഥാനവും കഥ പറച്ചിലില്‍ രണ്ടാം സ്ഥാനവും നേടിയാണ് നിരഞ്ജന സബ്ജൂണിയര്‍ വിഭാഗത്തില്‍ കലാതിലകമായത്. പമേഴ്‌സ്ടൗണില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശികളായ ജിതേഷ് പിള്ളയുടെയും സ്വപ്നയുടേയും മകളാണ് നിരഞ്ജന.

നാടന്‍ പാട്ട്, പ്രസംഗം, കരോക്കെ ഗാനം, കവിതാ പാരായണം, ഇന്‍സ്ട്രമെന്റ് മ്യൂസിക് എന്നിവയില്‍ ഒന്നാം സ്ഥാനവും സിനിമാറ്റിക്ക് ഡാന്‍സ്, നാടോടി നൃത്തം, കളറിംഗ് എന്നിവയില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഗ്രേസ് കലാ തിലകപട്ടം സ്വന്തമാക്കിയത്. ചിട്ടയായ പരിശീലനത്തിലൂടെ വ്യത്യസ്തമായ മത്സരങ്ങളില്‍ പങ്കെടുത്ത് അഞ്ചോളം മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും നേടിയ ഗ്രേസ്, ലൂക്കനില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശികളായ ബെന്നി ജോസിന്റെയും വിന്‍സിയുടെയും മകളാണ്.

കുച്ചിപ്പുഡി, പ്രസംഗം, കത്തെഴുത്ത് എന്നിവയില്‍ ഒന്നാം സ്ഥാനവും കവിതാ പാരായണത്തില്‍ മൂന്നാം സ്ഥാനവും നേടിയാണ് ബ്രോണ കലാതിലകപട്ടം നേടിയത്. താലയില്‍ താമസിക്കുന്ന അങ്കമാലി സ്വദേശികളായ ബേബി പേരെപ്പാടന്റെയും ജിന്‍സിയുടേയും മകളാണ് ബ്രോണ. യുവ ഗായകനായ ബ്രിട്ടോ പേരെപ്പാടന്‍ സഹോദരനാണ്.

മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഡബ്ല്യുഎംസി എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. 

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക