Image

ഇന്നുമെന്‍ കൂടെ (ലാല്‍-ബോബി ഹോര്‍മിസ്) - മീട്ടു റഹ്മത്ത് കലാം

Published on 11 November, 2017
ഇന്നുമെന്‍ കൂടെ (ലാല്‍-ബോബി ഹോര്‍മിസ്) - മീട്ടു റഹ്മത്ത് കലാം
ഞാനെന്ന വ്യക്തിയ്ക്ക് മുകളിലോ താഴെയോ അല്ലാതെ ഒപ്പം നിര്‍ത്താവുന്ന ആളാണെന്റെ സുഹൃത്ത്.'അവന്‍'എന്നു വിളിച്ചാലോ 'അദ്ദേഹം' എന്ന് സംബോധന ചെയ്താലോ സ്ഥാനത്തിലെ ആ തുല്യത നഷ്ടമാകുമെന്നൊരു തോന്നല്‍ പണ്ടേ എനിക്കുണ്ട്.'സിദ്ദിഖ്-ലാല്‍' എന്നത് ഒരാളുടെ പേരാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിരുന്ന കാലത്തുപോലും സിദ്ദിഖിനെ ഞാന്‍ പേരേ വിളിച്ചിട്ടുള്ളു.പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള സൗഹൃദത്തിലാണ് എനിക്ക് വിശ്വാസം.ലോകത്ത് മറ്റാരെക്കാളും ഭാഗ്യവാനാണെന്ന് സ്വയം വിശ്വസിക്കുന്നതുപോലും ആത്മാര്‍ത്ഥമായ സൗഹൃദത്തിന്റെ മധുരം നുകരാന്‍ കഴിഞ്ഞതുകൊണ്ടാണ്.സുഹൃത്തെന്ന ഒറ്റവാക്കില്‍ 'ബോബി ഹോര്‍മിസ്സുമായുള്ള' ബന്ധം ഒതുക്കി നിര്‍ത്താന്‍ കഴിയുമോ എന്നെനിക്കറിയില്ല.എനിക്കേറ്റവുംപ്രിയപ്പെട്ട അപ്പച്ചിയെന്ന് ഞാന്‍ വിളിക്കുന്ന പിതാവിന്റെ മരണത്തില്‍പ്പോലും ബോബിയുടെ അകാല വേര്‍പാടിന്റെയന്നത്തെയത്ര കരഞ്ഞിട്ടുണ്ടാവില്ല.സൗഹൃദത്തിന്റെ തീവ്രമായ മറ്റൊരു തലത്തിലേയ്ക്ക് ഞങ്ങളുടെ ബന്ധം വളര്‍ന്നിരുന്നതുകൊണ്ടാകാം അത്.

ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ സ്ഥാപകനായ ശ്രീ.കെ.പി.ഹോര്‍മിസിന്റെ മകനാണ് ബോബി.ദൂരദര്‍ശനില്‍ സ്ട്രിങ്ങര്‍ ആയിരിക്കെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.ചാനലുകള്‍ക്ക് എല്ലാ സ്ഥലത്തും കറസ്‌പോണ്ടന്റുമാറുള്ള ഈ കാലഘട്ടത്തില്‍ സ്ട്രിങ്ങറുടെ പ്രസക്തി പെട്ടെന്ന് മനസിലാവില്ല.ഒരു സംഭവം നടന്നതായി ടിവിയില്‍ വാര്‍ത്ത വന്നുകുറച്ച് നേരത്തിനു ശേഷമാണ് അനുബന്ധമായ ക്ലിപ്പിംഗ് സംപ്രേഷണം ചെയ്തിരുന്നത്.പെരുമണ്‍ ദുരന്തമുള്‍പ്പെടെ അക്കാലത്തെ സെന്‍സേഷണല്‍ വാര്‍ത്തകള്‍ മിക്കതും ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്ത് കാസറ്റിലാക്കി ദൂരദര്‍ശനില്‍ എത്തിച്ചിരുന്നത് ബോബി ആയിരുന്നു.ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുവേണ്ടി കപ്പലില്‍ ഒരു ഡോക്യുമെന്ററി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കോമണ്‍ ഫ്രണ്ട് അനുരാഗ് ബാബു വഴിയാണ് ബോബി എന്റെ അടുത്തുവന്നത്.വെറും പത്തു മിനിറ്റ് ഒരുമിച്ചിരുന്നാല്‍ ആരും ബോബിയുടെ അടുത്ത സുഹൃത്തായി മാറും.അത്ര സരസനാണ്.അങ്ങനെയുള്ള ഒരാളുമായി കപ്പലില്‍ പത്തുദിവസം ചെലവിട്ടത് ദൃഢവും ഇഴയടുപ്പവുമുള്ള സൗഹൃദമാണ് എനിക്ക് സമ്മാനിച്ചത്.

ബോബി പറഞ്ഞുതന്ന ഒരു വാചകമുണ്ട്.നിസാരമായ ഒരു കാര്യത്തിനായാല്‍പ്പോലും ഒരാളെ ഏതു പാതിരാത്രിയ്ക്ക് വേണമെങ്കിലും അയാള്‍ക്കത് ബുദ്ധിമുട്ടാകുമോ എന്നാശങ്കപ്പെടാതെ വിളിച്ചുണര്‍ത്താന്‍ പറ്റുന്നുണ്ടെങ്കില്‍ അയാളാണ് നമ്മുടെ ആത്മസുഹൃത്ത്.സൗഹൃദം അനുവദിച്ചുതരുന്ന സ്വാതന്ത്ര്യമാണത്.ഇപ്പോഴും ഒരാളെ നമ്മള്‍ ആത്മസുഹൃത്തായി കാണുന്നുണ്ടോ എന്ന് ഞാന്‍ സ്വയം ചിന്തിച്ചുനോക്കുന്നത് ഈ വാചകം മാനദണ്ഡമാക്കിയാണ്.

പണ്ടുമുതലേ ചെറിയ കാര്യങ്ങള്‍ക്കുപോലും വല്ലാതെ ടെന്‍ഷന്‍ അടിയ്ക്കുന്ന ആളാണ് ഞാന്‍.എത്ര ഭീകരമായ പ്രശ്‌നത്തെയും നിസാരമായി പരിഹരിക്കുന്ന ബോബിയെപ്പോലൊരു സുഹൃത്തിന്റെ സാന്നിധ്യം കുറച്ചൊന്നുമല്ല എന്നെ സഹായിച്ചിട്ടുള്ളത്.

ഒരു ഒംനി വാനാണ് ആദ്യമായി ഞാന്‍ സ്വന്തമാക്കിയ വാഹനം.കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ അതില്‍ നിന്നെന്തോ ശബ്ദം കേള്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.വര്‍ക് ഷോപ്പില്‍ കാണിച്ച് നാലായിരം രൂപ മുടക്കിയിട്ട് രണ്ടുദിവസം തികയും മുന്‍പേ വീണ്ടും പഴയപടിയായി.പിന്നെയും നന്നാക്കാന്‍ കാശുമുടക്കിയതല്ലാതെ വ്യത്യാസമൊന്നും ഉണ്ടായില്ല.ബോബിയുടെ വീട്ടില്‍ പോയപ്പോള്‍ ഞാനിക്കാര്യം അറിയിച്ചു.മൂവായിരം രൂപകൂടി മുടക്കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് വാക്കുതന്നതോടെ വണ്ടി അവിടെ ഏല്‍പ്പിച്ച് ഞാന്‍ മടങ്ങി.പിറ്റേ ദിവസം ഞാന്‍ ചെന്നപ്പോള്‍ പുതിയതായി വാനില്‍ ഫിറ്റ് ചെയ്ത സ്റ്റീരിയോയില്‍ വിരല്‍ചൂണ്ടി ബോബി പറഞ്ഞു:'വണ്ടി ഓടിക്കുമ്പോഴൊക്കെ ലൈറ്റ് വോളിയത്തില്‍ ഇതിലിങ്ങനെ പാട്ടുവെച്ച് കേട്ടുകൊണ്ടിരിക്ക് ലാലേ...നേരത്തെ കേട്ടെന്നുപറഞ്ഞ ശബ്ദമൊന്നും പിന്നെ ജന്മത്ത് ബുദ്ധിമുട്ടിക്കില്ല.അതല്ലാതെ ഒരു കോടി രൂപ മുടക്കിയിട്ടും ഒരു കാര്യോമില്ല .' ഇതുപറഞ്ഞുതീര്‍ന്നതും എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.

ചേരാനെല്ലൂര് എന്റെ വീടുപണി നടക്കുമ്പോള്‍ മറ്റൊരു സംഭവമുണ്ടായി.മുഴുവന്‍ തേക്കുതടിയുടെ പണിയായിരുന്നു.അവസാനം വന്നപ്പോള്‍ മുകളിലത്തെ സിറ്റൗട്ടിന്റെ 'ഹാന്‍ഡ് റെയിലിനു ' മാത്രം തടി തികയില്ലെന്ന അവസ്ഥ വന്നു.ഉടനെ ആശാരി എന്നോട് പറഞ്ഞു:'ഇതിനായിട്ട് വേറെ തടി വാങ്ങേണ്ട കാര്യമൊന്നുമില്ല സാറേ,എന്റെ പരിചയത്തില്‍ ഒരാളുണ്ട്.കുറഞ്ഞ ചെലവില്‍ നമുക്കത് ഒപ്പിക്കാം.സാര്‍ ഒന്നും അറിയേണ്ട.'പറഞ്ഞതുപോലെ തന്നെ വെറും അയ്യായിരം രൂപയ്ക്ക് അയാള്‍ തടി സംഘടിപ്പിച്ച് പണി പൂര്‍ത്തിയാക്കിത്തന്നു.വീടിന്റെ പാലുകാച്ചലിന് രണ്ടുദിവസം മുന്‍പ് എറണാകുളത്ത് നില്‍ക്കുമ്പോള്‍ ഭാര്യ നാന്‍സി എന്നെ വിളിച്ചു.വീട്ടുമുറ്റത്ത് പോലീസുവന്നെന്നു പറഞ്ഞ് പേടിച്ചുവിറച്ചാണ് അവള്‍ സംസാരിച്ചത്.ആ സമയത്ത് വീട്ടില്‍ മറ്റാരുമില്ല,നാന്‍സി ആണെങ്കില്‍ ഗര്‍ഭിണിയും.ചുളുവിലയ്ക്ക് ഞങ്ങള്‍ക്ക് തേക്കുതടി വിറ്റയാള്‍ കള്ളത്തടി വിറ്റകേസില്‍ അറസ്റ്റിലായെന്നും അതിന്റെ ഭാഗമായുള്ള അന്വേഷണത്തിനാണ് പോലീസ് വന്നിരിക്കുന്നതെന്നും അറിഞ്ഞതോടെ എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി.സഹായത്തിന് ബോബിയുടെ മുഖം മാത്രമേ മനസ്സില്‍ വന്നുള്ളൂ.ഫോണില്‍ വിളിച്ചുനോക്കിയപ്പോള്‍ അച്ചായന്‍ ഓഫിസില്‍ കാണുമെന്ന് ഭാര്യ ആനി പറഞ്ഞു.അവിടെ ചെന്നതും എന്റെ ടെന്‍ഷന്‍ കണ്ട ബോബി എന്നെ പിടിച്ചിരുത്തി ഒരു കപ്പ് ചായ തന്നു.അതൊന്നും കുടിക്കാതെ ഞാനെന്റെ പ്രശ്‌നത്തിനൊരു പോംവഴി നിര്‍ദ്ദേശിക്കാന്‍ പറഞ്ഞു.ബോബിയെന്നെ സമാധാനിപ്പിക്കാന്‍ തോളില്‍ തട്ടിയ ശേഷം കുറേ പേരെ ഫോണ്‍ ചെയ്തു.പിന്നൊരു ഉപദേശം:'ഇതിപ്പം അത്ര ഭീകര പ്രശ്‌നമൊന്നുമല്ല ലാലേ.ഒള്ള സത്യമങ്ങ് പറഞ്ഞാല്‍ സംഗതി തീര്‍ന്നു.അയ്യായിരം രൂപയുടെ കള്ളത്തടിയുടെ പേരിലൊന്നും ആരെയും തൂക്കിക്കൊന്നിട്ടില്ലല്ലോ.പക്ഷേ,നുണ പറഞ്ഞാല്‍ അത് സ്ഥാപിച്ചെടുക്കാന്‍ വേറെയും ആയിരം കള്ളങ്ങള്‍ പറയേണ്ടി വരും,അതിന്റെ ടെന്‍ഷന്‍ അനുഭവിക്കുകയും വേണം, പലവഴിക്കായി കുറെ കാശും ചെലവാകും.'അതുകേട്ട് എനിക്കല്പം ആശ്വാസം തോന്നി.ബോബി എന്റെ കൂടെവന്ന് പോലീസുകാരെക്കണ്ട് ഹാന്‍ഡ് റെയില്‍ ഒഴികെയുള്ളതൊക്കെ പണിത തടിയുടെ ബില്ലും മറ്റുരേഖകളും കൈമാറി.അറിയാതെ പറ്റിപ്പോയതാണെന്നും എന്തായിരിക്കും ശിക്ഷയെന്നും അന്വേഷിച്ചറിഞ്ഞു.നിയമനടപടികള്‍ നേരിട്ട് ആ പ്രശ്‌നമങ്ങ് അവസാനിച്ചു.പക്ഷേ,ആ അവസരത്തില്‍ ബോബിയുടെ ഉപദേശം കിട്ടിയിരുന്നില്ലെങ്കില്‍ ഞാനതെങ്ങനെ അതിജീവിക്കുമായിരുന്നെന്ന് ഇപ്പോഴും അറിയില്ല.

എന്റെ മകള്‍ക്കൊരു പ്രൊപ്പോസല്‍ വന്നപ്പോള്‍ അതൊന്ന് അന്വേഷിക്കാന്‍ ഞാന്‍ ഏല്‍പ്പിച്ചത് ബോബിയുടെ മകന്‍ അജയ്യെയാണ്.ഒരു മണിക്കൂറിനുള്ളില്‍ മുഴുവന്‍ ഡീറ്റെയ്ല്‍സും തന്നു.അച്ഛന്റെ എല്ലാ ഗുണങ്ങളുമുള്ള മകന്‍!

ഓഗസ്റ്റ് 25,2001 ല്‍ ഹൃദയാഘാതം മൂലം ബോബി ഞങ്ങളെവിട്ടുപോയപ്പോള്‍ സൃഷ്ടിച്ച ശൂന്യത വളരെ വലുതാണ്.അത് അംഗീകരിച്ചുകൊടുത്താല്‍ മനസ്സിന്റെ ഭാരം കൂടും.ഓര്‍മ്മദിവസത്തില്‍ പതിവായി മെഴുകുതിരി കത്തിച്ചുവെച്ചു പ്രാര്‍ത്ഥിക്കാറുണ്ട്. ഇപ്പോഴും ജീവിതത്തില്‍ പ്രതിസന്ധി വരുമ്പോള്‍ ബോബിയുടെ നമ്പര്‍ ഞാന്‍ വെറുതെ ഡയല്‍ ചെയ്യും.മറ്റൊരു ലോകത്തിരുന്നുപോലും സഹായത്തിനെത്തുമെന്ന ഉറപ്പ് എന്റെയുള്ളില്‍ അത്രമാത്രം ശക്തമാണ്.കറതീര്‍ന്ന സൗഹൃദത്തിന് മാത്രം സമ്മാനിക്കാന്‍ കഴിയുന്ന ആ വിശ്വാസം ബോബിയിലൂടെ എനിക്ക് നല്‍കിയ പ്രപഞ്ചശക്തിയോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു.

കടപ്പാട്: മംഗളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക