Image

മനുഷ്യന്‍ സ്വാര്‍ഥരും സ്‌നേഹശൂന്യരും ദയയില്ലാത്തവരും പ്രതികാര ദാഹികളുമായി: മാതാ അമൃതാനന്ദമയി

Published on 11 November, 2017
മനുഷ്യന്‍ സ്വാര്‍ഥരും സ്‌നേഹശൂന്യരും ദയയില്ലാത്തവരും പ്രതികാര ദാഹികളുമായി: മാതാ അമൃതാനന്ദമയി
പശു മതപരമായ ചിഹ്നം കൂടിയാണത്. അതിനാല്‍ പശുവും മനുഷ്യനും തമ്മില്‍ വലിയ വൈകാരിക ബന്ധമുണ്ട്. അതിനാല്‍ തന്നെ അത്തരമൊരു ജീവിയെ കൊല്ലുന്നത് കുടുംബാംഗത്തെ കൊല്ലുന്നതു പോലെ പലരും കരുതുന്നു....പക്ഷെ ഗോവധത്തിന്റെ പേരില്‍ സാമൂഹികവും രാഷ്ട്രീയവുമായ സംഘര്‍ഷമുണ്ടാകുന്നത് ബുദ്ധിശൂന്യമാണ്.

മാതാ അമ്രുതാനനന്ദമയി ദേവി ഇ-മെയില്‍ വഴി നല്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. 

? അടുത്തയിടയ്ക്കായി ഇന്ത്യയിലും അമേരിക്കയിലും രാഷ്ട്രീയ രംഗത്തു മാറ്റങ്ങള്‍ ഉണ്ടായി. ശരിയായ ദിശയിലല്ല കാര്യങ്ങള്‍ പോകുന്നതെന്ന് അമ്മയ്ക്ക് തോന്നിയിട്ടുണ്ടോ?

* ഒരു രാജ്യത്തെയും രാഷ്ട്രീയ മാറ്റത്തെപ്പറ്റി ഞാന്‍ പ്രതികരിക്കാറില്ല. രാഷ്ട്രീയം ഒഴിച്ചാല്‍ തന്നെ ഇപ്പോഴത്തെ ആഗോള സ്ഥിതി മോശമാണ്. ശരിയായ മാറ്റം മനുഷ്യ മനസിലേ ഉണ്ടാവൂ. പ്രചോദിപ്പിക്കുന്ന മാതൃകകളാണ് നമുക്ക് വേണ്ടത്. പറയുന്നത് പ്രവര്‍ത്തിക്കുന്നവര്‍ക്കെ ശരിയായ മാറ്റങ്ങള്‍ക്ക് വഴി തുറക്കനാകൂ.

? അക്രമവും അസഹിഷ്ണുതയും എല്ലായിടത്തും വര്‍ധിക്കുന്നു. അവയെ അതിജീവിക്കാനുള്ള അമ്മയുടെ ഉപദേശം എന്താണ്?

* അക്രമവും അസഹിഷ്ണുതയും ലോകാരംഭം മുതല്‍ ഉണ്ടായിരുന്നു. അതിന്റെ അളവില്‍ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. പണ്ട് മനുഷ്യര്‍ കൂടുതല്‍ സഹിഷ്ണുതാബോധവും കാരുണ്യവും കാട്ടിയിരുന്നു. അതിനാല്‍ ക്ഷമിക്കാനും മറക്കാനും കൂടുതല്‍ തയ്യാറായിരുന്നു. ഇന്നത്തെ ലോകത്ത് ആത്മീയതയ്‌ക്കോ മൂല്യങ്ങള്‍ക്കോ അധികം പ്രാധാന്യം ലഭിക്കുന്നില്ല. ഇവ പാലിച്ചതു കൊണ്ട് ഭൗതികമായ നേട്ടമൊന്നും ഉണ്ടാകുന്നില്ലെന്ന് ആളുകള്‍ കരുതുന്നു. ഈ ചിന്താഗതി ലോകസമൂഹത്തെ ഏറെ അപകടത്തിലാക്കി. ലോകമെങ്ങും മനുഷ്യന്‍ സ്വാര്‍ഥരും സ്‌നേഹശൂന്യരും ദയയില്ലാത്തവരും പ്രതികാര ദാഹികളുമായി. ഇവയൊക്കെ മനസിന്റെ അടിത്തട്ടില്‍ ആഴ്ന്നു കിടക്കുന്നു. അതിനാല്‍ ഇവയെയൊക്കെ പെട്ടെന്ന് പരിഹരിക്കാനുള്ള മാര്‍ഗങ്ങളില്ല.

എല്ലാ നന്മയും തിന്മയും വീട്ടില്‍ നിന്നാണ് തുടങ്ങുന്നത്. സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും ആദ്യത്തെ പരിശീലന കേന്ദ്രം വീടാണ്. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കുന്നു. അവര്‍ മക്കള്‍ക്ക് നല്ല മാതൃക സൃഷ്ടിക്കണം. ദയ, ക്ഷമ, അനുഭാവം, സത്യസന്ധത, മറ്റുള്ളവരോടുള്ള ആദരം എന്നിങ്ങനെ. വിദ്യാലയങ്ങളാണ് അടുത്തത്. അധ്യാപകര്‍ നല്ല മാതൃകകളായിരിക്കണം. ഭരണാധികാരികളും രാഷ്ട്രീയക്കാരും ജനത്തിനു പ്രചോദനം നല്‍കുന്നവരായിരിക്കണം. ഈ മൂല്യങ്ങളൊക്കെ ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്താനുള്ള പാഠ്യപദ്ധതിയും ഉണ്ടാവണം.

? ആസുരമായ ഈ കാലഘട്ടം ദീര്‍ഘകാലം നിലനില്‍ക്കുമോ? ശാന്തിയും സ്‌നേഹവും പ്രചരിപ്പിക്കാന്‍ നാം എന്തു ചെയ്യണം?

* സ്‌നേഹവും ശാന്തിയും വ്യക്ത്യധിഷ്ഠിതമാണ്. ഹൃദയത്തില്‍ ബോധോദയം ഉണ്ടാകുമ്പോള്‍ അവ പൊട്ടി വിടരുന്നു. സ്‌നേഹവും ശാന്തിയും ആരിലും അടിച്ചേല്‍പ്പിക്കാനാവില്ല. ബലം പ്രയോഗിച്ച് ഇതളുകള്‍ വിടര്‍ത്തിയാല്‍ പൂവിന്റെ സൗന്ദര്യവും സുഗന്ധവും നഷ്ടമാകും. അതിനാല്‍ ഈ കാലഘട്ടം നീണ്ടാലും ഇല്ലെങ്കിലും അത് ജനത്തിന്റെ അവബോധത്തെ ആശ്രയിച്ചിരിക്കും. "എനിക്കു മനസിലായി. നിങ്ങളുടെ പ്രശ്‌നം മനസിലായി ' എ ന്നൊക്കെ നാം ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ മനസിലാക്കാന്‍ വിഷമമുണ്ട്. അങ്ങനെ ചെയ്യാന്‍ ഏറെ ധൈര്യവും ക്ഷമയും കാരുണ്യവും വേണം.

? അമ്മയേയും അമ്മയുടെ മഹത്തായ പ്രവര്‍ത്തികളെയും പലരും വിമര്‍ശിക്കാറുണ്ട്. അതേപ്പറ്റി അമ്മ എന്തു പറയുന്നു?

* ചിലര്‍ പുകഴ്ത്തുന്നു, ചിലര്‍ ഇകഴ്ത്തുന്നു. രണ്ടില്‍ നിന്നും ഞാന്‍ മുക്തയാണ്. ഇന്നു പുകഴ്ത്തുന്നവര്‍ നാളെ ശത്രുവാകാം. തിരിച്ചും സംഭവിക്കാം. എന്നെ വിമര്‍ശിക്കുന്നത് അവരുടെ ധര്‍മ്മമായി ചിലര്‍ കരുതുന്നു എങ്കില്‍ എല്ലാ സാഹചര്യങ്ങളെയും ഒരുപോലെ അഭിമുഖീകരിക്കുന്നത് എന്റെ ധര്‍മ്മമായി ഞാന്‍ കരുതുന്നു. സാഹചര്യമെന്തായാലും മനുഷ്യരെ നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുകയും സേവിക്കുകയുമാണ് എനിക്കു പ്രധാനം.

ഞാന്‍ വിമര്‍ശനത്തിനു എതിരല്ല. വിമര്‍ശനം നല്ലതാണ്. വളര്‍ച്ചയ് ക്കുള്ള വളമായി അതിനെ കാണുന്നു. പക്ഷെ സ്വാര്‍ത്ഥലക്ഷ്യങ്ങളോടെ മറ്റുള്ളവര്‍ക്ക് നേരെ കല്ലെറിയരുത്. വിമര്‍ശകര്‍ നിഷ്പക്ഷരായിരിക്കണം. അവരുടെ ലക്ഷ്യം പരിശുദ്ധവും നിസ്വാര്‍ഥവുമായിരിക്കണം. വ്യക്തിയോടോ സമൂഹത്തോടെ ഉള്ള വെറുപ്പു കൊണ്ടാകരുത്.

? ഗോരക്ഷ ഇപ്പോള്‍ പ്രധാന പ്രശ്‌നമായിട്ടുണ്ടല്ലോ. ഇക്കാര്യത്തില്‍ അമ്മയുടെ ഉപദേശമെന്താണ്.

* എല്ലാ ജീവജാലങ്ങളോടും ദയയാണ് എന്റെ ഉപദേശം. പശുക്കള്‍ വ്യതിരിക്തമാണ്. സനാതന ധര്‍മ്മത്തില്‍ അവയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. എല്ലാ ജീവജാലങ്ങങ്ങളേയും  സനാതനധര്‍മ്മം ദൈവികമായി കാണുന്നു. അതുകൊണ്ടാണ് പാമ്പിനും പക്ഷിയ്ക്കും മരത്തിനും വേണ്ടി ക്ഷേത്രങ്ങള്‍ ഉണ്ടാവുന്നത്.

പുരാതന ഇന്ത്യയില്‍ പശുക്കളെ കുടുംബാംഗങ്ങളെപ്പോലെ കരുതിയിരുന്നു. കുടുംബത്തിന്റെ ഓമന മൃഗമായിരുന്നു പശു. കുടുംബാംഗം മരിക്കുമ്പോള്‍ പശുവും കരയുമെന്നു കേട്ടിട്ടുണ്ട്. നിത്യജീവിതത്തില്‍ പല കാര്യങ്ങള്‍ക്കും ജനങ്ങള്‍ പശുവിനെ ആശ്രയിച്ചിരുന്നു. പാലിനും പാലുത്പന്നങ്ങള്‍ക്കും ചാണകവും മൂത്രവും വളമായും അണുബാധ തടയാനും ഉപയോഗിച്ചിരുന്നു. ഞാന്‍ തന്നെ മുറിവില്‍ ചാണകം പുരട്ടിയിട്ടുണ്ട്. അതു വളരെ ഫലപ്രദമായി കണ്ടിട്ടുണ്ട്.

പശു മതപരമായ ചിഹ്നം കൂടിയാണത്. അതിനാല്‍ പശുവും മനുഷ്യനും തമ്മില്‍ വലിയ വൈകാരിക ബന്ധമുണ്ട്. അതിനാല്‍ തന്നെ അത്തരമൊരു ജീവിയെ കൊല്ലുന്നത് കുടുംബാംഗത്തെ കൊല്ലുന്നതു പോലെ പലരും കരുതുന്നു.

യാതൊന്നും തിരിച്ചാഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക് പലതും നല്‍കുന്ന പശു എല്ലാ ജീവജാലങ്ങളെയും പ്രതിനിധീകരിക്കുന്നു. പശു ആണ് ഏറ്റവും വലിയ ദാനം നല്‍കുന്ന ജീവി. ഭക്ഷണകമ്പനികള്‍ വലുതായാലും ചെറുതായാലും പശുവും പശുവിന്റെ ഉല്‍പ്പന്നങ്ങളുമില്ലാതെ നിലനില്‍ക്കില്ല. അല്‍പ്പം പുല്ലും വെള്ളവും കൊടുത്താല്‍ പശു അവയ്ക്കുള്ളതെല്ലാം മനുഷ്യനു നല്‍കുന്നു. ചുരുക്കത്തില്‍ മുക്തമായ അവസ്ഥ (ലിബറേറ്റഡ്) നേടിയ ജീവിയാണ് പശു. യാതൊന്നും തിരിച്ചാഗ്രഹിക്കുന്നുമില്ല.

ഇത്രയും വ്യക്തം. പക്ഷെ ഗോവധത്തിന്റെ പേരില്‍ സാമൂഹികവും രാഷ്ട്രീയവുമായ സംഘര്‍ഷമുണ്ടാകുന്നത് ബുദ്ധിശൂന്യമാണ്.

? അമ്മ പഴയതു പോലെ സഞ്ചരിക്കുന്നതായി കാണുന്നില്ല. എന്തെങ്കിലും കാരണമുണ്ടോ?

* അതു വാസ്തവമല്ല. ഒരിക്കലൊഴിച്ച്  യാത്രാപരിപാടികള്‍ റദ്ദാക്കിയിട്ടില്ല. 2004ല്‍ സുനാമിയുടെ സമയത്തായിരുന്നു അത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ യാത്രാപരിപാടി മാറ്റി വയ് ക്കേണ്ടി വന്നു. അതൊഴിച്ചാല്‍ 31 വര്‍ഷമായി പതിവുപോലെ യാത്ര ചെയ്യുന്നു. യാത്രകള്‍ കൂടിയിട്ടേയുള്ളൂ.

? അമ്മയുടെ അടുത്ത അമേരിക്കന്‍ സന്ദര്‍ശനം എന്നാണ്?

* അടുത്ത വര്‍ഷം ജൂണ്‍ - ജൂലൈ മാസങ്ങളില്‍. പ്രധാന നഗരങ്ങളിലെല്ലാം പ്രോഗ്രാമുകളുണ്ടാകും.

? ആശ്രമം നടപ്പാക്കുന്ന പ്രധാന പദ്ധതികള്‍ എന്തൊക്കെയാണ്?

* രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവങ്ങള്‍ക്കായി വീട് നിര്‍മ്മിക്കല്‍, വിധവകള്‍ക്കുള്ള ക്ഷേമപദ്ധതി, ദുര്‍ ബല കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസ സഹായം, ഗ്രാമം ദത്തെടുക്കല്‍ പ്രോജക്ട്, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍, വനിതാ ശാക്തീകരണ പദ്ധതികള്‍, തൊഴില്‍ പരിശീലനം എന്നിങ്ങനെ പോകുന്നു അവ. പ്രകൃതിദുരന്തമുണ്ടാവുമ്പോള്‍ മഠം സഹായവുമായി എത്തുന്നു. ഓരോ പദ്ധതിയും ഓരോ ആവശ്യം അനുസരിച്ച് രൂപപ്പെട്ടതാണ്. അമൃത യൂണിവേഴ്‌സിറ്റിയിലൂടെ ആശ്രമം ഗവേഷണ, വികസന പ്ര വര്‍ത്തനങ്ങളിലും സജീവമാണ്. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി അറിയാനുള്ള വയര്‍ലസ് ഡിറ്റക്ഷന്‍ ഉപകരണം പോലുള്ളവയുടെ സേവനം സാധാരണക്കാര്‍ക്കും ലഭ്യമാകുന്നു.
Join WhatsApp News
നാരദന്‍ 2017-11-12 05:34:28
കണ്ണാടിയില്‍ നോക്കിയിട്ടോ  അതോ നിഴലേല്‍ നോക്കിയോ ഇങ്ങനെ ഒക്കെ പറയുന്നത് 
observer? 2017-11-12 12:10:04
Amma is clever. She did not condemn the killings in the name of cows. But says it is not prudent.
A spiritual leader should say it is either bad or good. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക