Image

യുക്മ വള്ളംകളി 'കേരളാ പൂരം' ജൂണ്‍ 30 ന്

Published on 12 November, 2017
യുക്മ വള്ളംകളി 'കേരളാ പൂരം' ജൂണ്‍ 30 ന്

ലണ്ടന്‍: യുക്മയുടെ നേതൃത്വത്തില്‍ 2018 ലെ വള്ളംകളി മത്സരവും കാര്‍ണിവലും 'കേരളാ പൂരം’ എന്ന പേരില്‍ ജൂണ്‍ 30ന് (ശനി) നടക്കും. കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ടാജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ലോഗോ പ്രകാശനം കേരളാ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു ഐഎഎസിനു നല്‍കി മന്ത്രി നിര്‍വഹിച്ചു. യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) ജനകീയ പിന്തുണയോടെ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരവും കാര്‍ണിവലും ഉള്‍പ്പെടെയുള്ള പരിപാടികള്‍ വന്‍വിജയമായിരുന്നുവെന്നും ഇത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. ആദ്യസംരംഭത്തിന് നല്‍കിയതു പോലെ വരും വര്‍ഷങ്ങളിലും കേരളാ ടൂറിസത്തിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കി.

ചടങ്ങില്‍ കേരളാ ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐഎഎസ്, 
യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, ടീം മാനേജ്‌മെന്റ് കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, നഴ്‌സസ് ഫോറം അഡ്വൈസര്‍ എബ്രാഹം ജോസ് എന്നിവര്‍ സംബന്ധിച്ചു. 

പ്രഥമ വള്ളംകളി മത്സരത്തിന്റെയും കാര്‍ണിവലിന്റെയും തുടര്‍ച്ചയെന്ന നിലയിലാണ് 2018 ലും പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ വര്‍ഷത്തെ മത്സരത്തില്‍ 22 ടീമുകള്‍ പങ്കെടുത്തിരുന്നു. വൂസ്റ്റര്‍ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് അന്ന് ജേതാക്കളായത്. 

'കേരളാ പൂരം 2018' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക