Image

`അറം' ആദ്യന്തം ഒരു നയന്‍താര ചിത്രം

Published on 13 November, 2017
   `അറം' ആദ്യന്തം ഒരു നയന്‍താര ചിത്രം
ഒരിടത്ത്‌ ശൂന്യാകശത്തേക്ക്‌ കുതിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന റോക്കറ്റ്‌. മറ്റൊരിടത്ത്‌ കുഴല്‍ക്കിണറില്‍ വീണ്‌ മരണത്തെ മുഖാമുഖം കാണുന്ന കുട്ടിയെ രക്ഷിക്കാന്‍ വേണ്ടിയുള്ള തീവ്ര പരിശ്രമങ്ങള്‍. 

 ഇന്ത്യ എന്നത്‌ ശാസ്‌ത്രസാങ്കേതിക വിദ്യയുടെ ഔന്നത്യങ്ങളിലേക്ക്‌ കുതിക്കാന്‍ നില്‍ക്കുന്ന രാജ്യമാണെന്നു പറയുമ്പോഴും ഒരു കുഴല്‍ക്കിണറില്‍ വീണു പോകുന്ന കുട്ടിയെ രക്ഷിക്കാന്‍ എത്ര പ്രയാസകരമാണെന്നും ചിത്രം പറഞ്ഞു വയ്‌ക്കുന്നു.

അധികാരവും രാഷ്‌ട്രീയവും അതിനെതിരേ ബ്യൂറോക്രസിയും നേര്‍ക്കു നേര്‍ വരുന്ന കാവ്‌ച പലപ്പോഴും മലയാളത്തിലും തമിഴ്‌ സിനിമയിലും ഇഷ്‌ടം പോലെ കണ്ടിട്ടുണ്ട്‌. രാഷ്‌ട്രീയത്തിലെ എല്ലാത്തരം വക്രസഞ്ചാരങ്ങളും അതോടൊപ്പം രാഷ്‌ട്രീയത്തിലെ സകല അടവുകളു സാമൂഹ്യ പ്രസക്തമായ വിഷയങ്ങളും തുറന്നു കാട്ടുന്നത്‌ ഒരു പക്ഷേ തമിഴ്‌ സിനിമ തന്നെയായിരിക്കണം. 

ഗോപീ നൈനാന്‍ സംവിധാനം ചെയ്‌തിരിക്കുന്ന `അറം' എന്ന ചിത്രം ഈയൊരു ഗണത്തിലും പെടുന്നതല്ല. അത്‌ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പുതുമ കൊണ്ടു തന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുമെന്നത്‌ തീര്‍ച്ചയാണ്‌.

ഒരു റോക്കറ്റ്‌ വിക്ഷേപണത്തിനായി തയ്യാറെടുക്കുന്ന സ്ഥലത്തോടു ചേര്‍ന്നു കിടക്കുന്ന തീരദേശത്താണ്‌ കഥ നടക്കുന്നത്‌. കടുത്ത കുടിവെള്ള ക്ഷാമമാണ്‌ ഇവിടുത്തെ ജനങ്ങള്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്‌നം. ധന്‍സിക എന്ന പെണ്‍കുട്ടി ഇവിടെയുള്ള വെള്ളമില്ലാത്ത ഒരു കുഴല്‍ക്കിണറില്‍ വീഴുന്നതും ആ കുട്ടിയെ രക്ഷപെടുത്താന്‍ വേണ്ടി നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുമാണ്‌ കഥയെ മുന്നോട്ടു നയിക്കുന്ന സംഭവ വികാസങ്ങള്‍. 

അതിനൂനത ശാസ്‌ത്രസാങ്കേതിക വിദ്യയില്‍ ഒന്നാമതാകാന്‍ ശ്രമിക്കുമ്പോഴും ഒരു കുഞ്ഞു മനുഷ്യജീവന്‍ രക്ഷിക്കാന്‍ രാജ്യത്തെ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചിട്ടും മനുഷ്യന്‌ അതിന്‌ അത്യധ്വാനം വേണ്ടി വരുന്നു എന്നാണ്‌ ഈ ചിത്രം കാട്ടിത്തരുന്നത്‌. റോക്കറ്റ്‌ വിക്ഷേപിക്കുന്നത്‌ എന്തിനാണെന്നറിയാത്ത സാധാരണക്കാര്‍. 






കാര്യമെന്താണെന്നു മനസിലാക്കുക കൂടി ചെയ്യാതെ അവര്‍ വിക്ഷേപണം വിജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും അതെല്ലാം ആഘോഷിക്കുകയും ചെയ്യുന്നു. കഴിവുള്ള ചെറുപ്പക്കാരെ മുഖ്യധാരയിലേക്കെത്തിച്ച്‌ അവരെ രാജ്യത്തിനു മുതല്‍ക്കൂട്ടാക്കാന്‍ ആരും ശ്രമിക്കുന്നില്ല.

 പകരം വര്‍ണങ്ങളുട ലോകത്ത്‌ വിഹരിച്ചു നടക്കുന്ന താരങ്ങളെ മാത്രമേ നാം കാണുന്നുള്ളൂ എന്നും ചിത്രം പറയുന്നുണ്ട്‌.
നായികയായി എത്തിയ നയന്‍താര ചിത്രത്തില്‍ അടിമുടി നിറഞ്ഞു നില്‍ക്കുന്നു. വാക്കിലും നോക്കിലും ശരീരഭാഷയിലും അക്ഷരാര്‍ത്ഥത്തില്‍ കലക്‌ടര്‍ മതിവദനിയായി നയന്‍താര തകര്‍ത്തിട്ടുണ്ട്‌. തെന്നിന്ത്യയിലെ കിരീടം വയ്‌ക്കാത്ത റാണി എന്ന്‌ നയന്‍താരയെ വിളിച്ചാലും തെറ്റു പറയാന്‍ കഴിയില്ല. അത്ര മികച്ച സ്‌ക്രീന്‍ പ്രസസന്‍സാണ്‌ നയന്‍സിന്റേത്‌. 

അഭിനയത്തിലും നയന്‍സ്‌ ഏറെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്‌. രാഷ്‌ട്രീയ നേതൃത്വങ്ങളുടെ കാപട്യങ്ങള്‍ക്കു നേരെയും എത്ര സത്യസന്ധമായി ജോലി ചെയ്‌താലും ജനങ്ങള്‍ മനസിലാക്കാതെ പോകുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ കുറിച്ചുമെല്ലാം നല്ലവാചകക്കസര്‍ത്തുകള്‍ തന്നെ ആകാമെന്നിരിക്കേ തികഞ്ഞ കൈയ്യടക്കത്തോടെയും ഗംഭീരമായ ഭാവാഭിനയത്തോടും കൂടി നയന്‍സ്‌ തന്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.

നയന്‍സിനോടൊപ്പം തന്നെ കൈയ്യടി വാങ്ങുന്ന മറ്റു ചിലര്‍ കൂടി ചിത്രത്തിലുണ്ട്‌. രാമചന്ദ്രന്‍ ദുരൈരാജാണ്‌ അതിലൊരാള്‍. അതിഭാവുകത്വങ്ങളില്ലാതെ അദ്ദേഹം തന്റെ കഥാപാത്രത്തെ മികച്ചതാക്കി. പുതുമുഖം സൂനു ലക്ഷ്‌മിയും നല്ല അഭിനയം കാഴ്‌ച വച്ചിട്ടുണ്ട്‌. ആക്ഷന്‍ രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്‌നും നല്ല കൈയ്യടി നേടുന്നുണ്ട്‌. ശബ്‌ദകോലാഹലങ്ങളില്ലാതെ എങ്ങനെ മികച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാം എന്ന്‌ പീറ്റര്‍ ഹെയ്‌ന്‍ കാണിച്ചു തന്നു.

വമ്പന്‍ താരനിരകളും കോടികളുടെ മുതല്‍മുടക്കിന്റെ പട്ടികയുമെന്നും നിരത്തിക്കൊണ്ടല്ല അറം തിയേറ്ററുകളിലെത്തിയത്‌. എന്നിട്ടും പ്രേക്ഷകര്‍ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്‌ അതിന്റെ കഥയുടെ പ്രസക്തിയും അവതരണത്തിലെ പുതുമയും കൊണ്ടാണ്‌. 

നല്ല കാമ്പുള്ള കഥകള്‍ വ്യത്യസ്‌തമായ ട്രീറ്റ്‌മെന്‍രിലൂടെ അവതരിപ്പിച്ചാല്‍ ഏതുഭാഷയിലും അത്‌ പ്രേക്ഷകര്‍ സ്വീകരിക്കും. 

അതിമാനുഷ നായക പ്രകടനങ്ങള്‍ അരങ്ങു വാഴുന്ന തമിഴ്‌ സിനിമയില്‍ നായികാകേന്ദ്രീകൃതമായി ഒരു സിനിമയൊരുക്കാന്‍ ധൈര്യം കാണിച്ച സംവിധായകനും നിര്‍മ്മാതാവിനുമാണ്‌ പ്രേക്ഷകര്‍ ആദ്യം കൈയ്യടി നല്‍കേണ്ടത്‌. പിന്നെ അറം എന്ന കിടിലന്‍ ചിത്രത്തിനും. ഒരിക്കലും മിസ്‌ ചെയ്യരുത്‌ ഈ ചിത്രം.































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക