Image

അഭ്യാസം കാണിച്ച 'ബാഹുബലി'യെ ആന തൂക്കിയെറിഞ്ഞു

Published on 14 November, 2017
അഭ്യാസം  കാണിച്ച 'ബാഹുബലി'യെ ആന  തൂക്കിയെറിഞ്ഞു

തൊടുപുഴ:ബാഹുബലി
 നായകന്‍ പ്രഭാസിനെ പോലെ  മുന്നില്‍ ചെന്ന്‌ നിന്ന്‌ അഭ്യാസം കാണിച്ച യുവാവിനെ ആന തുമ്പിക്കൈ കൊണ്ട്‌ തൂക്കിയെറിഞ്ഞു. തൊടുപുഴയ്‌ക്ക്‌ സമീപം കരിമണ്ണൂരിലാണ്‌ സംഭവം. 

പരിക്കേറ്റ പെരിങ്ങാശേരി സ്വദേശി ആശുപത്രിയില്‍ ചികിത്സതേടി.  ഞായറാഴ്‌ച കൂട്ടുകാര്‍ക്കൊപ്പം 'കമ്പനി' കൂടി ബൈക്കില്‍ വരുമ്പോഴാണ്‌ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ തളച്ചിരുന്ന കൊമ്പനെ കണ്ടത്‌.  നില്‍ക്കുകയായിരുന്ന കൊമ്പനെ കണ്ടതും യുവാവിന്റെ ഉള്ളിലെ ലഹരി ഉണര്‍ന്നു. 

ബൈക്ക്‌ നിര്‍ത്തി കൂട്ടുകാരുമൊത്ത്‌ ആനയുടെ അടുത്തേയ്‌ക്ക്‌ നടന്നു. ആനയെ തളച്ച ശേഷം പാപ്പാന്മാര്‍ സ്ഥലംവിട്ടിരുന്നു.

ആനയുടെ അടുത്തെത്തിയതോടെ  യുവാവിന്റെ ദേഹത്ത്‌  'ബാഹുബലി' കയറി. ആനയെ വശത്താക്കാനായി ആദ്യശ്രമം. തന്റെ മിടുക്ക്‌്‌നാട്ടുകാരെല്ലാം കാണണം. കൈയിലിരുന്ന മൊബൈല്‍ഫോണ്‍ കൂട്ടുകാര്‍ക്ക്‌ നല്‍കി. ഫേസ്‌ബുക്കിലൂടെ തല്‍ക്ഷണ പ്രക്ഷേപണമായിരുന്നു ലക്ഷ്യം.

ബാഹുബലി സിനിമയിലെ നായകന്‍ പ്രഭാസിനെ പോലെ ആനയുടെ തുമ്പികൈയില്‍ ചവിട്ടി കയറുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. 

 കൈവശമുണ്ടായിരുന്ന പഴം 
വായിലേയ്‌ക്ക്‌ വെച്ചുകൊടുത്ത്‌ യുവാവ്‌ ആനയുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ ശ്രമം തുടങ്ങി. പഴം മുഴുവന്‍ അകത്താക്കിയ ശേഷം താഴെ കിടന്ന പനമ്പട്ട കൂടി വലിച്ചെടുത്ത്‌ ആനയ്‌ക്കു നേരെ നീട്ടി. ആന അതും അകത്താക്കി.

ഇതിനു ശേഷം കൂര്‍ത്ത കൊമ്പുകളിലും തുമ്പിക്കൈയിലും തലോടി മെല്ലെ ഒരുമ്മ നല്‍കി.  കൂട്ടുകാര്‍ പിന്മാറാന്‍ വിളിച്ചു പറഞ്ഞെങ്കിലും ആനയ്‌ക്ക്‌ രണ്ട്‌ ഉമ്മ കൂടി. അത്രയുമായപ്പോള്‍ ആന തുമ്പിക്കൈ കൊണ്ട്‌ ആഞ്ഞൊരു തട്ട്‌. യുവാവ്‌ പറന്ന്‌ ഒരു റബര്‍മരത്തിന്റെ ചുവട്ടിലേയ്‌ക്ക്‌. നിലവിളിച്ച്‌ കൂട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ യുവാവ്‌ ബോധമറ്റ നിലയിലും.

കൂട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. 

എന്തായാലും സൂപ്പര്‍റസ്റ്റാറായി മാറിയ യുവാവ്‌ താന്‍ ജീവിച്ചിരിപ്പുണ്ടെന്നുംകുഴപ്പമില്ലെന്നും വ്യക്തമാക്കിതിങ്കളാഴ്‌ച വൈകിട്ട്‌  ഫേസ്‌ ബുക്കിലെത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക