Image

തോമസ് ചാണ്ടി ഒരു വ്യക്തിയല്ല (ജോയ് ഇട്ടന്‍)

ജോയ് ഇട്ടന്‍ Published on 15 November, 2017
തോമസ് ചാണ്ടി ഒരു വ്യക്തിയല്ല  (ജോയ് ഇട്ടന്‍)
ഭരണകര്‍ത്താക്കളെയും, പ്രതിപക്ഷത്തെയും നിഷ്‌ക്രിയമാക്കി ആരോപണങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാന്‍ കെല്‍പുള്ളയാളെന്നു തെളിയിച്ചുകഴിഞ്ഞ ഒരു വ്യക്തി മന്ത്രിക്കസേരയില്‍ നിന്ന് ഇന്ന് പോയാലും പോയില്ലെങ്കിലും തുടര്‍ന്നുള്ള  അന്വേഷണം സത്യസന്ധമായി നടക്കുമെന്ന് ഉറപ്പിക്കാനാവില്ല കാരണം തോമസ് ചാണ്ടി ഒരു വ്യക്തിയല്ല. ഒരു പ്രസ്ഥാനമാണെന്നു കഴിഞ്ഞ ദിവസങ്ങളില്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

  അദ്ദേഹത്തെ മാറ്റിനിര്‍ത്താതെയുള്ള ഏതുതരം അന്വേഷണവും പ്രഹസനമായായിരിക്കും നാട്ടുകാര്‍ വിലയിരുത്തുക. ഭരണാധികാരികള്‍ ഉള്‍പെടുന്ന ഇത്തരം ആരോപണങ്ങളിന്‍ മേലുള്ള അന്വേഷണങ്ങളില്‍ ബഹുഭൂരിഭാഗവും പാഴാകുന്ന പതിവ് ജനങ്ങള്‍ക്കു മുന്നിലുണ്ട്. നിയമം നിയമത്തിന്റെ വഴിക്കു പോകും എന്ന പതിവു ഭരണവര്‍ഗ ഭാഷ്യം കൊണ്ടു മാത്രം ഈ വിഷയത്തില്‍ നാട്ടുകാരെ തൃപ്തിപ്പെടുത്താനാവില്ല. ഏതു നിയമത്തിലെ ഏതെല്ലാം വകുപ്പുകള്‍ ഏതെല്ലാം വഴിക്കാണു പോകുന്നതെന്ന് വ്യക്തമായി അറിയാനുള്ള താല്‍പര്യം അവര്‍ക്കുണ്ട്. അതവരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഭരണകൂടത്തിനുമുണ്ട്.

  മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ജനങ്ങളുടെ കണ്ണില്‍ പ്രതിക്കൂട്ടില്‍ തന്നെയാണ്. മന്ത്രിയുടെ വിവാദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നു തന്നെയാണ് തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍നിന്ന് സാമാന്യബുദ്ധിയുള്ളവരെല്ലാം വായിച്ചെടുക്കുന്നത്. ഇപ്പോള്‍ കോടതിയും പ്രതികൂല നിലപാടുകള്‍ എടുത്തിരിക്കുന്നു.

 വിവാദമുയര്‍ന്ന് മാസങ്ങളായിട്ടും അതിന്റെ സത്യാവസ്ഥ പുറത്തുവരുന്ന തരത്തിലുള്ള അന്വേഷണമൊന്നും ഇതുവരെ നടന്നിട്ടില്ല. പ്രതിപക്ഷവും മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തുന്ന ചോദ്യങ്ങളോട് തീരുമാനിച്ചുറപ്പിച്ചതെന്നു തോന്നിക്കുന്ന തരത്തിലുള്ള മൗനമാണ് സംസ്ഥാന ഭരണകൂടം പാലിക്കുന്നത്. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതു മുതല്‍ തന്നെ അതിന്‍മേല്‍ കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടാവില്ലെന്ന സൂചനകളും ലഭിച്ചുതുടങ്ങിയിരുന്നു. സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന്റെയോ ഭരണമുന്നണിയിലെ പ്രധാനികളിലൊരാളായ എ.കെ ശശീന്ദ്രന്റെയോ കാര്യത്തിലുണ്ടായ നീക്കങ്ങളൊന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്നുണ്ടായില്ല.ഇനി തോമസ് ചാണ്ടി മാറി നിന്ന് അന്വേഷണം നടന്നാലും എത്രത്തോളം കാര്യങ്ങള്‍ ഭംഗിയാകും എന്ന് കണ്ടറിയണം.

 ഇതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ അവഗണിക്കുകയോ മൗനം കൊണ്ടു നേരിടുകയോ ആയിരുന്നു മുഖ്യമന്ത്രി. ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ജനരോഷത്തില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് കണ്ടപ്പോള്‍ മാത്രമാണ് ഈ വിഷയത്തില്‍ സര്‍ക്കാരിനു പറഞ്ഞുനില്‍ക്കാന്‍ പാകത്തിലെങ്കിലുമുള്ള അന്വേഷണത്തിനു തുടക്കമായത്. തോമസ് ചാണ്ടിയുടെ രാഷ്ട്രീയ പശ്ചാത്തലവും സൗഹൃദങ്ങളുടെ വ്യാപ്തിയും പരിശോധിച്ചാല്‍ ഈ അന്വേഷണങ്ങളെല്ലാം കൃത്യതയോടെ നടക്കുമെന്ന് വിശ്വസിക്കാനാവില്ല.

 ചാണ്ടി ഇത്രയൊക്കെ കൈയേറ്റവും നിര്‍മാണപ്രവൃത്തികളും നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അത് ഏതാനും ദിവസങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമോ ആവാനിടയില്ല. സാങ്കേതികമായി ഒരു മുന്നണിയുടെ മന്ത്രിയാണെങ്കിലും ബന്ധങ്ങളും സ്വാധീനവും ഒരു വശത്തു മാത്രമല്ലെന്നാണ് കാര്യങ്ങളുടെ കിടപ്പില്‍ നിന്ന് മനസ്സിലാകുന്നത്. എന്തായാലും ആരോപണവിധേയരായ മറ്റുമന്ത്രിമാരെ പുറത്തുചാടിച്ചതുപോലെ ചാണ്ടിയെ പുറത്താക്കാന്‍ പിണറായി വിജയന് കഴിയാതിരുന്നത് ചാണ്ടിയുടെ പണവും പ്രതാപവും ഒക്കെയായിരിക്കുമെന്നു വിലയിരുത്തുന്നവരും കേരളത്തില്‍ ഉണ്ട്.

തോമസ് ചാണ്ടി ഒരു വ്യക്തിയല്ല  (ജോയ് ഇട്ടന്‍)
Join WhatsApp News
Philip 2017-11-15 08:12:15
തോമസ് ചാണ്ടിയെക്കുറിച്ചു ഉമ്മൻ ചാണ്ടി ഒന്നും പ്രതികരിക്കാത്തത് രണ്ടു പേരുടെയും പിതാവ് ചാണ്ടി ആയതു കൊണ്ടാണോ ? സ്വന്തക്കാർ ആയിരിക്കും ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക