Image

കാണിക്ക (ലഘു നാടകം)- ബെന്നി ന്യൂജേഴ്‌സി

ബെന്നി ന്യൂ ജേഴ്‌സി Published on 15 November, 2017
കാണിക്ക (ലഘു നാടകം)- ബെന്നി ന്യൂജേഴ്‌സി
(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഒറിയ എഴുത്തുകാരന്‍ ഡാഷ് ബെന്‍ഹറിന്റെ ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അമേരിക്കന്‍ മലയാളീ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച വികാരസാന്ദ്രമായ നാടകം)

രംഗം ഒന്ന്: ഒരു അമേരിക്കന്‍ ലിവിംഗ് റൂം
തോമാച്ചന്‍: പ്രായം 40-45
ആലീസ: ഭാര്യ
മക്കള്‍ : ഡെന്നീസ് & പ്രിയ  16,  13 വയസ്

(ആലീസും മകളും സോഫയിലിരുന്നു ടി വി യില്‍ മൂവി കണ്ടു കൊണ്ടിരിക്കുന്നു.. ഡെന്നിസ് ലാപ്‌ടോപ്പില്‍ ഗെയിം കളിക്കുന്നു. ചെവി രണ്ടും മൂടത്തക്കവണ്ണം വലിപ്പമുള്ള രണ്ട്  ഇയര്‍ ഫോണ്‍ ധരിച്ചിട്ടുണ്ട്.  ഇടയ്ക്കിടയ്ക്ക് കൈ ഉയര്‍ത്തി 'ഹാ, ഹോ, ഗ്രേറ്റ്' തുടങ്ങിയ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്.  ഇടയ്ക്കിടയ്ക്ക് ചാറ്റില്‍ ആരോടൊക്കെയോ സംസാരിക്കുുണ്ട്.  മകള്‍ കെന്റക്കി െ്രെഫഡ് ചിക്കന്‍ പാക്കറ്റില്‍ നിന്നും ചിക്കന്‍ കാലുകള്‍ ഓരോന്നെടുത്ത് കടിച്ചു പറിച്ചു തിന്നുന്നു. തോമാച്ചന്‍ ജോലി കഴിഞ്ഞ്, വളരെ ക്ഷീണിതനായി വരുന്നു. സൂട്ടും ടൈയ്യും ... ടൈ അഴിച്ച് കഴുത്തില്‍ ഇട്ടിരിക്കുന്നു.  കോട്ട് കയ്യില്‍ ഉണ്ട്. മുടിയാകെ അലങ്കോലമായി)

മക്കള്‍: ഹായ് ഡാഡ്....... (അവര്‍ കമ്പ്യൂട്ടറും ടി വി യും തുടര്‍ന്നും കണ്ടു കൊണ്ടിക്കുന്നു.. . ഡാഡി വന്നിട്ടും ശ്രദ്ധ ലാപ് ടോപിലും ചിക്കന്‍ കാലിലും)

ആലീസ്: (പതുക്കെ എഴുന്നേറ്റു ..പരിഭവത്തോടെ) ഞാനൊരു നൂറുവട്ടമാ വിളിച്ചത്.  ഫോണ്‍ എടുക്കേണ്ടേ! ........... ങാ പണ്ടൊക്കെയാണെങ്കില്‍ ഇങ്ങോട്ടെന്തൊരു വിളിയോട് വിളിയാര്‍ന്നൂ....

(ആലീസ് ജാക്കറ്റും ടൈയും വാങ്ങുന്നു.. മുഖം വാടിയിട്ടാണ്... തോമാച്ചന്‍ പോക്കറ്റില്‍ നിന്നും സെല്‍ ഫോണ്‍ എടുത്ത് നോക്കുന്നു. സ്വല്പം സ്വരം താഴ്ത്തി)

തോമാച്ചന്‍: ഹോ, ഇുന്നും ഈ നശിച്ച ഫോണിന്റെ ചാര്‍ജ് പോയല്ലോ! അതെങ്ങനെയാ ഒരു പുതിയ ഫോണ്‍ വാങ്ങണമെന്നു പറഞ്ഞാല്‍ സമ്മതിക്കേണ്ടേ?!

(ഫോണ്‍ മേശപ്പുറത്ത് വയ്ക്കുന്നു... ആലീസതെടുത്ത് ഒരു വിദദ്ധ ടെക്ക്‌നീഷനെപ്പോലെ പരിശോധിക്കുന്നു...  തോമാച്ചന്‍ സ്യൂട്ട് കെയ്‌സ് ടേബിളിന്റെ സൈഡില്‍ വയ്ക്കുന്നു....)

ആലീസ്: (സന്തോഷത്തോടെ)....... ഫോണൊക്കെ വാങ്ങാമച്ചായാ... ഈ എഴുത്തൊന്ന്  വായിച്ച് നോക്കിക്കേ...

(വളരെ സ്‌നേഹത്തോടെ, സന്തോഷവതിയായി, ഒരു വിജയിയുടെ ഭാവത്തോടെ, വളരെ ചുറുചുറുക്കോടെ, ബൈബിളിന്റെ അടിഭാഗത്ത് ഭദ്രമായി മടക്കി സൂക്ഷിച്ചിരുന്ന, ഓപ്പണ്‍ ചെയ്ത ഒരു ഇന്‍ഡ്യന്‍ ലെറ്റര്‍ എടുത്ത് വളരെ തന്മയത്തോടെ തോമാച്ചന് കൊടുക്കുന്നു..).

ആലീസ്: നാട്ടീന്നു  ജോര്‍ജച്ചായന്റേയാ, ഒത്തിരി നാളുകൂടി എഴുത്തു കണ്ടപ്പോഴേ വല്ല മെനക്കേടുമാണെന്നു കരുതി പേടിച്ചു പേടിച്ചാ പൊട്ടിച്ചത്. .  ങാ...  നിങ്ങടെ സമയം
തെളിയാ... അച്ചായാ...

(കൊഞ്ചിക്കുഴഞ്ഞ്, തോമാച്ചന്റെ അടുത്തു നിന്ന് കത്ത് വായിക്കാന്‍ ധൃതി കൂട്ടുന്നു)

തോമാച്ചന്‍: ഞാനിതൊക്കെ ഒന്നു മാറീട്ട് വരട്ടെ ആലീ...  ഇന്നാണെങ്കില്‍ ഓഫീസില്‍ വല്യ ടെന്‍ഷന്‍ ആര്‍ന്നു..  എന്റെ ബോസിനെ അവരു ഫയര്‍ ചെയ്തു.  ഓഡിറ്റിങ്ങില്‍ എന്തോ കുഴപ്പമാണെന്നാ കേട്ടത്.. എല്ലാരും പേടിച്ചിരിക്കാ....

(ആലീസ് വീണ്ടും തിരക്ക് കൂട്ടുന്നു... അവള്‍ക്ക് തോമാച്ചനെ ഈ കത്ത് എങ്ങിനെയെങ്കിലും ഒന്ന് വായിപ്പിക്കണം... ഇതൊക്കെ കണ്ട് തോമാച്ചന്‍ കത്തു വാങ്ങി തിരിച്ചും മറിച്ചും, ഓടിച്ചു നോക്കുന്നു.... മുഖത്ത് പെട്ടൊന്നൊരു ഭാവമാറ്റം... വെല്യേട്ടന്റെ പേര് കണ്ടപ്പോഴെ ബഹുമാനം കൊണ്ട് എഴുന്നേറ്റുപോയി... തന്റെ പഴയ ഓര്‍മ്മകള്‍ ഓടിയെത്തുന്നു....)

തോമാച്ചന്‍: ആലിയെ, ഒരു ചായ താ... വല്ലാത്ത തലവേദന...

ആലീസ്: ചായയാക്കണതെന്തിനാ .... അച്ചായനിഷ്ടമുളള കപ്പപ്പുഴുക്കും പച്ചമീന്‍ കറിയും റെഡിയാ... ദേ ഇപ്പം കൊണ്ടു വരാം...

(അവള്‍ക്ക് തോമാച്ചനെ എങ്ങനെയെങ്കിലും സന്തോഷിപ്പിക്കണം....).

തോമാച്ചന്‍ മൂത്ത ചേട്ടന്റെ കത്ത് വായിക്കുന്നു .... അലക്ഷ്യമായി .......

(ബാക്ക് ഗ്രൗണ്ടില്‍): 'പ്രിയപ്പെട്ട തോമാക്കുഞ്ഞേ, നിന്റെ എഴുത്തോ വിവരങ്ങളോ ഒന്നും അറിയാതെ ഞങ്ങളിവിടെ വിഷമിച്ചിരിക്കാ.... നിനക്ക് വലിയ തിരക്കാണെറിയാം. നമ്മടെ അച്ചായന്റെ 44ാം ഓര്‍മ്മ ദിവസം ആയിരുന്നല്ലോ ഈ കഴിഞ്ഞ 12ാം തീയതി..  മോനെ, നീ പള്ളീല്‍ പോയി അച്ചായന്റെ ഓര്‍മ്മ കുര്‍ബ്ബാന ചൊല്ലിച്ചില്ലേ?  മ്മള് എന്നും  ചെയ്യാറുളളതു പോലെ കോട്ടയത്തെ അഗതി മന്ദിരത്തില്‍ ഇപ്രാവശ്യവും ഉച്ചഭക്ഷണം കൊടുത്തു.  മ്മടെ വെല്ലിച്ചന്‍, സുഖോല്ലാതെ ഒരാഴ്ച ആശുപത്രീലാര്‍ന്നൂ.  ഞാന്‍ ചെന്നു പറഞ്ഞപ്പോള്‍ വെല്ലിച്ചനു തന്നെ ഓര്‍മ്മ കുര്‍ബ്ബാന ചൊല്ലണമെന്നു പറഞ്ഞു.  അവര്‍ വലിയ അടുപ്പക്കാരായിരുല്ലോ. അച്ചായന്റെ തലയ്ക്കല്‍ ധൂപ പ്രാര്‍ത്ഥനയും കഴിഞ്ഞ് പളളിമുറീല് ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു   അച്ചായന്റെ സ്ഥാനത്തു നിന്നും നിന്ന് വല്യച്ചന്‍  നമ്മടെ പറമ്പിന്റെ ഭാഗം ഒന്നു  നടത്തിത്തരണമെന്ന്. ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചിരിക്കുകയാ.... എനിക്ക് 10-70 വയസായില്ലേ, മോനേ?  കഴിഞ്ഞ ദിവസം താഴത്തെ തെങ്ങിന്റെ ചോട് നീക്കിക്കൊണ്ടിരുന്നപ്പോള്‍ ഒരു വല്ലായ്മ.  മിഷന്‍ ആശുപത്രിക്കാര്‍ കുറെ ഗുളികേം തന്നാ വിട്ടത്.  ങാ, മ്മടെ അച്ചായന്‍ പോയ സമയോക്കെ എന്നേ കഴിഞ്ഞു! നീ എന്തായാലും ഉടനെ വരണം.  ആലീസിനേം കുഞ്ഞുങ്ങളേം കൊണ്ടു വരണം.  കുഞ്ഞുങ്ങളെ കണ്ടിട്ട് എത്ര നാളായടാ മോനെ.  അവരൊക്കെ വലുതായിക്കാണുമല്ലേ.. . ജോമ്മാമ്മയാണെങ്കില്‍ നിന്നെ പ്രതീക്ഷിച്ച് ഇപ്പോഴെ ഒരുക്കം തുടങ്ങി...  എന്ന്,   സ്‌നേഹത്തോടെ നിന്റെ ജോച്ചായന്‍...'

(ആലീസ് ചായയും കപ്പയുമായി വരുന്നു.. എന്തൊക്കേയോ ആലോചിച്ച് പിറുപിറുക്കുന്നുണ്ട്...)

ആലീസ്: ഞാനാ സുമാ ട്രാവല്‍സിലെ ജോയിയെ വിളിച്ച് ടിക്കറ്റ് ശരിയാക്കിയിട്ടുണ്ട്. നാളത്തേക്ക് എങ്ങനെയെങ്കിലും ഒപ്പിച്ചു തരാമെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്...

തോമാച്ചന്‍: (സ്വല്‍പ്പം വൈമനസ്യത്തോടെ) അപ്പോള്‍, നീയും പിളേളരും വരുന്നില്ലേ?

ആലീസ്: (കുറച്ച് കടുപ്പത്തില്‍) പിളേളരോ.. കഴിഞ്ഞ പ്രാവശ്യം പോയി അവിടത്തെ പൊടീം ഈച്ചേം കൊതുകും കണ്ട് പേടിച്ച് അവരിനി ഡാഡീടെ നാട്ടിലേക്കില്ല എന്നു പറഞ്ഞത് നിങ്ങള് മറന്നോ!  .... പിന്നെ, അവിടെയാണെങ്കി ഇപ്പോ കൊയ്ത്തും നെല്ലൊണക്കുമൊക്കെയായിരിക്കും...

തോമാച്ചന്‍: (അല്‍പ്പം  വിഷണ്ണനായി).. ഫിലിപ്പ് അങ്കിളും മത്തായി അങ്കിളും പറഞ്ഞു പറഞ്ഞ്  ഞാനാ അസോസിയേഷന്റെ പ്രസിഡന്റ് ആകാമെന്ന് ഏറ്റാര്‍ന്നല്ലോ. നിന്നോട് പറഞ്ഞതല്ലേ.... ഇലക്ഷന്‍ അടുത്ത വീക്ക് എന്റിലാ.... ഞാന്‍ പ്രസിഡന്റായി വരണത്, ആലീ, നിനക്കൊരു വല്യ ഗമയല്ലേ? പിന്നെ ഫസ്റ്റ് ലേഡിയായി നീയങ്ങു വിലസ്സൂല്ലേ....

(തോമാച്ചന്‍ ചെറുതായി ചിരിച്ചുകൊണ്ട് ആലീസിന്റെ മുഖത്തേക്ക് നോക്കുന്നു).

ആലീസ്: നിങ്ങടെ ഈ അസോസിയേഷനും കുന്തോം... അസോസിയേഷന്‍, അസോസിയേഷന്‍ എന്നൊക്കൈ പറഞ്ഞോണ്ടു നടന്നാലെ കൈ വെളുക്കും, മനുഷ്യനെ... മ്മടെ കൈ വെളുക്കും..

തോമാച്ചന്‍: ങാ, നിനക്ക് വേണ്ടങ്കീ വേണ്ട...  (ശബ്ദം താഴ്ത്തി, ഇളിഭ്യനായി) ങാ... ഞാനങ്ങു വിളിച്ചു പറഞ്ഞേക്കാം.  അവര് വേറെ വല്ലോരേം നോക്കിക്കോട്ടെ..

(മനസ്സില്ലാ മനസ്സോടെ പതുക്കെ എഴുന്നേറ്റിരിക്കുന്നു...  ഇലക്ഷന്‍ കഴിഞ്ഞിട്ട് പോയാ മതിയെന്നു പറയുമെന്നു കരുതി ആലീസിന്റെ മുഖത്തേക്ക് ദയനീയമായി വീണ്ടും വീണ്ടും നോക്കുന്നു).

ആലീസ്: (കുറച്ച് കടുപ്പത്തില്‍) നിങ്ങളോട് പറഞ്ഞു പറഞ്ഞു ഞാന്‍ മടുത്തു.. എന്നു തൊട്ടേ പറയണതാ, തന്ത്രത്തില്‍, പതുക്കെ ജോയച്ചായനോട് പറഞ്ഞ് നിങ്ങള്‍ക്ക് കിട്ടാനുളള വീതം മേടിച്ചെടുക്കണമെന്ന്.. ഇപ്പൊ അതിങ്ങോട്ടു പറഞ്ഞോണ്ടു വന്നപ്പോ..  ഇനിയിട്ട് താമസിപ്പിക്കാതെ പോയി കാര്യം നടത്തീട്ടുവാ. .മനുഷ്യനേ..

(തോമാച്ചനെ പിടിച്ച് കുലുക്കുന്നു.. തളളുന്നു..  ആകെ അസ്വസ്ഥയാകുന്നു. തോമാച്ചന്‍ പോകാന്‍ മടിക്കുന്നതു കണ്ടു നിരാശയാകുന്നു.. കണ്ണീര്‍ ഒപ്പുന്നു... തോമാച്ചന്‍ ഇതൊന്നും  കേള്‍ക്കാതെ ചായയെടുത്ത് സിപ്പ് ചെയ്യുന്നു).

തോമാച്ചന്‍: (മുഖം വിലിച്ചിട്ട്) ഹോ... ഇതിലൊട്ടും പഞ്ചാരയിട്ടില്ലേ?!

ആലീസ്: (നിരാശയോടെ).... പഞ്ചാര, പഞ്ചാര.. നിങ്ങള്‍ക്കിതു മാത്രമല്ലേ ഓര്‍മ്മയുളളൂ... അവകാശപ്പെട്ടത് വാങ്ങിയെടുക്കാന്‍ എത്ര പറഞ്ഞാലും, കടങ്ങലു കുത്തിയതു പോലെ മുഖോം കറുപ്പിച്ച് ഈ ഒരിപ്പാ.... ആണുങ്ങളായാല്‍ കുറച്ച് കാര്യമിടുക്കൊക്കെ വേണം.....ഇങ്ങട്ടു താ.... എന്റെ തലേക്കൂടിയാണെങ്കീ തീവണ്ടി ഓടുവാ.... തീവണ്ടി....

(തോമാച്ചന്റെ കയ്യില്‍നിന്നും ചായ  തട്ടിപ്പറിച്ചെടുത്തു കൊണ്ട് അടുക്കളയിലേക്ക് പോകുന്നു.... തോമാച്ചന്‍ മേശപ്പുറത്തു കിടക്കുന്ന പത്രങ്ങള്‍, മാസികകള്‍, മെയിലുകള്‍ എല്ലാം അലക്ഷ്യമായി എടുത്തു മറിച്ചുനോക്കുന്നു.  ഒന്നിലും കോണ്‍സണ്‍ട്രേറ്റ് ചെയ്യാന്‍ പറ്റുന്നില്ല. അസ്വസ്ഥനായി എഴുല്‍േക്കുന്നു..  സ്‌റ്റേജിലൂടെ നടക്കുന്നു.....

ആത്മഗതം (ബാക്ക് ഗ്രൗണ്ട്)

'ജോച്ചായന്‍. എനിക്ക് ഒരു വയസ്സുണ്ടാര്‍ന്നപ്പോള്‍ അച്ചായന്‍ പെട്ടെന്നു മരിച്ചു.  ജോച്ചായനന്ന് 17 വയസ്.  ജോച്ചായന്‍ അന്ന് പഠിത്തം നിര്‍ത്തി.....'

(തുടരും)

കാണിക്ക (ലഘു നാടകം)- ബെന്നി ന്യൂജേഴ്‌സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക