Image

എന്തിനീ ദുബായ്‌ക്കാരന്‍

Published on 15 November, 2017
  എന്തിനീ ദുബായ്‌ക്കാരന്‍
കോമഡി എന്റര്‍ടെയ്‌നറാണ്‌ എന്ന അവകാശവാദവുമായി വരുന്ന ചിത്രങ്ങള്‍ ചിലത്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകന്‌ നിരാശ മാത്രം സമ്മാനിച്ചു തിയേറ്ററില്‍ നിന്നും അപ്രത്യക്ഷമാകുന്നവയാണ്‌. 

അതിന്റെ കാരണം, കരയിക്കുന്നതിനേക്കാള്‍ പ്രയാസമാണ്‌ ചിരിപ്പിക്കുക എന്ന ദൗത്യം എന്നതു കൊണ്ടു തന്നെ. നവാഗത സംവിധായകരായ ഹരിശ്രീ യൂസഫും ബാബുരാജ്‌ ഹരിശ്രീയും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ഒരു ദുബായ്‌ക്കാരന്‍ ഈ ശ്രേണിയില്‍ പെടുന്ന ചിത്രമാണ്‌.

ടെലിഷന്‍ ഷോകളിലൂടെ സുപരിചിതനായ ആദില്‍ ഇബ്രാഹിമാണ്‌ ചിത്രത്തിലെ നായകന്‍. ഒരു മുഴുനീള കോമഡി ചിത്രം ലക്ഷ്യമിട്ടു സംവിധായകര്‍ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക്‌ അത്രയൊന്നും ചിരി സമ്മാനിച്ചല്ല കടന്നു പോകുന്നത്‌. മലയാളത്തില്‍ നിലവാരമുള്ള കോമഡികള്‍ ഏറെ സമ്മാനിച്ച ചിത്രങ്ങളുടെ അടുത്തു പോലും ഈ ദുബായ്‌ക്കാരന്‍ എത്തുന്നില്ല എന്നതു സിനിമ തുടങ്ങി അധികം വൈകാതെ തന്നെ മനസിലാകും. ഇതിലെ നായകന്‍ പ്രകാശന്‍ (ആദില്‍) ജോലി തേടി ദുബായിലേക്കു പോകാനുള്ള മോഹവുമായി നടക്കുന്ന ചെറുപ്പക്കാരനാണ്‌. 

സ്വന്തം നാട്ടില്‍ പത്തു പൈസയുടെ പണി ചെയ്യില്ലാത്ത കക്ഷിയാണ്‌ ഇയാള്‍. ദുബായിലെ സുഖജീവിതം സ്വപ്‌നം കണ്ട്‌ അവിടേക്കു പോകാന്‍ പല തവണ ശ്രമിച്ചു ദയനീയമായി പരാജയപ്പെട്ട ആളാണ്‌ കക്ഷി. എങ്കിലും അയാള്‍ തന്റെ പരിശ്രമങ്ങള്‍ അവസാനിപ്പിക്കുന്നില്ല. എന്നാല്‍ ഒടുവിലത്തെ ശ്രമം പ്രകാശനെ കൊണ്ടെത്തിക്കുന്നത്‌ ചില ഊരാക്കുടുക്കുകളിലേക്കാണ്‌. തുടര്‍ന്ന്‌ ഈ വിഷമകരമായ അവസ്ഥയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ചിത്രം പറയുന്നത്‌.

ഒന്നു ശ്രമിച്ചാല്‍ വളരെ മികച്ച രീതിയില്‍ ചിത്രീകരിക്കാന്‍ കഴിയുമായിരുന്ന സിനിമയാണ്‌ ഒരു മിനിമം നിലവാരം പോലുമില്ലാതെ അണിയറ പ്രവര്‍ത്തകര്‍ എടുത്തത്‌. നായകന്റെ അഭിനയവും പലപ്പോഴും ശരാശരിയില്‍ താഴെയായി. ആ കൂടെ നിലവാരമില്ലാത്ത തമാശകളും.ടിനി ടോമും കൊച്ചു പ്രേമനുമാണ്‌ കോമഡിയുടെ കാര്യത്തില്‍ അല്‍പം ആശ്വാസം. 

എങ്കിലും തിരക്കഥയുടെ കെട്ടുറപ്പില്ലായ്‌മയും നര്‍മം കൈകാര്യം ചെയ്യുന്നതിലെ പരിചയക്കുറവും ചിത്രത്തിന്റെ മൊത്തത്തിലുളള ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്‌. സീനുകള്‍ തമ്മില്‍ പരസ്‌പരം ബന്ധമില്ലാത്തതു പോലെയാണ്‌ പലയിടത്തും. സലിം കുമാര്‍, ദേവന്‍, സുനില്‍ സുഖദ, മാമുക്കോട, നീനാ കുറുപ്പ്‌ എന്നീ പരിചയസമ്പന്നര്‍ക്കു പോലും രക്ഷിക്കാന്‍ കഴിയുന്നതിനുമപ്പുറത്തായിരുന്നു കഥയുടെയും തിരക്കഥയുടേയും അവസഥ. നായികയായി എത്തിയ മാളവികക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.













































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക