Image

പ്രശസ്‌ത ഗൈനക്കോളജിസ്റ്റ്‌ സിസ്റ്റര്‍ ഡോ. മര്‍സലീയൂസ്‌ അന്തരിച്ചു

Published on 16 November, 2017
പ്രശസ്‌ത ഗൈനക്കോളജിസ്റ്റ്‌ സിസ്റ്റര്‍ ഡോ. മര്‍സലീയൂസ്‌ അന്തരിച്ചു


കൊച്ചി: പ്രശസ്‌ത ഗൈനക്കോളജിസ്റ്റും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രിലെ ഡോക്ടറുമായിരുന്ന സിസ്റ്റര്‍ ഡോ. മര്‍സലീയൂസ്‌ (65) അന്തരിച്ചു. ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്‌ക്ക്‌ 1.30 ഓടെയായിരുന്നു അന്ത്യം.

ചിങ്ങവനം മഠത്തില്‍കളത്തില്‍ ജോസഫിന്‍റെയും സാറാമ്മയുടെയും എട്ടു മക്കളില്‍ നാലാമത്തെ മകളാണ്‌ മറിയക്കുട്ടി എന്ന സിസ്റ്റര്‍ ഡോ. മേരി മര്‍സലീയൂസ്‌.  1974ല്‍ ബിഎസ്‌സി സുവോളജി പാസായ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്‌സിന്‌ ചേര്‍ന്നു. മെഡിക്കല്‍ കോളജിലെ കന്യാസ്‌ത്രീയായ ആദ്യ വിദ്യാര്‍ഥിനിയായിരുന്നു.

1980 -82 കാലഘട്ടത്തില്‍ കോട്ടയം കാരിത്താസ്‌ ആശുപത്രിയില്‍ സേവനം ചെയ്‌ത ശേഷം ഉന്നതപഠനത്തിനായി  ബ്രിട്ടണിലേക്ക്‌ പോയി. ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍ നിന്ന്‌ ഒന്നാം റാങ്കും എഡ്വിന്‍ ലില്ലി ഗോള്‍ഡ്‌ മെഡലും നേടി ഡിപ്ലോമ ഇന്‍ ഗൈനക്കോളജി ആന്‍ഡ്‌ ഒബ്‌സ്‌റ്റെട്രിക്‌സ്‌ പാസായി. തുടര്‍ന്ന്‌ ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും വിവിധ ആശുപത്രികളില്‍ ജോലി ചെയ്‌തു പഠനം തുടര്‍ന്നു.

ഒബ്‌സ്‌റ്റെട്രിക്‌സിലും ചൈല്‍ഡ്‌ ഹെല്‍ത്തിലും ബിരുദങ്ങള്‍ നേടിയ ശേഷം 1991 ഏപ്രില്‍ 16ന്‌ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌ ആസ്‌പത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടും ഗൈനക്കോളജിസ്റ്റുമായി ചുമതലയേറ്റു. ലിറ്റില്‍ ലൂര്‍ദിലെ 26 വര്‍ഷങ്ങള്‍ക്കിടയില്‍ അര ലക്ഷത്തോളം പ്രസവങ്ങളെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക