Image

നോര്‍ത്ത്‌ അമേരിക്കയില്‍ ദക്ഷിണേന്ത്യാ സഭയ്‌ക്ക്‌ (സി.എസ്‌.ഐ) ചരിത്രമുഹൂര്‍ത്തം

ജോയിച്ചന്‍ പുതുക്കുളം Published on 28 June, 2011
നോര്‍ത്ത്‌ അമേരിക്കയില്‍ ദക്ഷിണേന്ത്യാ സഭയ്‌ക്ക്‌ (സി.എസ്‌.ഐ) ചരിത്രമുഹൂര്‍ത്തം
ഷിക്കാഗോ: ജൂണ്‍ 30 മുതല്‍ ജൂലൈ മൂന്നുവരെയുള്ള തീയതികളില്‍ ദക്ഷിണേന്ത്യാ സഭ (സി.എസ്‌.ഐ) നോര്‍ത്ത്‌ അമേരിക്കയില്‍ ചരിത്രമുഹൂര്‍ത്തം കുറിക്കുകയാണ്‌.

ജൂണ്‍ 30-ന്‌ വൈകിട്ട്‌ വൈന്‍ഹാം ഗ്ലെന്‍വ്യൂ സ്യൂട്ടില്‍ സി.എസ്‌.ഐ ജൂബിലി നഗറില്‍ വെച്ച്‌ നടക്കുന്ന വര്‍ണ്ണശബളമായ ഉദ്‌ഘാടനസമ്മേളനത്തോടുകൂടി നോര്‍ത്ത്‌ അമേരിക്കയില്‍ കാല്‍ നൂറ്റാണ്ട്‌ പിന്നിടുന്ന സി.എസ്‌.ഐ ഫാമലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്‌ തുടക്കംകുറിക്കും.

സി.എസ്‌.ഐ മോഡറേറ്റര്‍ അധ്യക്ഷം വഹിക്കുന്ന സമ്മേളനത്തില്‍ ദക്ഷിണേന്ത്യാ സഭയിലെ വിവിധ മഹായിടവകകളില്‍ നിന്നുള്ള മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. ചെണ്ടമേളത്തോടും മുത്തുക്കുടകളോടുംകൂടി കേരളത്തനിമയില്‍ തുടങ്ങുന്ന സമ്മേളനത്തില്‍ മേലധ്യക്ഷനായി നോര്‍ത്ത്‌ അമേരിക്കയില്‍ ആദ്യമായി എത്തിച്ചേരുന്ന സി.എസ്‌.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ്‌ റൈറ്റ്‌ റവ. തോമസ്‌ കെ. ഉമ്മന്‍ തിരുമേനിക്ക്‌ സ്വീകരണം നല്‍കും. വിവിധ സഹോദരി സഭകളെ പ്രതിനിധീകരിച്ച്‌ സഭാ മേലദ്ധ്യക്ഷന്മാര്‍ ആശംസകള്‍ നേരും. ദക്ഷിണേന്ത്യാ (സി.എസ്‌.ഐ) സഭയില്‍ നിന്നും നോര്‍ത്ത്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ഭക്തജനങ്ങള്‍ വൈദീകരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി ആദ്യാവസാനം സമ്മേളനങ്ങളില്‍ പങ്കെടുക്കും.

1947-ല്‍ വിവിധ പാരമ്പര്യങ്ങളിലുള്ള ദക്ഷിണേന്ത്യയിലെ ക്രൈസ്‌തവ സഭകള്‍ ഒന്നുചേര്‍ന്ന്‌ ദക്ഷിണേന്ത്യാ സഭ (സി.എസ്‌.ഐ)രൂപംകൊണ്ടത്‌. ദക്ഷിണേന്ത്യാ സഭയുടെ രൂപീകരണം ലോകമെമ്പാടുമുള്ള ക്രൈസ്‌തവ സഭകള്‍ ഐക്യത്തോടും സന്തോഷത്തോടുംകൂടിയാണ്‌ വീക്ഷിച്ചത്‌. ലോകത്തിലെ ക്രൈസ്‌തവ സഭകളുടെ ഇടയില്‍ ആദ്യത്തെ ഐക്യ സഭയായി ദക്ഷിണേന്ത്യാ സഭ പിന്നീട്‌ അറിയപ്പെട്ടു.

കേരളം, തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ദക്ഷിണേന്ത്യാ സഭയ്‌ക്ക്‌ ശ്രീലങ്കയിലും മഹായിടവകയുണ്ട്‌. ഏതാണ്ട്‌ സ്വതന്ത്ര സ്വഭാവം പുലര്‍ത്തുന്ന ദക്ഷിണേന്ത്യാ സഭയുടെ 22 മഹായിടവകകള്‍ക്ക്‌ പ്രത്യേക ഭരണ സംവിധാനങ്ങളും മേലദ്ധ്യക്ഷന്മാരുമുണ്ട്‌.

ഈരണ്ടുവര്‍ഷങ്ങള്‍ കൂടിയിരിക്കുമ്പോള്‍ ദക്ഷിണേന്ത്യാ സഭയുടെ 22 മഹായിടവകയില്‍ നിന്നുമുള്ള മേലദ്ധ്യക്ഷന്മാരും, വൈദീകരും, അത്മായ പ്രതിനിധികളും ഒന്നിച്ചുകൂടി സഭാമേലദ്ധ്യക്ഷനായി മോഡറേറ്ററെ തെരഞ്ഞെടുക്കും. ബിഷപ്പ്‌ മോഡറേറ്ററുടെ നേതൃത്വത്തില്‍ വിവിധ മഹായിടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണസമിതി ദക്ഷണേന്ത്യാ സഭയുടെ പരമോന്നത സഭയായ സിനഡിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കും. ദക്ഷിണേന്ത്യാ സഭയുടെ എല്ലാ സ്വത്തു വകകള്‍ക്കും അവകാശിയും ഉത്തരവാദിയും മോഡറേറ്ററുടെ കീഴിലുള്ള പ്രത്യേക സി.എസ്‌ഐ ട്രസ്റ്റ്‌ അസോസിയേഷന്റെ കീഴിലാണ്‌ സംരക്ഷിതമായിരിക്കുന്നത്‌. തികച്ചും ജനാധിപത്യരീതിയിലുള്ള ദക്ഷിണേന്ത്യാ സഭയുടെ ഭരണ സംവിധാനത്തില്‍ ഭൂരിപക്ഷവും അത്മായ പ്രതിനിധികളാണ്‌. അംഗസംഖ്യയില്‍ ഭാരതത്തിലെ രണ്ടാമത്തെ വലിയ സഭയായ ദക്ഷിണേന്ത്യാ സഭ (സി.എസ്‌.ഐ) സമ്പദ്‌ വ്യവസ്ഥകളിലും മറ്റ്‌ സഭകള്‍ക്ക്‌ ഒട്ടും പിന്നിലല്ല.

1970-ന്റെ അവസാനത്തോടെയാണ്‌ ദക്ഷിണേന്ത്യാ സഭാംഗങ്ങള്‍ നോര്‍ത്ത്‌ അമേരിക്കയില്‍ കൂട്ടമായി കുടിയേറ്റമാരംഭിച്ചത്‌. തൊള്ളായിരത്തി നാല്‍പ്പതോടുകൂടി ദക്ഷിണേന്ത്യാ സഭയുടെ ഭരണഘടനയില്‍ ഭാരത്തിനു വെളിയില്‍ ദക്ഷിണേന്ത്യാ സഭയ്‌ക്ക്‌ പ്രത്യേക ആരാധനാലയങ്ങള്‍ അനുവദനീയമായിരുന്നില്ല. നോര്‍ത്ത്‌ അമേരിക്കയിലേക്ക്‌ സഭാംഗങ്ങളുടെ കൂട്ടമായ കുടിയേറ്റം സഭാ നേതൃത്വത്തിന്‌ നോര്‍ത്ത്‌ അമേരിക്കയില്‍ ഒരു പുതിയ സംവിധാനത്തിന്റെ ആവശ്യം അനിവാര്യമായിത്തീര്‍ന്നു. 1999-ലെ സിനഡിലാണ്‌ നോര്‍ത്ത്‌ അമേരിക്കയിലെ കുടിയേറ്റക്കാര്‍ ആദ്യമായി സി.എസ്‌.ഐ സിനഡ്‌ ഭരണഘടനയുടെ ഭാഗമായിത്തീരുന്നത്‌. ഏതാണ്ട്‌ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഒരു ഉറച്ച സംവിധാനമോ, ഭരണനേതൃത്വമോ ഉണ്ടാകാത്ത ദക്ഷിണേന്ത്യാ സഭ (സി.എസ്‌.ഐ)യുടെ നോര്‍ത്ത്‌ അമേരിക്കയിലെ തലമുറക്കാര്‍ സഭയുടെ ഭാവിയെക്കുറിച്ച്‌ ആകുലരാണ്‌.

1980-കളുടെ ആദ്യമാണ്‌ ദക്ഷിണേന്ത്യാ സഭയ്‌ക്ക്‌ നോര്‍ത്ത്‌ അമേരിക്കയില്‍ ആരാധനാലയങ്ങള്‍ രൂപംകൊള്ളുന്നത്‌. ദക്ഷിണേന്ത്യയിലെ സംസ്‌കാരത്തില്‍ വളര്‍ന്നുവന്ന ആദ്യകാല കുടിയേറ്റക്കാര്‍ക്ക്‌ ആദ്യകാല ആരാധനാലയങ്ങള്‍ തങ്ങളുടെ സാമൂഹ്യ-സാംസ്‌കാരിക-ആത്മീയ വളര്‍ച്ചയ്‌ക്ക്‌ അനിവാര്യമായിരുന്നു. സഭാ നേതൃത്വത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമോ കൈത്താങ്ങോ ഇല്ലാതെ വളര്‍ന്നുവന്ന ആരാധനാലയങ്ങള്‍ ഒരു ഉറച്ച സംവിധാനത്തിനുവേണ്ടി ഇന്നും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്‌. ഇന്ന്‌ സി.എസ്‌.ഐ സഭയ്‌ക്ക്‌ നോര്‍ത്ത്‌ അമേരിക്കയിലെ മിക്ക സംസ്ഥാനത്തും ആരാധനാ കൂട്ടങ്ങളുണ്ട്‌.

നോര്‍ത്ത്‌ അമേരിക്കയിലെ ദക്ഷിണേന്ത്യാ സഭകളിലെ ബഹുഭൂരിപക്ഷം അംഗങ്ങളും അവര്‍ക്ക്‌ നേതൃത്വം നല്‍കുന്ന വൈദീകരും കേരളത്തില്‍ നിന്നുള്ള പ്രത്യേകിച്ച്‌ മദ്ധ്യകേരള മഹായിടവകയില്‍ നിന്നുള്ള അംഗങ്ങളാണ്‌. ദക്ഷിണേന്ത്യാ സഭാ നേതൃത്വവും മദ്ധ്യകേരളത്തിലെ പുതിയ സഭാ നേതൃത്വവും നോര്‍ത്ത്‌ അമേരിക്കയിലെ ദക്ഷിണേന്ത്യാ സഭയുടെ ഭാവിക്ക്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുവാന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന സഭാ വിശ്വാസികള്‍. മദ്ധ്യേകേരള മഹായിടവകയിലെ പുതിയ അദ്ധ്യക്ഷനും നോര്‍ത്ത്‌ അമേരിക്കന്‍ ഇടവകയിലെ മുന്‍ വൈദീകനുമായിരുന്ന അഭിവന്ദ്യ റൈറ്റ്‌ റവ. തോമസ്‌ കെ. ഉമ്മന്‍ തിരുമനസ്സിന്റെ കാഴ്‌ചപ്പാടും സഹകരണവും, ഭരണപാടവവും നോര്‍ത്ത്‌ അമേരിക്കന്‍ സഭകളുടെ വളര്‍ച്ചയ്‌ക്ക്‌ തീര്‍ച്ചയായും സഹായകമാകും എന്നതില്‍ സംശയമില്ല.

ചരിത്രപ്രധാനമായ ഈവര്‍ഷത്തെ സി.എസ്‌.ഐ നോര്‍ത്ത്‌ അമേരിക്കന്‍ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ ഷിക്കാഗോയിലുള്ള അഞ്ച്‌ സി.എസ്‌.ഐ സഭകളുടെയും സഹോദരീസഭകളുടേയും സംയുക്ത നേതൃത്വത്തിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ജൂബിലി ആഘോഷിക്കുന്ന ഈവര്‍ഷത്തെ കൂടിവരവ്‌ നോര്‍ത്ത്‌ അമേരിക്കയിലെ സി.എസ്‌.ഐ സഭകളുടെ ഭാവി ഐക്യത്തിനും കെട്ടുറപ്പിനും സഹായിക്കും എന്നുള്ളതില്‍ സംശയമില്ല.

ചരിത്രമുഹൂര്‍ത്തം ആഘോഷിക്കുന്ന ഈവര്‍ഷത്തെ സി.എസ്‌.ഐ ജൂബിലി കോണ്‍ഫറന്‍സിലേക്ക്‌ എല്ലാവരേയും ദൈവനാമത്തില്‍ സ്‌നേഹപൂര്‍വ്വം ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. റോയി ഷിക്കാഗോ അറിയിച്ചതാണിത്‌.
നോര്‍ത്ത്‌ അമേരിക്കയില്‍ ദക്ഷിണേന്ത്യാ സഭയ്‌ക്ക്‌ (സി.എസ്‌.ഐ) ചരിത്രമുഹൂര്‍ത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക